കള്ളനെ പേടിച്ച് സിസിടിവി വെച്ചു; കള്ളന്‍ അതു തന്നെ അടിച്ചുമാറ്റി
കള്ളനെ പേടിച്ച് സിസിടിവി വെക്കുന്നവരാണ് ഭൂരിഭാഗവും. എന്നിട്ടും ഒരുപേടിയുമില്ലാതെ കള്ളന്‍ വന്ന് മോഷണം നടത്തുന്ന സിസിടിവി ദൃശ്യങ്ങള്‍ നമ്മള്‍ കാണാറുണ്ട്. എന്നാലിപ്പോള്‍ കള്ളനെ കുടുക്കാന്‍ വെച്ച സിസിടിവി തന്നെ മോഷ്ടിച്ചിരിക്കുന്ന വാര്‍ത്തയാണ് കേള്‍ക്കുന്നത്. കണ്ടു, ഇഷ്ടപ്പെട്ടു, എടുക്കുന്നു… അതിനി എന്നെ പിടിക്കാന്‍ വെച്ച സിസിടിവി ക്യാമറയാണെങ്കിലും എടുക്കും എന്നതുപോലെയാണ് തലശേരിയിലെ കള്ളന്‍. കണ്ണൂര്‍ തലശ്ശേരിയിലെ ശിശുരോഗവിദഗ്ദന്‍ അബ്ദുള്‍ സലാമിന്റെ വീട്ടിലെ 7 സിസിടിവി ക്യാറകളാണ് അടിച്ചുമാറ്റിയത്.
കഴിഞ്ഞ ഏപ്രില്‍ 20 മുതല്‍ സലാമിന്റെ വീട്ടിലെ സിസിടിവി സ്‌ക്രീനില്‍ ദൃശ്യങ്ങള്‍ തെളിയുന്നില്ല. എന്തെങ്കിലും സാങ്കേതിക പ്രശ്നമാവുമെന്നാണ് കരുതിയത്. എന്നാല്‍ കഴിഞ്ഞ ഞായറാഴ്ചയാണ് കള്ളനെ പിടിക്കാന്‍ വച്ച സിസിടിവി തന്നെ കള്ളന്‍ കൊണ്ടുപോയതായി അറിയുന്നത്. ഹൈടെക്ക് രീതിയില്‍ മോഷണം നടത്തിയ കള്ളന്‍ ആദ്യം ഡിവിആറിലേക്കുള്ള പവര്‍ സപ്ലൈ ഷോര്‍ട്ട് സര്‍ക്യൂട്ടാക്കി ഡിവിആര്‍ കേടാക്കി. പിന്നീട് ദൃശ്യങ്ങള്‍ തെളിയില്ലെന്നുറപ്പായതോടെ ക്യാമറുകളുമായി സ്ഥലംവിട്ടു. തകരാറിലാണെന്ന് കരുതിയ സിസ്റ്റം നന്നാക്കിയെടുത്തപ്പോഴാണ് ക്യാമറ തന്നെ മോഷണം പോയത്‌വീട്ടുകാര്‍ അറിയുന്നത്.