December 22, 2024
#Premium #Tech news

മൈക്രോസോഫ്റ്റ് പ്രതിസന്ധി, മൂന്നാം ലോക മഹായുദ്ധ സൂചനയോ? കേരളം അതിജീവിച്ചതിങ്ങനെ…

മൈക്രോസോഫ്റ്റിന് സുരക്ഷ ഒരുക്കുന്ന ക്രൗഡ്സ്ട്രൈക്ക് സോഫ്റ്റ് വെയറിന്റെ തകരാര്‍ മൂലം സംഭവിച്ച പ്രതിസന്ധി ലോകത്തെ സ്തംഭിപ്പിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച ഇന്ത്യന്‍ സമയം പുലര്‍ച്ചെ മൂന്നരയോടെയാണ് ക്രൗഡ്‌സ്‌ട്രൈക്കുമായി ബന്ധപ്പെട്ട ഫാല്‍ക്കണ്‍ സെന്‍സറുകളുള്ള വിന്‍ഡോസ് കംപ്യൂട്ടറുകള്‍ നിശ്ചലമായത്. ഇതില്‍ സംഭവിച്ച പുതിയ അപ്ഡേറ്റ് കാരണമാണ് വിന്‍ഡോസ് പ്രവര്‍ത്തനം നിലച്ചതെന്നാണ് ക്രൗഡ്സ്ട്രൈക്ക് സിഇഒ ജോര്‍ജ് കുര്‍ട്സ് അറിയിച്ചിരുന്നു.

Also Read; കേരളത്തില്‍ വീണ്ടും നിപ സ്ഥിരീകരിച്ചു

എന്നാല്‍, മൈക്രോസോഫ്റ്റ് പ്രതിസന്ധിയെ തുടര്‍ന്ന് നിരവധി ഗൂഢാലോചന സിദ്ധാന്തങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ പരക്കുന്നത്. മൂന്നാം ലോകമഹായുദ്ധത്തിന്റെ മുന്നോടിയായാണ് സൈബര്‍ പ്രതിസന്ധിയെന്ന വ്യാഖ്യാനം പലഭാഗത്ത് നിന്നും വരുന്നുണ്ട്. സംഭവിച്ചത് സൈബര്‍ ആക്രമണമാണെന്നുള്ള വിവരങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സൈബര്‍ പോളിഗണ്‍ എന്ന ഹാഷ്ടാഗിലാണ് ഇത്തരം പ്രചാരണങ്ങള്‍ വ്യാപകമാകുന്നത്. എന്നാല്‍, ക്രൗഡ്സ്ട്രൈക്ക് കമ്പനി ഇത്തരം വാര്‍ത്തകളെല്ലാം നിഷേധിച്ചിട്ടുണ്ട്. സൈബര്‍ ആക്രമണങ്ങളൊന്നും നടന്നില്ലെന്നാണ് കമ്പനിയുടെ വാദം. അപ്‌ഡേറ്റായി നല്‍കുന്ന കമ്പ്യൂട്ടര്‍ കോഡിലെ തകരാറുകള്‍ മൂലം കമ്പ്യൂട്ടര്‍ ക്രാഷ് ആകുമെന്നതു ശരിയാണ്. പക്ഷേ ക്രൗഡ്‌സ്‌ട്രൈക് പോലെയുള്ള വമ്പന്‍ കമ്പനികള്‍ പരിശോധനയില്ലാതെ പിശകുനിറഞ്ഞ ഒരു അപ്‌ഡേറ്റ് നല്‍കുമെന്ന് കരുതാന്‍ വയ്യ.

സൈബര്‍ ആക്രമണമല്ല ഉണ്ടായതെന്നു ക്രൗഡ്‌സ്‌ട്രൈക് പറയുന്നുണ്ടെങ്കിലും ഇത്തരമൊരു അപ്‌ഡേറ്റ് എങ്ങനെ വന്നുവെന്ന ചോദ്യത്തിന് കൃത്യമായ മറുപടി നല്‍കേണ്ടതുണ്ട്. പ്രത്യേകിച്ചു അപ്‌ഡേറ്റുകളെ ഹാക്കര്‍മാര്‍ ആയുധമാക്കി മാറ്റിയ സംഭവങ്ങള്‍ മുന്‍പുണ്ടായ സാഹചര്യത്തില്‍. ക്രൗഡ്‌സ്‌ട്രൈക്കിന്റെ പുതിയ അപ്‌ഡേറ്റ് വിന്‍ഡോസിലെ ഏതൊക്കെയോ സുപ്രധാന ഫയലുകള്‍ വൈറസ് എന്ന മട്ടില്‍ ബ്ലോക്ക് ചെയ്തിട്ടുണ്ടാകും. ഈ ഫയലുകളില്ലാതെ കംപ്യൂട്ടറുകള്‍ പ്രവര്‍ത്തിക്കാനാകില്ല. ഇതാകാം ക്രാഷ് ആയതിന് കാരണം.

സോഫ്റ്റ്‌വെയര്‍ വഴി കമ്പ്യൂട്ടറുകള്‍ നിശ്ചമാകുന്നത് ഇതാദ്യമല്ല. ചൈനയില്‍ 2007 മേയ് 18ന് നോര്‍ട്ടണ്‍ ആന്റിവൈറസിന്റെ പുതിയ അപ്‌ഡേറ്റാണ് പ്രശ്‌നമായത്. അപ്‌ഡേറ്റിന് ശേഷം മൈക്രോസോഫ്റ്റ് എക്‌സ്പി ഓപ്പറേറ്റിംങ് സിസ്റ്റത്തിന്റെ രണ്ട് ഫയലുകള്‍ വൈറസ് ആണെന്ന് നോര്‍ട്ടണ്‍ തെറ്റിദ്ധരിച്ച് ബ്ലോക്ക് ചെയ്തു. ഇതോടെ ബൂട്ട് ചെയ്യാനാകാതെ ആയിരത്തോളം കമ്പ്യൂട്ടറുകള്‍ കൂട്ടമായി ക്രാഷ് ആയി. നാലരമണിക്കൂര്‍ കൊണ്ടാണ് പ്രശ്‌നം പരിഹരിച്ചത്.

Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

2023 ല്‍ സോളര്‍വിന്‍ഡ്‌സ് എന്ന സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചവര്‍ സമാന അവസ്ഥ നേരിട്ടു. റഷ്യന്‍ ഹാക്കര്‍മാര്‍ ആദ്യം സോളര്‍വിന്‍ഡ്‌സിന്റെ നിയന്ത്രണം ഏറ്റെടുത്തു. തുടര്‍ന്ന് ഈ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചിരുന്ന ഏകദേശം 18,000 ഉപയോക്താക്കള്‍ക്ക് വൈറസ് അടങ്ങിയ സോഫ്റ്റ്‌വെയര്‍ അപ്‌ഡേഷന്‍ നല്‍കി. ഈ അപ്‌ഡേറ്റ് ഇന്‍സ്റ്റാള്‍ ചെയ്തവരും ആക്രമണത്തിന് വിധേയരായി. യു.എസ് സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ വരെ ഇതിന് ഇരയായി. തേര്‍ഡ് പാര്‍ട്ടിസോഫ്റ്റ്‌വെയറുകള്‍ വഴി ആക്രമണത്തിന് ഇരയാകുന്ന ഇത്തരം സംഭവങ്ങളെ ‘ സപ്ലൈ ചെയിന്‍ അറ്റാക്ക്’ എന്നാണു വിളിക്കുന്നത്.

അതേസമയം, മൈക്രോസോഫ്റ്റ് വിന്‍ഡോസ് ഓപറേറ്റിംഗ് സിസ്റ്റം കമ്പ്യൂട്ടറുകള്‍ക്ക് പ്രശ്നങ്ങളുണ്ടാകുന്നതും ആഗോള തലത്തില്‍ തന്നെ ഐ ടി മേഖലയുമായി ബന്ധപ്പെട്ട വ്യവഹാരങ്ങളെ തടസപ്പെടുത്തുന്നതും പുതുമയുള്ള കാര്യമല്ല. വിന്‍ഡോസ് ഓപറേറ്റിംഗ് സിസ്റ്റം ഉപയോഗിക്കുമ്പോള്‍ പെട്ടെന്ന് നീലനിറത്തിലുള്ള ഒരു സ്‌ക്രീനിലെത്തി അനങ്ങാന്‍ കഴിയാത്ത സാഹചര്യമായ ബ്ലൂ സ്‌ക്രീന്‍ ഓഫ് ഡെത്ത്, സാധാരണ ഹാര്‍ഡ്‌വെയര്‍ പ്രശ്നങ്ങള്‍ കൊണ്ടോ അല്ലെങ്കില്‍ അതില്‍ ഇന്‍സ്റ്റാള്‍ ചെയ്ത സോഫ്റ്റ് വെയറുകളുടെ കുഴപ്പം കൊണ്ടോവരാമെന്നാണ് ഈ മേഖലയിലെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. കാര്യമായ സോഫ്റ്റ്‌വെയര്‍-ഹാര്‍ഡ്‌വെയര്‍ പ്രശ്നങ്ങളില്ലെങ്കില്‍ ഈ അവസ്ഥ സാധാരണ ഒരു റീസ്റ്റാര്‍ട്ടിലൂടെ പരിഹരിക്കപ്പെട്ടേക്കാം. എന്നാല്‍, ഇത്തവണ ക്രൗഡ്‌സ്ട്രൈക്ക് എന്ന കമ്പനിയുടെ ഒരു സുരക്ഷ ആപ്ലിക്കേഷനിലെ അപ്‌ഡേഷനില്‍ വന്ന പിഴവാണ് പ്രതിസന്ധി സൃഷ്ടിച്ചത്.

