‘ആര്‍എസ്എസ് ബന്ധമുള്ള എഡിജിപിയെ മാറ്റിയേ തീരൂ’ , നിലപാട് കടുപ്പിച്ച് സിപിഐ
കോട്ടയം: ആര്‍എസ്എസ് ബന്ധമുള്ള എഡിജിപി എം ആര്‍ അജിത് കുമാറിനെ മാറ്റിയേ തീരൂവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സിപിഐയുടെ ഈ നിലപാട് സിപിഎമ്മിനെ അക്ഷരാര്‍ത്ഥത്തില്‍ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. ‘ആര്‍എസ്എസ് ബന്ധമുള്ള ഒരു ഉദ്യോഗസ്ഥന്‍ ഒരു കാരണവശാലും എല്‍ഡിഎഫ് ഭരിക്കുന്ന ഒരു സര്‍ക്കാരില്‍ എഡിജിപി ആകാന്‍ പാടില്ല. ക്രമസമാധാന ചുമതലയുള്ള എഡിജിപിക്ക് ഒരു കാരണവശാലും ആര്‍എസ്എസ് ബന്ധം പാടില്ല’. നിലപാടില്‍ നിന്നും വ്യതിചലിക്കരുതെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.
Also Read ; വീട്ടില്‍ സൂക്ഷിച്ചിരുന്ന മദ്യം മോഷ്ടിച്ച് കുടിച്ചു ; മൂന്ന് ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ അവശനിലയില്‍
അതേസമയം, എഡിജിപിയെ സംരക്ഷിക്കുന്ന സര്‍ക്കാരിനെതിരെ സഭയില്‍ ഉയരാനിടയുള്ള രാഷ്ട്രീയ കൊടുങ്കാറ്റ് മുന്നില്‍ കണ്ട് കൂടിയാണ് സിപിഐ നിലപാട് കടുപ്പിക്കുന്നതെന്നാണ് വിലയിരുത്തല്‍. പൂരം കലക്കലിലും ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയിലുമാണ് സിപിഐ എഡിജിപിക്കെതിരെ നിലപാട് കടുപ്പിക്കുന്നത്. അന്വേഷണം തീരട്ടെ എന്ന മുഖ്യമന്ത്രിയുടെ വാക്ക് കേട്ടാണ് കാത്തിരിപ്പ്. പക്ഷെ തീരുമാനം അനന്തമായി നീട്ടാന്‍ സിപിഐ തയ്യാറല്ലെന്ന് വ്യക്തമാണ്. അജിത് കുമാറിന്റെ മാറ്റമില്ലാതെ സിപിഐക്ക് നിയമസഭയിലേക്ക് പോകാനാകാത്ത രാഷ്ട്രീയസ്ഥിതിയാണ്. അജിത് കുമാറിനെതിരെ ഡിജിപി തല അന്വേഷണത്തിന്റെ കാലാവധി അടുത്ത മാസം മൂന്നിന് തീരും. അന്‍വറിന്റെ പരാതിയിലാണ് അന്വേഷണം. പക്ഷെ അന്‍വര്‍ ഇടത് ബന്ധം വിട്ടതോടെ ഇനി അന്വേഷണത്തിന്റെ ഭാവിയില്‍ സിപിഐക്ക് ആശങ്കയുണ്ട്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..