നയന്‍താരയെ വിമര്‍ശിച്ച് സോഷ്യല്‍മീഡിയ, ധനുഷിനെ പിന്തുണച്ച് ഹാഷ്ടാഗുകള്‍ ; താരങ്ങളുടെ പിന്തുണ നയന്‍സിന്, പ്രതികരിക്കാതെ ധനുഷ്
ചെന്നൈ : നടന് ധനുഷിനെതിരെ പരസ്യമായി വിമര്‍ശനമുന്നയിച്ച ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരക്കെതിരെ സൈബര്‍ ആക്രമണം രൂക്ഷം. ധനുഷ് നിര്‍മ്മാതാവായ ‘നാനും റൗഡി താന്‍’എന്ന സിനിമയിലെ ഭാഗങ്ങള്‍ നയന്‍താരയുടെ ജീവിതം പ്രമേയമായി ഒരുങ്ങുന്ന നയന്‍താര ബിയോണ്ട് ദി ഫെയറിടെയ്ല്‍ എന്ന ഡോക്യുമെന്ററിയില്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം കഴിഞ്ഞ ദിവസം മറനീക്കി പുറത്തു വന്നിരുന്നു. നയന്‍താര തന്നെയാണ് ഇതുസംബന്ധിച്ച പോസ്റ്റ് സമൂഹമാധ്യമത്തില്‍ പങ്കുവെച്ചത്. ഇതിന് പിന്നാലെ നയന്‍താരയെ വിമര്‍ശിച്ചും ധനുഷിനെ അനുകൂലിച്ചും നിരവധി പോസ്റ്റുകളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. ധനുഷിനെ ന്യായീകരിച്ച് സമൂഹമാധ്യമങ്ങളില്‍ ഹാഷ്ടാഗുകള്‍ പ്രത്യക്ഷപ്പെട്ടു.
Also Read ; പമ്പയില്‍ നിന്ന് നിലയ്ക്കലേക്ക് പോയ കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു
‘നാനും റൗഡി താന്‍ ‘ചിത്രം നിര്‍മാതാവ് ധനുഷിന് നഷ്ടമായിരുന്നുവെന്നാണ് വാദം. അതേസമയം സംഭവത്തില്‍ നയന്‍താരയെ പിന്തുണച്ച് ധനുഷിനൊപ്പം അഭിനയിച്ചിട്ടുള്ള പാര്‍വതി തിരുവോത്ത്,അനുപമ പരമേശ്വരന്, ഐശ്വര്യ ലക്ഷ്മി, നസ്രിയ, ശ്രുതി ഹാസന് അടക്കം താരങ്ങള്‍ രംഗത്തെത്തിയിരുന്നു.എന്നാല്‍ ശ്രുതി ഹാസന് അടക്കം നടിമാര്‍ പിന്തുണച്ചെങ്കിലും, മലയാളി നടിമാര്‍ മാത്രമാണ് നയന്‍താരയെ പിന്തുണക്കുന്നതെന്ന രീതിയിലാണ് പ്രചാരണം നടക്കുന്നത്. വിഷയത്തില്‍ ധനുഷ് ഇതുവരെയും പ്രതികരിച്ചിട്ടില്ല.
ധനുഷ് നിര്‍മിച്ച 2015ല്‍ പുറത്തിറങ്ങിയ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സംവിധായകന് വിഘ്നേഷ് ശിവനുമായി നയന്‍താര സൗഹൃദത്തിലാകുന്നത്. പിന്നീട് ഇരുവരും വിവാഹിതരായി. വ്യക്തിജീവിതത്തില്‍ വഴിതിരിവായ സിനിമയിലെ രംഗങ്ങള്‍ ഡോക്യൂമെന്ററിയില്‍ ഉപയോഗിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ട് വര്‍ഷം ധനുഷിന് പിന്നാലെ നടന്നെങ്കിലും പ്രതികരണം ഉണ്ടായില്ല. ഒടുവില്‍ സിനിമാ വിജയാഘോഷത്തിനിടെ വിഘ്നേഷ് സ്വന്തമായി ചിത്രീകരിച്ച 3 സെക്കന്‍ഡ് ദൃശ്യങ്ങള്‍ ഡോക്യുമെന്ററി ട്രെയിലറില്‍ ഉള്‍പെടുത്തി. ഇതിന്റെ പേരില്‍ 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ധനുഷ് വക്കീല്‍ നോട്ടീസ് അയച്ചു. ഇത് തന്റെ ഹൃദയം തകര്‍ത്തെന്നും ധനുഷിന്റെ സ്വഭാവം എന്തെന്ന് വ്യക്തമായെന്നും നടന് അയച്ച തുറന്ന കത്തില്‍ നയന്‍താര പറയുന്നു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..





Malayalam 

















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































