സിപിഎം വിട്ട അബ്ദുള്‍ ഷുക്കൂറിനെ റാഞ്ചാന്‍ കോണ്‍ഗ്രസും ബിജെപിയും; പിടിച്ചു നിര്‍ത്താന്‍ സിപിഎം, ഷുക്കൂര്‍ ആര്‍ക്കൊപ്പം?
പാലക്കാട്: ഉപതെരഞ്ഞെടുപ്പ് ചൂടിനിടെ മുന്നണികള്‍ക്കുള്ളില്‍ പുകഞ്ഞുകൊണ്ടിരിക്കുന്ന അസ്വാരസ്യങ്ങളും ദിനംപ്രതി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. പാലക്കാട്ടെ കോണ്‍ഗ്രസ് നേതാവ് പി സരിന്‍ പാര്‍ട്ടി വിട്ടതും തുടര്‍ന്ന് സിപിഎം ചേരിയില്‍ ചേര്‍ന്നതും രാഷ്ട്രീയ കേരളം കണ്ടതാണ്. ഇപ്പോഴിതാ പാലക്കാട്ടെ സിപിഎമ്മിനുള്ളിലും പൊട്ടിത്തെറികള്‍ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. പാലക്കാട് സിപിഎം ഏരിയാ കമ്മിറ്റി അംഗം അബ്ദുള്‍ ഷുക്കൂര്‍ പാര്‍ട്ടി വിടുകയാണെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. പാര്‍ട്ടി വിടുകയാണെന്ന പ്രഖ്യാപനത്തിന് പിന്നാലെ ഷുക്കൂറിനെ സ്വാഗതം ചെയ്ത് ബിജെപിയും കോണ്‍ഗ്രസും രംഗത്തെത്തി.
Also Read; കോണ്‍ഗ്രസ് വോട്ടുകള്‍ ഭിന്നിച്ചു പോകും; ഷാനിബ് പിന്‍മാറണമെന്ന് പി സരിന്‍; പിന്‍മാറില്ലെന്ന് മറുപടി
ഷുക്കൂറിനെ ബിജെപിയിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് ബിജെപി ദേശീയ കൗണ്‍സില്‍ അംഗം എന്‍ ശിവരാജന്‍ ഷുക്കൂറിന്റെ വീട്ടിലെത്തി. ഷുക്കൂറിനെ ചുവന്ന പരവതാനി വിരിച്ച് കാവി ഷാള്‍ അണിയിച്ച് സ്വീകരിക്കുമെന്ന് എന്‍ ശിവരാജന്‍ പറഞ്ഞു. ഇതിനിടെ ഷുക്കൂറിനെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നാണ് പാലക്കാട്ടെ ഡിസിസി നേതൃത്വം വ്യക്തമാക്കിയത്.
ഷുക്കൂറിന് പ്രവര്‍ത്തിക്കാന്‍ പറ്റിയ പ്രസ്ഥാനമാണ് കോണ്‍ഗ്രസ് എന്നും സ്വാഗതം ചെയ്യുകയാണെന്നും പാലക്കാട് ഡിസിസി അധ്യക്ഷന്‍ എ തങ്കപ്പന്‍ പറഞ്ഞു. ഷുക്കൂര്‍ വരുന്നത് യുഡിഎഫിന് ഗുണം ചെയ്യും എന്ന് വി കെ ശ്രീകണ്ഠന്‍ എംപി പറഞ്ഞു. നഗരസഭ കൗണ്‍സിലര്‍ എന്ന നിലയ്ക്ക് മികച്ച പ്രവര്‍ത്തനം നടത്തിയ ആളാണ് ഷുക്കൂര്‍. നഗര മേഖലയില്‍ ഷുക്കൂറിന്റെ വരവ് പാര്‍ട്ടിക്ക് ഗുണം ചെയ്യും. എല്‍ഡിഎഫിന്റെ ഭാഗമായി മികച്ച പ്രവര്‍ത്തനം നടത്തി ഞങ്ങള്‍ക്ക് തലവേദന ഉണ്ടാക്കിയ ആളാണ് ഷുക്കൂര്‍. ഷുക്കൂറുമായി പാര്‍ട്ടി നേതാക്കള്‍ ആശയവിനിമയം നടത്തിയിട്ടുണ്ട്. ഷുക്കൂറുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് ഷാഫി പറമ്പില്‍ എംപിയും പറഞ്ഞു. ഷൂക്കൂര്‍ കോണ്‍ഗ്രസിലേക്ക് വന്നാല്‍ സ്വാഗതം ചെയ്യുമെന്നും ജനകീയനായ നല്ല നേതാവാണ് ഷുക്കൂറെന്നും വിഡി സതീശന്‍ പറഞ്ഞു.
എല്ലാം പരിഹരിക്കാന്‍ പാര്‍ട്ടിക്കറിയാമെന്നും കെ സുധാകരനും സതീശനും തമ്മിലെ തര്‍ക്കം പോലെയല്ലല്ലോ ഈ പ്രശ്നമെന്നുമായിരുന്നു ഷുക്കൂര്‍ വിഷയത്തില്‍ മന്ത്രി എംബിരാജേഷിന്റെ പ്രതികരണം. അതേസമയം, ഷൂക്കൂര്‍ പാര്‍ട്ടി വിടില്ലെന്നും പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നുമാണ് പാലക്കാട്ടെ സിപിഎം നേതൃത്വത്തിന്റെ പ്രതികരണം.ഉച്ചയ്ക്ക് ശേഷം എല്‍ഡിഎഫ് പ്രചാരണത്തില്‍ സജീവമാകുമെന്നും ബ്രാഞ്ച് സെക്രട്ടറി സാജിദ് പറഞ്ഞു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
അതേസമയം, ബിജെപിയിലേക്കോ കോണ്‍ഗ്രസിലേക്കോ പോകുന്ന കാര്യത്തില്‍ ഷുക്കൂര്‍ ഇതുവരെ മനസ് തുറന്നിട്ടില്ല. കോണ്‍ഗ്രസിലേക്ക് പോകണോ എന്ന് തീരുമാനിച്ചിട്ടില്ലെന്ന് ഷുക്കൂര്‍ പറഞ്ഞു. പാര്‍ട്ടി വിട്ടത് ജില്ലാ സെക്രട്ടറിയുടെ മോശം പെരുമാറ്റം കാരണമാണ്. പാര്‍ട്ടിക്ക് വേണ്ടി കഷ്ടപ്പെട്ട് പണി എടുത്തിട്ടും അവഗണന മാത്രമാണ് നേരിട്ടതെന്നും ഷുക്കൂര്‍ പറഞ്ഞു.സമാന അനുഭവസ്ഥര്‍ പാര്‍ട്ടിയില്‍ വേറെയുമുണ്ടെന്നും ഷുക്കൂര്‍ പറയുന്നു. ജില്ലാ സെക്രട്ടറി ഏകാധിപതിയെ പോലെ പെരുമാറുന്നു. തെരഞ്ഞെടുപ്പില്‍ ജയിക്കണമെന്നു ജില്ലാ സെക്രട്ടറിക്ക് ആഗ്രഹമില്ലെന്നും ഷുക്കൂര്‍ ആരോപിച്ചു. പാലക്കാട് ഓട്ടോ ടാക്‌സി യൂണിയന്‍ ജില്ലാ ട്രഷററും മുന്‍ നഗരസഭ കൗണ്‍സിലറുമാണ് ഷുക്കൂര്‍. ഷുക്കൂര്‍ നിലപാട് വ്യക്തമാക്കിയതിന് പിന്നാലെ പാലക്കാടെ പ്രധാന സിപിഎം നേതാവ് എന്‍എന്‍ കൃഷ്ണദാസ് ഷുക്കൂറിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളുമായി സംസാരിച്ചിരുന്നു. ഷുക്കൂറിനെ അനുനയിപ്പിച്ച് പാര്‍ട്ടിയില്‍ നിലനിര്‍ത്താനാണ് ശ്രമം. അതേസമയം, കഴിഞ്ഞ ഒരാഴ്ചയായി പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ ഷുക്കൂറിനെ കോണ്‍ഗ്രസിലെത്തിക്കാന്‍ ശ്രമം നടത്തിയിരുന്നതായാണ് വിവരം. കോണ്‍ഗ്രസിന്റെ കൗണ്‍സിലര്‍ വഴിയായിരുന്നു ശ്രമം നടന്നിരുന്നത്. കഴിഞ്ഞ ദിവസം പാലക്കാട് സിപിഎം ജില്ലാ സെക്രട്ടറി ഇ.എന്‍ സുരേഷ്ബാബുവും ഷുക്കൂറും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് നേതൃത്വത്തെ വിമര്‍ശിച്ച് കുറിപ്പിട്ട ശേഷം താന്‍ പാര്‍ട്ടി വിടുകയാണെന്ന് അബ്ദുള്‍ ഷുക്കൂര്‍ പറഞ്ഞത്.





Malayalam 
















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































