‘മഹാരാഷ്ട്രയില്‍ പോള്‍ ചെയ്തതിനേക്കാള്‍ അഞ്ച് ലക്ഷത്തിലധികം വോട്ടുകള്‍ എണ്ണി’: വെളിപ്പെടുത്തലുമായി ദി വയര്‍

മുംബൈ: മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ പോള്‍ ചെയ്ത വോട്ടുകളും എണ്ണിയ വോട്ടുകളും തമ്മില്‍ പൊരുത്തക്കേടെന്ന് ഓണ്‍ലൈന്‍ മാധ്യമമായ ദി വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മഹാരാഷ്ട്രയില്‍ ആകെ പോള്‍ ചെയ്തതിനേക്കാള്‍ അഞ്ച് ലക്ഷത്തിലധികം വോട്ടുകള്‍ അധികമായെണ്ണി എന്നാണ് റിപ്പോര്‍ട്ട് ആരോപിക്കുന്നത്. 288 മണ്ഡലങ്ങളില്‍ ആകെ പോള്‍ ചെയ്തത് 6,40,88,195 വോട്ടുകളാണ്. എന്നാല്‍ ഫലപ്രഖ്യാപന ദിവസം ആകെ എണ്ണിയത് 6,45,92,508 വോട്ടുകളാണ്. സംസ്ഥാനത്ത് പോള്‍ ചെയ്തതിനേക്കാള്‍ 5,04,313 വോട്ടുകള്‍ അധികമായി എണ്ണിയെന്ന് റിപ്പോര്‍ട്ട് ആരോപിക്കുന്നു.
സംസ്ഥാനത്ത് എട്ട് മണ്ഡലങ്ങളില്‍ എണ്ണിയ വോട്ടുകള്‍ പോള്‍ ചെയ്ത വോട്ടുകളിലും കുറവാണെന്നും 280 മണ്ഡലങ്ങളില്‍ പോള്‍ ചെയ്ത വോട്ടുകളേക്കാള്‍ കൂടുതലാണ് എണ്ണിയ വോട്ടുകളെന്നുമാണ് റിപ്പോര്‍ട്ട് പറയുന്നത്. ആഷ്ടി മണ്ഡലത്തില്‍ പോള്‍ ചെയ്തതിനേക്കാള്‍ 4538 വോട്ട് അധികമായി എണ്ണി.
സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി കുതിച്ചെത്തിയത് ചരിത്രത്തിലെ എറ്റവും വലിയ സീറ്റ് നിലയിലേക്കായിരുന്നു. മത്സരിച്ച 152ല്‍ 80 ശതമാനം സീറ്റിലും ജയിച്ച് 132 സീറ്റ് നേടി. സംസ്ഥാനത്ത് 288 സീറ്റില്‍ 238 സീറ്റിലും മഹായുതി മുന്നണിയാണ് ജയിച്ചത്.അതുകൊണ്ട് തന്നെ വന്‍ തിരിച്ചടി നേരിട്ട പ്രതിപക്ഷം അതിനാല്‍ തന്നെ വോട്ട് കണക്കിലെ ഇപ്പോള്‍ പുറത്ത് വന്ന വിവരങ്ങളോട് എങ്ങിനെ പ്രതികരിക്കുമെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..