യുദ്ധവും സംഘർഷങ്ങളും മനുഷ്യത്വത്തിന് എതിരെന്ന് പ്രധാനമന്ത്രി
ദില്ലി: ലോകത്തെവിടെ ആയാലും ഏത് രൂപത്തിലായാലും ഭീകരവാദം മനുഷ്യത്വത്തിന് എതിരാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുദ്ധവും സംഘർഷങ്ങളും മാനവരാശിയുടെ താൽപര്യങ്ങൾക്കും പുരോഗതിക്കും എതിരാണ്. സമാധാനത്തിനും സാഹോദര്യത്തിനുമുള്ള സമയമാണിതെന്നും മോദി പറഞ്ഞു. ഭീകരവാദ ആക്രമണങ്ങൾ നേരിട്ടാണ് ഇന്ത്യയും മുന്നോട്ടു പോകുന്നതെന്നും പ്രധാനമന്ത്രി കൂട്ടിചേർത്തു. നേരത്തെ ഇസ്രായേലിൽ ഹമാസ് നടത്തിയ ആക്രമണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രായേലിന് ഒപ്പമാണ് രാജ്യം എന്ന നിലപാടെടുത്തിരുന്നു.
Also Read; ഹരിദാസനെ പ്രതിയാക്കേണ്ടതില്ല; പൊലീസിന് ലഭിച്ച നിയമോപദേശം ഇങ്ങനെ
ജി 20 രാജ്യങ്ങളുടെ പാർലമെന്ററി സ്പീക്കർമാരുടെ ഉച്ചകോടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. എന്തു കാരണം കൊണ്ടായാലും ഭീകരവാദം മാനവികതയ്ക്കെതിരാണ്. ഇതിനെതിരെ ഒരുമിച്ച് മുന്നോട്ട് പോകാനുള്ള സമയമാണിതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഗാസയിൽ ഇസ്രയേലും ഹമാസും തമ്മിലുള്ള യുദ്ധം രൂക്ഷമാകുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന.
അതേസമയം, പലസ്തീനെക്കുറിച്ചുള്ള ഇന്ത്യൻ നിലപാടിൽ മാറ്റമില്ലെന്നും പരമാധികാര പലസ്തീൻ രാജ്യം രൂപീകരിക്കണം എന്നതാണ് ഇന്ത്യയുടെ നിലപാടെന്നും എന്നാൽ ഹമാസ് നടത്തിയത് ഭീകരാക്രമണം തന്നെയാണെന്നും വിദേശകാര്യ മന്ത്രാലയം വാർത്തസമ്മേള്ളനത്തിൽ വ്യക്തമാക്കി.
Join with metro post: മെട്രോ പോസ്റ്റ് വാട്‌സാപ്പ് ചാനലില്‍ ജോയിന്‍ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക