January 15, 2025
#Top Four

ഹസീനക്ക് രാജ്യംവിടാന്‍ കിട്ടിയത് വെറും 45 മിനിറ്റ്; അധിക വസ്ത്രങ്ങള്‍ പോലും എടുക്കാന്‍ സാധിച്ചില്ലെന്ന് റിപ്പോര്‍ട്ട്

ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് രാജ്യം വിടാന്‍ വെറും 45 മിനിറ്റ് മാത്രമാണ് സൈന്യം നല്‍കിയതെന്ന് റിപ്പോര്‍ട്ട്. ആഗസ്റ്റ് അഞ്ചിന് ഇന്ത്യയിലേക്ക് മിലിട്ടറി ട്രാന്‍സ്‌പോര്‍ട്ട് ജെറ്റില്‍ പുറപ്പെട്ട ഹസീന ഡല്‍ഹിക്ക് സമീപമുള്ള ഹിന്‍ഡണ്‍ എയര്‍ബേസിലാണ് ഇറങ്ങിയത്. തന്റെ സഹോദരിയായ ഷെയ്ഖ് രെഹാനക്കും അടുത്ത സഹായികള്‍ക്കുമൊപ്പമാണ് ഹസീന ഇന്ത്യയിലെത്തിയത്. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തെത്തുടര്‍ന്ന് രാജിവച്ച ഹസീനക്കും സംഘത്തിനും അധിക വസ്ത്രങ്ങള്‍ പോലും എടുക്കാന്‍ സാധിക്കാതെയാണ് രാജ്യം വിടേണ്ടി വന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്.

ഇന്ത്യയുടെ പ്രോട്ടോക്കോള്‍ ഓഫീസിലെ അംഗങ്ങളാണ് സംഘത്തിനുളള വസ്ത്രവും നിത്യ ഉപയോഗ സാധനങ്ങളും വാങ്ങാന്‍ സഹായിച്ചതെന്നും വിവരങ്ങളുണ്ട്. പ്രഷോഭം കനത്തതോടെ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് പോലും അതിക്രമിച്ചുകയറിയ ആള്‍ക്കൂട്ടത്തില്‍ നിന്ന് രക്ഷപ്പെട്ടാണ് സംഘം ഇന്ത്യയിലെത്തിയതെന്ന് ബംഗ്ലാദേശ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. പെട്ടെന്നുളള രാജ്യം വിടല്‍ ഹസീന ഉള്‍പ്പെട്ട സംഘത്തിന് മനോവിഷമം ഉണ്ടാക്കിയിരുന്നുവെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഹസീന മറ്റൊരു രാജ്യത്ത് രാഷ്ട്രീയ അഭയം തേടുന്നത് വരെ ഇന്ത്യയില്‍ തന്നെ തുടരുമെന്നാണ് സൂചന.

Also Read; നജീബ് കാന്തപുരത്തിന് ആശ്വാസം ; പെരിന്തല്‍മണ്ണ നിയമസഭാ തെരഞ്ഞെടുപ്പ് കേസ് ഹൈക്കോടതി തള്ളി

അതേസമയം ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാരിനെ നൊബേല്‍ സമ്മാന ജേതാവ് മുഹമ്മദ് യൂനുസ് നയിക്കും. ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീനാണ് നിര്‍ണായക ചര്‍ച്ചകള്‍ക്കെടുവില്‍ ഇടക്കാല സര്‍ക്കാരിനെ നയിക്കാന്‍ മുഹമ്മദ് യൂനുസിനെ തിരഞ്ഞെടുത്തത്.

Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *