‘പരോള്‍ തടവുകാരന്റെ അവകാശമാണ്, പാര്‍ട്ടിയെ ബാധിക്കുന്ന വിഷയമല്ല’ : എം വി ഗോവിന്ദന്‍

തിരുവനന്തപുരം: പരോള്‍ തടവുകാരന്റെ അവകാശമാണെന്നും അത് ജയിലുമായി ബന്ധപ്പെട്ട കാര്യമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ടിപി ചന്ദ്രശേഖരന്‍ വധ കേസില്‍ ശിക്ഷിക്കപ്പെട്ട് ജയില്‍ കഴിയുന്ന കൊലക്കേസ് പ്രതി കൊടി സുനിക്ക് പരോള്‍ അനുവദിച്ചതുമായി ബന്ധപ്പെട്ട വിഷയത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയവേയാണ് ഗോവിന്ദന്റെ പ്രതികരണം. പരോള്‍ ഒരു തടവുകാരന്റെ അവകാശമാണെന്നും അതില്‍ തീരുമാനമെടുക്കുന്നത് ജയില്‍ അധികൃതരും ഗവര്‍ണമെന്റ് സംവിധാനങ്ങളുമാണെന്നും ഗോവിന്ദന്‍ പറഞ്ഞു. ഇത് സിപിഎം പാര്‍ട്ടിയെ ബാധിക്കുന്ന വിഷയമല്ലെന്നും സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി. അപരാധമാണെന്നോ അല്ലെന്നോ പറയുന്നില്ലന്നും എംവി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം കഴിഞ്ഞ ദിവസം കൊലക്കേസ് പ്രതിയുടെ ഗൃഹപ്രവേശന ചടങ്ങില്‍ സിപിഎം നേതാക്കള്‍ പങ്കെടുത്ത സംഭവത്തെയും ന്യായീകരിച്ചു കൊണ്ടും സിപിഎം സംസ്ഥാന സെക്രട്ടറി പ്രതികരിച്ചു. പാര്‍ട്ടി നേതാക്കള്‍ പോയതില്‍ എന്താണ് തെറ്റെന്ന് ചോദിച്ച ഗോവിന്ദന്‍ സാമാന്യ മര്യാദയുടെ പേരിലാണ് പോയതെന്നും വിശദീകരിച്ചു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..