പൂരം കലക്കിയയാള്‍ നല്‍കിയ റിപ്പോര്‍ട്ട് അംഗീകരിക്കില്ലെന്ന് കെ മുരളീധരന്‍

തൃശൂര്‍: തൃശൂര്‍ പൂരം കലക്കിയ സംഭവത്തില്‍ സര്‍ക്കാരിന് എ.ഡി.ജി.പി എം.ആര്‍ അജിത് കുമാര്‍ നല്‍കിയ റിപ്പോര്‍ട്ട് അംഗീകരിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. ബി.ജെ.പിയെ വിജയിപ്പിക്കാനായി പൂരം കലക്കലില്‍ മുന്‍കൈയെടുത്തയാളാണ് എം.ആര്‍ അജിത് കുമാര്‍. അങ്ങനെയൊരാളെ തന്നെയാണ് റിപ്പോര്‍ട്ട് നല്‍കാന്‍ നിയോഗിച്ചത്. ആ റിപ്പോര്‍ട്ട് അംഗീകരിക്കാനാകില്ല. നരേന്ദ്ര മോദിയുടെയും പിണറായി വിജയന്റെയും ഇടയിലെ പാലമാണ് അജിത് കുമാറെന്നും മുരളീധരന്‍ വിമര്‍ശിച്ചു.
Also Read; ‘സംഘപരിവാറിന് സിപിഎം മണ്ണൊരുക്കുന്നു’ ; വിമര്‍ശനവുമായി സമസ്ത മുഖപത്രം സുപ്രഭാതം
അജിത് കുമാറിനെ സംരക്ഷിക്കാന്‍ മുഖ്യമന്ത്രിക്ക് വ്യഗ്രതയാണ്. സംരക്ഷിച്ചില്ലെങ്കില്‍ പല സത്യങ്ങളും അജിത് കുമാര്‍ വിളിച്ചുപറയും. അടുത്ത തവണ യു.ഡി.എഫ് വന്നാല്‍ ഡല്‍ഹിയില്‍ പോകാമല്ലോയെന്നാണ് അജിത് കുമാറിന്റെ കണക്കുകൂട്ടല്‍. ബി.ജെ.പിയും സി.പി.എമ്മും ഒരേ തൂവല്‍പക്ഷികളായി മാറുകയാണ്. അടുത്ത തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭ തെരഞ്ഞെടുപ്പിലും ഇവര്‍ തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിനെയാണ് ഞങ്ങള്‍ക്ക് നേരിടേണ്ടിവരിക. അതിനെ പരസ്യമായി എതിര്‍ത്തുകൊണ്ടാണ് യു.ഡി.എഫ് തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുകയെന്നും കെ. മുരളീധരന്‍ പറഞ്ഞു.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
തൃശൂര്‍ പൂരം കലക്കലുമായി ബന്ധപ്പെട്ട് എ.ഡി.ജി.പി എം.ആര്‍ അജിത്കുമാര്‍ സര്‍ക്കാറിന് നല്‍കിയ റിപ്പോര്‍ട്ടിന്റെ പകര്‍പ്പാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. പൂരം അലങ്കോലമാക്കിയത് ലോക്‌സഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണെന്നും ഇതിനായി തിരുവമ്പാടി ദേവസ്വത്തിലെ ചിലര്‍ ഗൂഢാലോചന നടത്തിയെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ദേവസ്വത്തിലെ ചിലരുടെ പേര് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടെങ്കിലും പൂരം കലക്കി നേട്ടമുണ്ടാക്കാന്‍ ശ്രമിച്ച പാര്‍ട്ടി ബി.ജെ.പി ആണെന്ന് നേരിട്ട് പരാമര്‍ശമില്ല. അതേസമയം, എ.ഡി.ജി.പിയുടെ റിപ്പോര്‍ട്ട് തള്ളി തിരുവമ്പാടി ദേവസ്വം രംഗത്തെത്തി. പൂരം കലക്കിയതിന്റെ ഉത്തരവാദിത്തം തിരുവമ്പാടി ദേവസ്വത്തിന്റെ മേല്‍ വെച്ചുകെട്ടാനാണ് ശ്രമമെന്നും ദേവസ്വത്തില്‍ ആരും രാഷ്ട്രീയം കളിച്ചിട്ടില്ലെന്നും തിരുവമ്പാടി ദേവസ്വം സെക്രട്ടറി ഗിരീഷ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.