December 22, 2024
#kerala #Top Four

കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ വന്‍ സാമ്പത്തിക ക്രമക്കേടെന്ന് ധനകാര്യ റിപ്പോര്‍ട്ട്

തൃശൂര്‍: ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ വന്‍ സാമ്പത്തിക ക്രമക്കേടെന്ന് ധനകാര്യ റിപ്പോര്‍ട്ട്. ഏറ്റവും കൂടുതല്‍ ഭക്തജനങ്ങള്‍ അര്‍പ്പിക്കുന്ന വഴിപാടായ താമരമാലക്ക് ടിക്കറ്റ് സമ്പ്രദായം ഏര്‍പ്പെടുത്തിയ ശേഷമാണ് ക്രമക്കേടുകളുടെ തോത് ക്രമാതീതമായി വര്‍ധിച്ചതെന്നും റിപ്പോര്‍ട്ടിലുണ്ട്.

പാട്ടം, മിച്ചവാരം വരവ് നിലച്ചതിന് ശേഷം ദൈനംദിന ചെലവുകള്‍ക്ക് പോലും ബുദ്ധിമുട്ടുന്ന ദേവസ്വത്തില്‍ ഭക്തര്‍ വിശ്വാസപൂര്‍വം സമര്‍പ്പിക്കുന്ന വഴിപാട് തുകയുടെ സിംഹഭാഗവും ദേവസ്വം അറിയാതെ കണക്കില്‍പ്പെടാതെ ചുമതലയിലുണ്ടായിരുന്ന ജീവനക്കാര്‍ തട്ടിയെടുക്കുകയായിരുന്നു. താമരമാല വഴിപാടിന് 175 രൂപയാണ്. 1997നുശേഷം താമരമാലയുടെ ബുക്ക് നമ്പരും രസീത് നമ്പരും രജിസ്റ്ററില്‍ എഴുതിയിട്ടില്ല. രസീത് എഴുതാന്‍ ഏര്‍പ്പെടുത്തിയ വ്യക്തികള്‍ തന്നെയാണ് ക്രമക്കേട് നടത്തിയതെന്നാണ് പരിശോധനയില്‍ കണ്ടെത്തിയത്.

Also Read; വയനാട് ഉരുള്‍പൊട്ടല്‍ ; പുനരധിവാസ പദ്ധതിയുടെ മേല്‍നോട്ടത്തിന് പ്രത്യേക സമിതി, തീരുമാനം മന്ത്രിസഭാ യോഗത്തിന്റേത്

ദേവസ്വം വകുപ്പിന്റെ ആവശ്യപ്രകാരം ധനകാര്യ വിഭാഗം നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. ഈ കാലയളവില്‍ അഡ്മിനിസ്‌ട്രേറ്ററുടെ ചുമതല നിര്‍വഹിച്ചിരുന്ന ഉദ്യോഗസ്ഥരില്‍നിന്നും നഷ്ടത്തിന് അനുസൃതമായി 18 ശതമാനം പിഴ പലിശയടക്കം ഈടാക്കണമെന്നാണ് റിപ്പോര്‍ട്ടിലെ ശിപാര്‍ശ. ക്ഷേത്രത്തിലെ കൗണ്ടര്‍ മുഖേനയും അക്കൗണ്ട് മുഖേനയും ലഭിക്കുന്ന വരുമാനവും മറ്റ് വരുമാനങ്ങളും ഓരോ ദിവസവും അക്കൗണ്ടന്റ്, മാനേജര്‍ എന്നിവര്‍ പരിശോധിച്ച് വിലയിരുത്തണമെന്നും അഡ്മിനിസ്‌ട്രേറ്ററുടെ അംഗീകാരം ഉറപ്പ് വരുത്തണമെന്നും റിപ്പോര്‍ട്ടില്‍ ശിപാര്‍ശ നല്‍കി. ക്ഷേത്രത്തില്‍ മരാമത്ത് പ്രവര്‍ത്തികള്‍ക്ക് സുതാര്യമായ നടപടിക്രമം ഉറപ്പു വരുത്തണം. ക്ഷേത്രത്തിലെ വരവും ചെലവും എല്ലാ മാസവും അഡ്മിനിസ്‌ട്രേറ്റര്‍ പരിശോധിച്ച് ഉറപ്പു വരുത്തണം. ക്രമക്കേടുകള്‍ വഴിയുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് അഡ്മിനിസ്‌ട്രേറ്ററെ ഉത്തരവാദിത്തപ്പെടുത്തണമെന്നും ശിപാര്‍ശയുണ്ട്.

Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *