എംടിയുടെ ആരോഗ്യസ്ഥിതിയില്‍ നേരിയ പുരോഗതി; മരുന്നുകളോട് പ്രതികരിക്കുന്നു

കോഴിക്കോട്: സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന സാഹിത്യകാരന്‍ എംടി വാസുദേവന്‍ നായരുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയെന്ന് ഡോക്ടര്‍മാര്‍. എം ടി മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും കൈകാലുകള്‍ ചലിപ്പിച്ചുവെന്നുമാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. മറ്റുകാര്യങ്ങള്‍ ഇന്നലത്തേത് പോലെ മാറ്റമില്ലാതെ തുടരുകയാണ്. വിദഗ്ധ ഡോക്ടര്‍മാരുടെ സംഘമാണ് എം ടിയുടെ ആരോഗ്യസ്ഥിതി നിരീക്ഷിക്കുന്നത്.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
ശ്വാസ തടസ്സത്തെ തുടര്‍ന്നായിരുന്നു എംടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതിനുപിന്നാലെ എംടിക്ക് ഹൃദയസ്തംഭനമുണ്ടായെന്നും ആരോഗ്യനില ഗുരുതരമാണെന്നുമായിരുന്നു ആശുപത്രി പുറത്തുവിട്ട മെഡിക്കല്‍ ബുള്ളറ്റിനില്‍ പറഞ്ഞിരുന്നത്. ഓക്‌സിജന്‍ മാസ്‌കിന്റെയും മറ്റും സഹായത്തോടെ എം ടി ഐ സി യുവില്‍ തുടരുകയാണ്.
അതേ സമയം മുഖ്യമന്ത്രി പിണറായി വിജയന്‍, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി എന്നിവര്‍ എംടി വാസുദേവന്‍ നായരുടെ കുടുംബത്തെ ഫോണില്‍ വിളിച്ച് ആരോഗ്യസ്ഥിതിയെ കുറിച്ച് ആരാഞ്ഞിരുന്നു. മന്ത്രിമാരായ എ കെ ശശീന്ദ്രന്‍, പി എ മുഹമ്മദ് റിയാസ്, ജെ ചിഞ്ചുറാണി, രാഷ്ട്രീയ നേതാക്കന്‍മാര്‍, സിനിമ രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ ഇന്നലെ ആശുപത്രിയില്‍ എത്തി അദ്ദേഹത്തെ കണ്ടിരുന്നു.