നല്ല ശ്വാസത്തിന് തൃശൂരാണ് ബെസ്റ്റ്..! ദേശീയ വായുഗുണനിലവാര സൂചികയില്‍ നാലാം സ്ഥാനം
തൃശൂര്‍: ദേശീയ വായുഗുണനിലവാര സൂചികയില്‍ നാലാം സ്ഥാനം തൃശൂര്‍ നഗരത്തിന്. പട്ടികയില്‍ കേരളത്തില്‍ നിന്ന് ആദ്യ സ്ഥാനത്തെത്തിയത് തൃശൂരാണ്. ഏറ്റവും നല്ല വായു ഉള്ള പന്ത്രണ്ട് നഗരങ്ങളുടെ പട്ടികയില്‍ കേരളത്തില്‍ നിന്ന് ഇടംപിടിച്ചത് തൃശൂര്‍ മാത്രമാണ്. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കണക്ക് പ്രകാരം വായുഗുണനിലവാര സൂചികയില്‍ 50 പോയിന്റോ അതില്‍ താഴെയോ നേടുന്ന നഗരങ്ങളാണ് മികച്ചവയുടെ പട്ടികയില്‍ ഉള്‍പ്പെടുന്നത്.
തൃശൂരിന് 44 പോയിന്റുകളാണ് ലഭിച്ചത്. ഇന്നലെ വൈകീട്ട് വരെയുള്ള കണക്കുകള്‍ പ്രകാരമാണ് തൃശൂരിന് അഭിമാനകരമായ നേട്ടം സ്വന്തമായത്. രാജ്യ തലസ്ഥാനമായ ഡല്‍ഹി അടക്കം രൂക്ഷമായ വായുമലിനീകരന്‍ പ്രതിസന്ധി അനുഭവിക്കുന്ന വേളയിലാണ് തൃശൂരിന് ഈ നേട്ടം സ്വന്തമായത് എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം.
തിരുവനന്തപുരത്തെ വായു ഗുണനിലവാര തോത് തൃപ്തികരം എന്ന ഗണത്തിലാണ് പെടുന്നത്. കേരളത്തിലെ മറ്റ് നഗരങ്ങളൊന്നും പട്ടികയില്‍ ഇടം നേടിയിട്ടില്ല. നിലവില്‍ തൃശൂര്‍ നഗരത്തിലെ വായുവില്‍ അപകടകരമായ തോതില്‍ കാര്‍ബണ്‍ മോണോക്‌സൈഡ്, നൈട്രജന്‍ ഡൈ ഓക്‌സൈഡ്, സള്‍ഫര്‍ ഡൈ ഓക്‌സൈഡ് എന്നിവ ഇല്ലെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. തൃശൂര്‍ കോര്‍പ്പറേഷന്‍ ഗ്രൗണ്ടില്‍ നിന്നാണ് വായുഗുണനിലവാരം പരിശോധിച്ചത്. തിരക്കേറിയ സമയങ്ങളില്‍ പോലും തൃശൂരിലെ വായുഗുണനിലവാരം ഭേദപ്പെട്ട നിലയിലാണെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. നിലവില്‍ തൃശൂരിന് മുന്നിലായി പട്ടികയില്‍ മൂന്ന് നഗരങ്ങള്‍ മാത്രമാണ് ഇടം പിടിച്ചിരിക്കുന്നത്. കൂട്ടത്തില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്നത് നോര്‍ത്ത് ഈസ്റ്റ് മേഖലയില്‍ നിന്നുള്ള മിസോറാമിലെ ഐസ്വാള്‍ ആണ്. മലിനീകരണം ഏറ്റവും കുറവുള്ള നഗരമായി കണക്കാക്കുന്ന ഐസ്വാളിന് ഇന്നലെ 26 പോയിന്റാണുള്ളത്. രണ്ടാമത് അസമിലെ നഗാവ്, മേഘാലയയിലെ ഷില്ലോങ്, കര്‍ണാടകയിലെ വിജയപുര എന്നിവയും തൃശൂരിന് മുന്നിലുണ്ട്.
ഏറ്റവും നല്ല വായു ഉള്ള നഗരങ്ങളുടെ പട്ടികയില്‍ തൃശൂരിനൊപ്പം ചാമരാജ് നഗര്‍, കാഞ്ചീപുരം, കോലാര്‍, നല്‍ബാരി, തഞ്ചാവൂര്‍, മംഗലാപുരം, ബാഗല്‍കോട്ട് എന്നിവയും ഇടം നേടിയിട്ടുണ്ട്. കര്‍ണാടകയില്‍ നിന്നുള്ള നഗരങ്ങളാണ് പട്ടികയില്‍ കൂടുതലുള്ളത് എന്നതാണ് ശ്രദ്ധേയം.അതേസമയം, ഏറ്റവും ഒടുവില്‍ പുറത്തുവന്ന ദേശീയ വായുമലിനീകരണ സൂചിക പ്രകാരം രാജ്യത്ത് ഏറ്റവും മോശം സാഹചര്യമുള്ളത് തലസ്ഥാന നഗരമായ ഡല്‍ഹിയില്‍ തന്നേയാണ്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..