അര്‍ജുന് വിട ചൊല്ലാനൊരുങ്ങി നാട്…. അര്‍ജുനെ ഒരു നോക്ക് കാണാന്‍ എത്തിയത് ജനസാഗരം
കോഴിക്കോട്: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരിച്ച അര്‍ജുന്റെ ചേതനയറ്റ ശരീരം അവസാനമായി വീട്ടിലെത്തിച്ചു.മൃതദേഹം വഹിച്ചുള്ള ആംബുലന്‍സിനെ അനുഗമിച്ച് വിലാപയാത്ര ഒമ്പതരയോടെയാണ് കണ്ണാടിക്കലിലെ നൂറ് കണക്കിന് ജനങ്ങള്‍ തിങ്ങി നിറഞ്ഞ ‘അമരാവതി’ എന്ന വീടിനരികിലേക്ക് എത്തിയത്. അവിടെ നിന്നും വീട്ടിലേക്കുളള വഴി നീളെ ആംബുലന്‍സിനെ അനുഗമിച്ച് പുരുഷാരം ഒഴുകിയെത്തി.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
അര്‍ജുന്റെ മൃതദേഹം ആദ്യം വീടിനകത്ത് ബന്ധുക്കള്‍ക്ക് മാത്രം കുറച്ച് സമയം അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ വിട്ടുകൊടുക്കും. പിന്നീട് നാട്ടുകാര്‍ക്കും മറ്റുള്ളവര്‍ക്കും ആദരമര്‍പ്പിക്കാനായി മൃതദേഹം വീടിന് പുറത്ത് പൊതുദര്‍ശനത്തിന് വെക്കും. ഇന്ന് ഉച്ചയോടെ വീട്ടുവളപ്പില്‍ തന്നെ മൃതദേഹം സംസ്‌കരിക്കും.
കോഴിക്കോട് ജില്ലാ അതിര്‍ത്തിയില്‍ മന്ത്രി എ കെ ശശീന്ദ്രനും കെ കെ രമ എംഎല്‍എയും ജില്ല കളക്ടര്‍ സ്‌നേഹില്‍ കുമാറും ചേര്‍ന്നാണ് മൃതദേഹം ഏറ്റുവാങ്ങിയത്. പുലര്‍ച്ചെ അഞ്ചരയോടെ മൃതദേഹം വഹിച്ചുള്ള വാഹന വ്യൂഹം കണ്ണൂര്‍ നഗരം പിന്നിട്ടു. പിന്നീട് ആറ് മണിയോടെ അഴിയൂര്‍ പിന്നിട്ട് കോഴിക്കോട് ജില്ലയില്‍ പ്രവേശിച്ചു.
ഏഴരയ്ക്ക് മൃതദേഹം വഹിച്ചുള്ള വിലാപയാത്ര പൂളാടിക്കുന്നിലെത്തി. ഇവിടെ നിന്നാണ് വാഹനങ്ങളുടെ അകമ്പടിയോടെ വിലാപയാത്ര തുടങ്ങിയത്. കേരള, കര്‍ണാടക പോലീസും വിലാപയാത്രയെ അനുഗമിക്കുന്നുണ്ട്. കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയ്ലും മഞ്ചേശ്വരം എംഎല്‍എ എ.കെ.എം അഷ്റഫും ഷിരൂരിലെ മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പേയും വിലാപയാത്രയ്ക്ക് ഒപ്പമുണ്ട്.