അമര്‍ ഇലാഹിക്ക് കണ്ണീരോടെ വിട നല്‍കി നാട് ; കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട യുവാവിന്റെ മൃതദേഹം കബറടക്കി

ഇടുക്കി: ഇടുക്കിയില്‍ കഴിഞ്ഞ ദിവസം കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുള്ളരിങ്ങാട് സ്വദേശി അമര്‍ ഇലാഹിയുടെ മൃതദേഹം കബറടക്കി. മുള്ളരിങ്ങാട് ജുമാ മസ്ജിദിലാണ് പ്രത്യേക പ്രാര്‍ത്ഥനകള്‍ക്ക് ശേഷമായിരുന്നു കബറടക്കം. ഇന്നലെ വൈകുന്നേരമാണ് അമര്‍ കാട്ടാനാക്രമണത്തില്‍ കൊല്ലപ്പെട്ടത്. തുടര്‍ന്ന് ഇന്ന് പുലര്‍ച്ചയോടെയാണ് അമറിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടി പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് കൈമാറിയത്. മന്ത്രി റോഷി അഗസ്റ്റിന്‍ രാവിലെ മരിച്ച അമറിന്റെ വീട്ടിലെത്തി മൃതദേഹത്തില്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു.
മേയാന്‍ വിട്ട പശുവിനെ വീട്ടിലേക്ക് കൊണ്ടുവരാനായി പോയപ്പോളാണ് 22 കാരനായ അമറിനെ കാട്ടാന ആക്രമിച്ചത്. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. സംഭവത്തില്‍ അമറിന്റെ കൂടെയുണ്ടായിരുന്ന അയല്‍വാസിക്കും സാരമായി പരിക്കേറ്റിരുന്നു. അമറിന്റെ വീടിനോട് ചേര്‍ന്നുള്ള വനംവകുപ്പിന്റെ തേക്കിന്‍ കൂപ്പിലാണ് പശുവിനെ കെട്ടിയിരുന്നത്. പശുവിനെ അഴിക്കാന്‍ പോയപ്പോഴാണ് പെട്ടെന്ന് രണ്ട് കാട്ടാനകള്‍ ഇവര്‍ക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു. ഇവര്‍ക്ക് ഓടിമാറാന്‍ സാധിച്ചില്ല. ഇടുക്കിയില്‍ ഈ വര്‍ഷം മാത്രം കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടലരുടെ എണ്ണം 7 ആയി.
മരിച്ച യുവാവിന്റെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് വണ്ണപ്പുറം പഞ്ചായത്തില്‍ എല്‍ഡിഎഫ്, യുഡിഎഫ്, എന്‍ഡിഎ മുന്നണികള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുകയാണ്. മുള്ളരിങ്ങാട് പ്രദേശത്ത് ഇറങ്ങിയ കാട്ടാനകളെ അടിയന്തരമായി കാട് കയറ്റണം എന്നാണ് നാട്ടുകാരുടെ ആവശ്യം. സോളാര്‍ വേലി സ്ഥാപിക്കല്‍, ആര്‍ആര്‍ടി സംഘത്തിന്റെ സേവനം ഉറപ്പാക്കണമെന്നും ആവശ്യമുണ്ട്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..