December 26, 2024
#india #Top Four

തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സ്വദേശി പശുക്കള്‍ക്ക് ‘രാജ്യമാതാ’ പദവി നല്‍കി മഹാരാഷ്ട്ര

മുംബൈ: മഹാരാഷ്ട്രയില്‍ സ്വദേശി പശുക്കള്‍ക്ക് ‘രാജ്യമാതാ’ പദവി നല്‍കി മഹാരാഷ്ട്ര സര്‍ക്കാര്‍. ഗവര്‍ണര്‍ സിപി രാധാകൃഷ്ണന്‍ പ്രമേയത്തില്‍ ഒപ്പിട്ടതോടെയാണ് പ്രഖ്യാപനം നിലവില്‍ വന്നത്. ഇന്ത്യന്‍ സമൂഹത്തില്‍ പശുവിനുള്ള ആത്മീയവും ശാസ്ത്രീയവും ചരിത്രപരവുമായ പ്രാധാന്യം അടിവരയിടുന്നതാണ് തീരുമാനമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.

Also Read ; അന്വേഷണ സംഘത്തിന് മുന്നില്‍ നടന്‍ സിദ്ദിഖ് ഇന്ന് ഹാജരായേക്കും

സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് സര്‍ക്കാരിന്റെ ഈ തീരുമാനം. പശുക്കള്‍ പുരാതനകാലംമുതല്‍ മനുഷ്യജീവിതത്തിന്റെ ഒരു പ്രധാനഭാഗമാണെന്നും പശുവിനെ കാമധേനു എന്ന് പണ്ടുകാലം മുതല്‍ ഭാരതം വിശേഷിപ്പിച്ചിരുന്നതായും പ്രമേയത്തിലുണ്ട്. രാജ്യത്തുടനീളം വ്യത്യസ്ത ഇനങ്ങളുണ്ടെങ്കിലും നാടന്‍പശുക്കളുടെ എണ്ണം വന്‍തോതില്‍ കുറഞ്ഞുകൊണ്ടിരിക്കുകയാണെന്നും ഗവര്‍ണര്‍ പറഞ്ഞു.

സ്വദേശി പശുക്കളെ വളര്‍ത്തുന്നതിന് പ്രതിദിനം 50 രൂപ സബ്സിഡി നല്‍കാനുള്ള പദ്ധതി നടപ്പാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചുവെന്ന് മുഖ്യമന്ത്രി ഏക്നാഥ് ഷിന്ദേ പ്രസ്താവനയില്‍ പറഞ്ഞു. വരുമാനം കുറവായതിനാല്‍ അവര്‍ക്ക് താങ്ങേകാനാണ് തീരുമാനം. സബ്സിഡി പദ്ധതി ഓണ്‍ലൈനായാണ് നടപ്പാക്കുക എന്നും മുഖ്യമന്ത്രി അറിയിച്ചു.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

വിവിധയിനം തദ്ദേശീയ പശുക്കളുടെ ആവാസകേന്ദ്രമാണ് മഹാരാഷ്ട്ര. 2019-ലെ മൃഗസെന്‍സസ് പ്രകാരം തദ്ദേശീയ ഇനം പശുക്കളുടെ എണ്ണം 46,13,632 ആയിരുന്നു. എന്നാല്‍, തൊട്ടുമുന്‍പത്തെ സെന്‍സസിനെ അപേക്ഷിച്ച് ഇത് 20.69 ശതമാനം കുറവാണ്. തദ്ദേശീയ ഇനങ്ങളെ പരിപാലിക്കാന്‍ ഗോശാലകള്‍ക്ക് പ്രതിദിനം 50 രൂപ സബ്‌സിഡിയായി അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചതായി ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ് അറിയിച്ചു.
മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് നവംബറില്‍ നടക്കാനാണ് സാധ്യത. നവംബര്‍ 26-നാണ് നിലവിലെ സഭയുടെ കാലാവധി അവസാനിക്കുന്നത്. 288 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുക.

Leave a comment

Your email address will not be published. Required fields are marked *