1 കോടിയും 300 പവനും കൊള്ളയടിച്ച സംഭവം ; പോലീസ് നായ മണം പിടിച്ച് റെയില്‍വേ ട്രാക്കില്‍, അന്വേഷണം പുരോഗമിക്കുന്നു
കണ്ണൂര്‍: കണ്ണൂര്‍ വളപട്ടണത്ത് നിന്നും 300 പവനും 1 കോടി രൂപയും കവര്‍ന്ന സംഭവത്തില്‍ ഡോഗ്‌സ് സ്‌ക്വോഡ് എത്തി പരിശോധന തുടരുന്നു. വീട്ടിലെത്തിയ പോലീസ് നായ മണം പിടിച്ച് വളപട്ടണം റെയില്‍വേ പാളയത്തിലേക്ക് പോയി. നായ ഏറെ ദൂരം മുന്നോട്ട് പോയെങ്കിലും മറ്റു തുമ്പൊന്നും ലഭിച്ചില്ല. മോഷ്ടാക്കള്‍ മോഷണം നടത്തുന്നതിനു മുന്‍പോ ശേഷമോ റെയില്‍വേ സ്റ്റേഷനിലേക്ക് പോയതാകാം എന്നാണ് പോലീസ് നിഗമനം. പരിസരത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. നിലവില്‍ പ്രതിയെകുറിച്ച് സൂചനയൊന്നും പോലീസിന് ലഭിച്ചിട്ടില്ല. കവര്‍ച്ചയില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചാണ് അന്വേഷണം നടത്തുന്നത്.
വളപട്ടണം മന്ന സ്വദേശി അഷ്‌റഫിന്റെ വീട്ടില്‍ നിന്നാണ് ഒരു കോടി രൂപയും 300 പവനും മോഷണം പോയതായി പരാതി ഉയര്‍ന്നത്. അഷ്‌റഫും കുടുംബവും യാത്ര പോയിരുന്ന സമയത്താണ് വീട്ടില്‍ കവര്‍ച്ച നടന്നിരിക്കുന്നത്. വീട്ടിലെ കിടപ്പുമുറിക്കുള്ളിലെ ലോക്കറിനുള്ളില്‍ നിന്നാണ് പണവും സ്വര്‍ണവും കവര്‍ന്നിരിക്കുന്നത്. ഇന്നലെ രാത്രിയാണ് സംഭവം. മൂന്നംഗ സംഘം എത്തി കവര്‍ച്ച നടത്തിയെന്നാണ് നിലവില്‍ ലഭിക്കുന്ന വിവരം. കഴിഞ്ഞ 19ാം തീയതി മധുരയില്‍ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു അഷ്‌റഫും കുടുംബവും. ഇന്നലെ രാത്രിയാണ് ഇവര്‍ തിരികെയെത്തുന്നത്. വീട്ടിലെത്തിനോക്കിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. മതില്‍ ചാടിക്കടന്ന് അടുക്കളഭാഗത്തെ ജനല്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്ത് കയറിയിരിക്കുന്നത്. കിടപ്പുമുറിയിലേക്ക് എത്തിയതിങ്ങനെയെന്നാണ് പ്രാഥമിക നിഗമനം.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..