ഗുരുവായൂരില്‍ ഇന്ന് 354 വിവാഹങ്ങള്‍ ; 2007 ലെ റെക്കോര്‍ഡ് തകര്‍ന്നു
തൃശൂര്‍ : ഇന്ന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കല്യാണ മേളം. 354 വിവാഹങ്ങള്‍ക്കാണ് ഇന്ന് ക്ഷേത്രത്തില്‍ വേദിയൊരുങ്ങുന്നത്. 363 വരെ വിവാഹ ബുക്കിങ്ങ് എത്തിയെങ്കിലും 9 വിവാഹങ്ങള്‍ റദ്ദാക്കിയിരുന്നു. വിവാഹത്തിന് എത്താന്‍ സാധിക്കില്ലെന്ന് ദേവസ്വത്തെ അറിയിച്ചതിനാലാണ് വിവാഹങ്ങളുടെ എണ്ണം 354 ആയി കുറഞ്ഞത്. എന്നാല്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇത്രയധികം വിവാഹങ്ങള്‍ ഒരു ദിവസം നടക്കുന്നത് ഇതാദ്യമായാണ്. ഇതിനു മുമ്പ് 2007 ലാണ് ഇത്തരത്തില്‍ വിവാഹങ്ങളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനയുണ്ടായത്. അതും 277 വിവാഹങ്ങളായിരുന്നു അന്ന് നടന്നത്.ഈ റെക്കോര്‍ഡും ഇന്ന് മറിക്കടന്നു.
അതുകൊണ്ട് തന്നെ നിലവിലുള്ള 4 കല്യാണ മണ്ഡപങ്ങള്‍ക്കു പുറമേ ക്ഷേത്രത്തിനു മുന്നില്‍ തെക്കും വടക്കുമായി 2 താല്‍ക്കാലിക മണ്ഡപങ്ങള്‍ കൂടി സ്ഥാപിച്ചു. വധൂവരന്മാര്‍ക്കും വിവാഹ സംഘത്തിനും ടോക്കണ്‍ എടുത്തതിനു ശേഷം വിശ്രമിക്കുന്നതിനു മേല്‍പുത്തൂര്‍ ഓഡിറ്റോറിയത്തിനു സമീപം നിര്‍മിച്ച പന്തലില്‍ ഇരിപ്പിടങ്ങള്‍ സജ്ജമാക്കി. ഇവിടെ നിന്ന് ക്രമം അനുസരിച്ച് സുരക്ഷ ഉദ്യോഗസ്ഥര്‍ കല്യാണ മണ്ഡപത്തില്‍ എത്തിക്കും. പുലര്‍ച്ചെ 4ന് വിവാഹങ്ങള്‍ ആരംഭിച്ചു.ഒരു വിവാഹ സംഘത്തില്‍ ഫോട്ടോഗ്രഫര്‍ അടക്കം 24 പേര്‍ക്കാണ് പ്രവേശനം അനുവദിക്കുക.6 മണ്ഡപത്തിലും ചടങ്ങു നടത്താന്‍ ആചാര്യന്മാരും 2 നാദസ്വര സംഘവും ഉണ്ടാകും. കല്യാണത്തിന് എത്തുന്ന വാഹനങ്ങള്‍ റോഡ് വക്കില്‍ പാര്‍ക്ക് ചെയ്യരുതെന്നും നിര്‍ദേശമുണ്ട്. കൂടാതെ അമ്പലത്തിന്റെ ഇന്നര്‍, ഔട്ടര്‍ റിങ് റോഡുകളില്‍ വണ്‍വേ ആയിരിക്കുമെന്നും അധികൃതര്‍
അറിയിച്ചിട്ടുണ്ട്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..