വ്യോമയാന മേഖല ഉള്‍പ്പടെയുള്ള കോര്‍പറേറ്റ് ശൃംഖലകളില്‍ എന്‍ഡ് പോയിന്റ് പ്രൊട്ടക്ഷന്‍ സര്‍വീസ് നല്‍കുന്നതില്‍ കമ്പോളത്തിലെ 20 ശതമാനത്തിലധികം ഷെയറും ഈ ക്രൗഡ് സ്ട്രൈക്കിന്റെ കൈയ്യിലാണ്. ആന്റി വൈറസ് ആപ്ലിക്കേഷനുകള്‍ പലപ്പോഴും പ്രത്യേക കമ്പ്യൂട്ടറുകളുടെ സുരക്ഷിതത്വത്തിന് മുന്‍ഗണന നല്‍കുമ്പോള്‍ എന്‍ഡ് പോയിന്റ് പ്രൊട്ടക്ഷന്‍ ആപ്ലിക്കേഷനുകള്‍ ഒരു ശൃംഖലയുടെ മുഴുവന്‍ സുരക്ഷ ഉറപ്പാക്കാനാണ് ഉപയോഗിക്കുന്നത്. ഇങ്ങനെ ക്രൗഡ് സ്ട്രൈക്കിന്റെ ഫാല്‍ക്കണ്‍ സെന്‍സര്‍ എന്ന എന്‍ഡ് പോയിന്റ് പ്രൊട്ടക്ഷന്‍ സൊലൂഷന്റെ സാധാരണ അപ്ഡേറ്റുകളില്‍ ഏതോ ഒന്ന് പിഴച്ചതാണ് ഇപ്പോഴുണ്ടായ പ്രതിസന്ധിക്ക് പിറകില്‍.

അതുകൊണ്ട് തന്നെ സാധാരണ ഉപയോക്താക്കളെ ഇത് ബാധിക്കാന്‍ സാധ്യതയില്ല. അതേസമയം, ഓഹരി വിപണിയേയും വ്യോമയാന മേഖലയേയും ബാങ്കിംഗ് സേവനങ്ങളെയും റീട്ടെയില്‍ ശൃംഖലകളെയും പ്രതിസന്ധിയിലാക്കി. ഇന്ത്യ, യു.എസ്, ബ്രിട്ടണ്‍, ജപ്പാന്‍, ജര്‍മനി, ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ് രാജ്യങ്ങളുടെയെല്ലാം പ്രവര്‍ത്തന വേഗതയെ ഇത് സാരമായി തന്നെ ബാധിച്ചു. എന്നാല്‍, സ്വതന്ത്ര്യ സോഫ്റ്റ് വെയറുകള്‍ ഉപയോഗിക്കുന്ന രാജ്യങ്ങളെയും മറ്റ് ഭരണ സംവിധാനങ്ങളെയും ഈ പ്രതിസന്ധി ബാധിച്ചില്ല. കേരളത്തില്‍ സംസ്ഥാന സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളെ മൈക്രോസോഫ്റ്റ് പ്രതിസന്ധി ബാധിക്കാതിരുന്നത് ഇതുകൊണ്ടാണ്. സ്വതന്ത്ര സോഫ്റ്റ്‌വെയറായ ഉബുണ്ടു അടിസ്ഥാനമാക്കിയുള്ള ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് സര്‍ക്കാര്‍ ഓഫീസ് ശൃംഖലയിലെ കമ്പ്യൂട്ടറുകള്‍ പ്രവര്‍ത്തിക്കുന്നത്.

വാരാന്ത്യത്തിലാണ് ഇപ്പോഴത്തെ പ്രശ്‌നമുണ്ടായതെന്നതാണ് അല്‍പമെങ്കിലും ആശ്വാസകരം. സ്ഥാപനങ്ങളും മറ്റും രണ്ട് ദിവസത്തെ അവധിയിലേക്കു പോകുന്നതിനാല്‍ സിസ്റ്റം പൂര്‍വ സ്ഥിതിയിലാക്കാന്‍ സമയം ലഭിക്കും. വലിയ സ്ഥാപനങ്ങള്‍ ഏതെങ്കിലും ഒരു കമ്പനിയുടെ നിശ്ചിത സോഫ്റ്റ്‌വെയറിനെ മാത്രം ആശ്രയിക്കുന്നത് ഒഴിവാക്കിയാല്‍ സേവനങ്ങള്‍ അപ്പാടെ നിശ്ചലമാകുന്നത് ഒഴിവാക്കാമെന്ന സൈബര്‍ സുരക്ഷാ പാഠം കൂടിയാണ് ഈ സംഭവം ഓര്‍മപ്പെടുത്തുന്നത്

Leave a comment

Your email address will not be published. Required fields are marked *