പന്നിയിറച്ചി കഴിക്കുന്നതിന് മുമ്പ് ഇസ്ലാം പ്രാര്‍ത്ഥന ചൊല്ലി ടിക്ടോക്കില്‍ പ്രചരിപ്പിച്ച യുവതിക്ക് രണ്ട് വര്‍ഷം തടവ്
ജക്കാര്‍ത്ത: ഇന്തോനീഷ്യയില്‍ പന്നിയിറച്ചി കഴിക്കുന്നതിനു മുന്‍പ് ഇസ്‌ലാമിക പ്രാര്‍ഥന ചൊല്ലുകയും അത് ടിക്ടോക്കില്‍ പ്രചരിപ്പിക്കുകയും ചെയ്ത യുവതിക്ക് രണ്ടു വര്‍ഷം തടവ് ശിക്ഷ വിധിച്ചു. ഇന്തോനീഷ്യയിലെ മതനിന്ദ നിയമപ്രകാരം സമൂഹമാധ്യമത്തില്‍ ലിന മുഖര്‍ജി എന്നറിയപ്പെടുന്ന ലിന ലുത്ഫിയാവതിയ്‌ക്കെതിരെയാണ് കേസ്. ബാലി സന്ദര്‍ശനത്തിനിടെയാണ് യുവതി ഇസ്‌ലാമിക പ്രാര്‍ഥന ചൊല്ലിയതിനു ശേഷം പന്നിയിറച്ചി കഴിക്കുകയും അതിന്റെ വീഡിയോ ടിക്ടോക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തത്.
മുപ്പത്തിമൂന്നുകാരിയായ ലിനയ്ക്കു സുമാത്ര ദ്വീപിലെ പാലേംബംഗ് ജില്ലാ കോടതിയാണ് ശിക്ഷ വിധിച്ചത്. ഒരു പ്രത്യേക മതവിഭാഗത്തിനും പ്രത്യേക മതവിശ്വാസം പിന്തുടരുന്ന ആളുകള്‍ക്കുമെതിരെ വിദ്വേഷം പ്രചരിപ്പിക്കുന്ന രീതിയില്‍ പ്രസ്താവന നടത്തിയെന്നാണ് കോടതി നിരീക്ഷിച്ചത്. രണ്ടു വര്‍ഷത്തെ തടവിനു പുറമേ 13,46,929 രൂപ പിഴയും വിധിച്ചിട്ടുണ്ട്. പിഴ അടച്ചില്ലെങ്കില്‍ മൂന്നു മാസം കൂടി തടവ് അനുഭവിക്കണം.