തേങ്കുറിശ്ശി ദുരഭിമാനക്കൊല ; പ്രതികള്‍ക്ക് ജീവപര്യന്തം തടവും പിഴയും

പാലക്കാട് : തേങ്കുറിശ്ശി ദുരഭിമാനക്കൊലപാതകക്കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം തടവും അരലക്ഷം പിഴയും ശിക്ഷ വിധിച്ച് കോടതി. ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂര്‍ സുരേഷ്, തേങ്കുറുശ്ശി ഇലമന്ദലം കുമ്മാണി ചെറുതുപ്പല്ലൂര്‍ പ്രഭകുമാര്‍ എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ട് കോടതി ശിക്ഷ വിധിച്ചത്.
2020 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഇതരജാതിയില്‍ നിന്ന് പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ അനീഷിനെ ഭാര്യയുടെ അച്ഛനും അമ്മാവനും ചേര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നു.വിവാഹത്തിന്റെ 88-ാം നാളിലായിരുന്നു കൊലപാതകം. കൊല്ലപ്പെടുന്ന ദിവസം അനീഷിന് 27 വയസും ഹരിതയ്ക്ക് 19 വയസുമായിരുന്നു പ്രായം.
ദീര്‍ഘനാളത്തെ പ്രണയത്തിന് ശേഷമായിരുന്നു ഹരിതയുടെ വീട്ടുകാരുടെ സമ്മതമില്ലാതെ ഇരുവരുടേയും വിവാഹം. തുടര്‍ന്ന് പോലീസിന്റെ സാന്നിധ്യത്തില്‍ ഒത്തുതീര്‍പ്പിന് ശ്രമമുണ്ടായെങ്കിലും അത് ഫലം കണ്ടില്ല. പിന്നാലെ സ്റ്റേഷനില്‍ വെച്ച് ഹരിതയുടെ അച്ഛന്‍ പ്രഭുകുമാര്‍ അനീഷിനെ 90 ദിവസത്തിനുളളില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വിവാഹം കഴിഞ്ഞ് 88ാം നാള്‍ അനീഷിനെ ഇവര്‍ കൊലപ്പെടുത്തിയത്.പാലക്കാട് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ആര്‍.വിനായക റാവുവാണ് ശിക്ഷ വിധിച്ചത്. രണ്ടു പ്രതികളും കുറ്റക്കാരെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ഹരിതയുടെ മൊഴിയാണ് കേസില്‍ നിര്‍ണായകമായത്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..