വീട്ടിലേക്ക് അപ്രതീക്ഷിതമായി പോലീസെത്തിയപ്പോള്‍ അല്ലു അര്‍ജുന്‍ അസ്വസ്ഥനായി, അനുമതിയില്ലാതെ വീട്ടിലേക്ക് കയറി വന്നതില്‍ നടന്‍ അതൃപ്തി അറിയിച്ചു, ഭാര്യയും പിതാവും പൊട്ടിത്തെറിച്ചു
അല്ലു അര്‍ജുന്റെ അറസ്റ്റ് ഇന്ത്യന്‍ സിനിമാ വ്യവസായത്തെത്തന്നെ അമ്പരപ്പിച്ചിരിക്കുന്നു. അറസ്റ്റിനെതിരെ വന്‍ പ്രതിഷേധവും ഉയരുന്നുണ്ട്. ബി ആര്‍ എസ് നേതാവ് കെ ടി രാമറാവു അടക്കമുള്ളവര്‍ സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. അപകടത്തിന്റെ യഥാര്‍ഥ ഉത്തരവാദികളാരാണ്? ഉത്തരവാദിയല്ലാത്ത ഒരു സംഭവത്തിന്റെ പേരില്‍ അല്ലു അര്‍ജുനോട് ഒരു കുറ്റവാളിയെപ്പോലെയാണ് പോലീസ് പെരുമാറിയതെന്ന് കെ ടി ആര്‍ പറഞ്ഞു. ജാമ്യമില്ലാത്ത വകുപ്പുകള്‍ ചുമത്തിയാണ് നടനെ അറസ്റ്റ് ചെയ്തിട്ടുള്ളത്. ഭാരതീയ ന്യായ സംഹിതയിലെ 105, 118 (1) വകുപ്പുകളാണ് ചുമത്തിയതെന്നാണ് വിവരം. 10 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണിത്.
Also Read ; അല്ലു അര്‍ജുന്‍ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി
ജൂബിലി ഹില്‍സിലെ വസതിയില്‍ അപ്രതീക്ഷിതമായി എത്തിയ പോലീസ് സംഘം അല്ലുവിനെ അറസ്റ്റ് ചെയ്യാനാണ് എത്തിയതെന്ന് പറഞ്ഞതോടെ അല്ലു അതൃപ്തി അറിയിച്ചു. ഭാര്യ സ്‌നേഹ റെഡ്ഡിയും പിതാവ് അല്ലു അരവിന്ദും പോലീസ് സംഘവുമായി തര്‍ക്കമുണ്ടായി. അതിനിടെ തെലങ്കാന പോലീസിന്റെ സ്‌പെഷല്‍ ടാസ്‌ക് ഫോഴ്‌സ് അല്ലുവിനെ അറസ്റ്റ് ചെയ്തു പുറത്തേക്ക് കൊണ്ടുപോകുകയായിരുന്നു. അല്ലുവിനെ അറസ്റ്റ് ചെയ്ത ചിക്കഡപള്ളി പോലീസ് സ്‌റ്റേഷനു മുന്നില്‍ താരത്തിന്റെ ആരാധകര്‍ പ്രതിഷേധവുമായി തടിച്ചുകൂടിയിട്ടുണ്ട്. താരത്തെ വൈദ്യപരിശോധനക്കെത്തിച്ച ഗാന്ധി ആശുപത്രിയുടെ പരിസരത്തും ആരാധകരുടെ വന്‍കൂട്ടമെത്തിയിരുന്നു.
പുഷ്പ 2വിന്റെ പ്രീമിയറിനിടെ ഉണ്ടായ തിക്കിലും തിരക്കിലും ഒരു യുവതി മരിച്ച സംഭവത്തില്‍ അല്ലുവിനെതിരെയും കേസെടുത്തെങ്കിലും അതു റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം തെലങ്കാന ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഹര്‍ജി കോടതി പരിഗണിക്കാനിരിക്കെയാണ് താരത്തിന്റെ അറസ്റ്റ്.
രേവതിയുടെ കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച അല്ലു അര്‍ജുന്‍, തേജിന്റെ ചികില്‍സാച്ചെലവുകള്‍ വഹിക്കുമെന്നും കുടുംബത്തിന് എല്ലാ സഹായവും നല്‍കുമെന്നും അറിയിച്ചിരുന്നു. വേണ്ടത്ര സുരക്ഷാ ക്രമീകരണങ്ങളില്ലാതെയാണ് വന്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് താരം വന്നതെന്നും അതാണ് അപകടകാരണമെന്നുമായിരുന്നു പോലീസ് റിപ്പോര്‍ട്ട്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..