പോലീസില്‍ പരാതി നല്‍കിയതിന് അച്ഛനെ കൊന്നു; മകന് ജീവപര്യന്തം കഠിന തടവും 1 ലക്ഷം രൂപ പിഴയും

കൊല്ലം: അച്ഛനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ കേസില്‍ മകന് ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. ഇരവിപുരം തെക്കേവിള സ്‌നേഹ നഗര്‍ – 163, വെളിയില്‍ വീട്ടില്‍ സത്യബാബുവിനെയാണ് മകന്‍ രാഹുല്‍ സത്യന്‍ കൊലപ്പെടുത്തിയത്.
Also Read ; റോഡ് മുറിച്ചു കടക്കവേ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് ഇടിച്ചു; രണ്ട് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം
കൊല്ലം ഫസ്റ്റ് അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി പി.എന്‍.വിനോദാണ് കേസില്‍ ശിക്ഷ വിധിച്ചത്. 2022 ഡിസംബര്‍ 21-നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പ്രതി രാഹുലും അമ്മയായ രമണിയും കൊല്ലപ്പെട്ട അച്ഛനുമായി കുടുംബവീട്ടിലായിരുന്നു താമസം. പ്രതി സ്ഥിരമായി മദ്യപിക്കുന്ന വ്യക്തിയായിരുന്നു. ഇതിനായി മാതാപിതാക്കളുടെ കയില്‍ നിന്നും ബലമായി പണം വാങ്ങിക്കുന്നതും ശീലമായിരുന്നു. രാഹുലിന്റെ ഈ ഉപദ്രവം സഹിക്കവയ്യാതെ പിതാവ് പോലീസ് സ്റ്റേഷനില്‍ പരാതിപ്പെട്ടു. തിരികെ വീട്ടില്‍ വന്ന് ആഹാരം കഴിക്കുകയായിരുന്ന അച്ഛനേയും അമ്മയെയും പ്രതി ആക്രമിക്കുകയായിരുന്നു.
സത്യബാബുവിനെ കഴുത്തില്‍ കുത്തിപ്പിടിച്ച് ശ്വാസംമുട്ടിക്കുകയും വടിയെടുത്ത് തലയ്ക്കടിക്കുകയും ചെയ്തു. പരിക്കേറ്റതിനെ തുടര്‍ന്ന് വീട്ടില്‍നിന്നിറങ്ങിയ സത്യബാബു വഴിയില്‍ കുഴഞ്ഞുവീണ് മരിച്ചെന്നാണ് കേസ്. പരിക്കേറ്റ അമ്മ രമണിയെയടക്കം 15 സാക്ഷികളെ പ്രോസിക്യൂഷന്‍ വിസ്തരിച്ചു. പ്രതിക്ക് മാനസികരോഗമുണ്ടെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി തള്ളിക്കളയുകയും ചെയ്തു. രമണിക്ക് ഉചിതമായ നഷ്ടപരിഹാരം കൊടുക്കാന്‍ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിക്ക് ഉത്തരവില്‍ നിര്‍ദേശം നല്‍കി.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..