ദീപാവലി ആഘോഷത്തിന് ഇത്തവണയും ഹരിത പടക്കങ്ങള്‍ തെരഞ്ഞെടുക്കാം, ഹരിത പടക്കങ്ങളെ എങ്ങനെ തിരിച്ചറിയാം?
ദീപങ്ങളുടെയും സന്തോഷത്തിന്റെ ഉത്സവം ആണ് ദീപാവലി. ആളുകള്‍ ഇതിനകം തന്നെ അവരുടെ വീടുകള്‍ വൃത്തിയാക്കുന്നത് മുതല്‍ പുതിയ വസ്ത്രങ്ങള്‍ വാങ്ങുന്നത് വരെയുള്ള തയ്യാറെടുപ്പുകളുടെ തിരക്കിലാണ്. ഇന്ത്യയിലുടനീളം വലിയ ആഡംബരത്തോടെയും ആവേശത്തോടെയും ആഘോഷിക്കപ്പെടുന്ന ഏറ്റവും പ്രധാനപ്പെട്ട ഹൈന്ദവ ആഘോഷങ്ങളിലൊന്നാണ് ദീപാവലി.
ഈ വര്‍ഷം, നവംബര്‍ 12 ഞായറാഴ്ച ദീപങ്ങളുടെ ഉത്സവം ആഘോഷിക്കും. ഇരുട്ടിനു മേല്‍ വെളിച്ചവും നിരാശയുടെ മേല്‍ പ്രതീക്ഷയും തിന്മയുടെ മേല്‍ നന്മയും നേടിയ വിജയത്തെ ഈ ദിനം ആഘോഷിക്കുന്നു. വീടുകളില്‍ ദീപാലങ്കാരങ്ങള്‍, രംഗോളികള്‍ ഉണ്ടാക്കല്‍, പുതുവസ്ത്രം ധരിക്കല്‍, പൂജകള്‍ എന്നിവയ്ക്ക് പുറമെ പടക്കം പൊട്ടിക്കലും ദീപാവലി ആഘോഷത്തിന്റെ ഭാഗമാണ്.
അന്തരീക്ഷ മലിനീകരണവും ശബ്ദ മലിനീകരണവും കുറയ്ക്കുന്നതിനായി പല സ്ഥലങ്ങളും ഇപ്പോള്‍ പരിസ്ഥിതി സൗഹൃദവും ശബ്ദരഹിതവുമായ ദീപാവലി ആഘോഷങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നു. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ഹരിത പടക്കങ്ങള്‍ മാത്രം ഉപയോഗിക്കാനും ചില സംസ്ഥാനങ്ങള്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Join with metro post: വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം
എന്താണ് ഹരിത പടക്കങ്ങള്‍? അവ പരിസ്ഥിതിക്ക് ഇണങ്ങുന്നതാണോ?
പരിസ്ഥിതിക്ക് കുറഞ്ഞ ആഘാതം സൃഷ്ടിക്കുന്നവയും അപകടങ്ങള്‍ കുറവുള്ളതുമാണ് ഹരിത പടക്കങ്ങള്‍. സാധാരണ പടക്കങ്ങളില്‍ നിന്ന് വ്യത്യസ്തമായി, അലൂമിനിയം, ബേരിയം, പൊട്ടാസ്യം നൈട്രേറ്റ്, കാര്‍ബണ്‍ തുടങ്ങിയ ഹാനികരമായ രാസവസ്തുക്കള്‍ ഇവയില്‍ ഉപയോഗിക്കുന്നില്ല. ഇവ സാധാരണ പടക്കങ്ങളേക്കാള്‍ 30 ശതമാനം കുറവ് മലിനീകരണമേ ഉണ്ടാക്കൂ എന്നാണ് തെളിയിക്കപ്പെട്ടിട്ടുള്ളത്.
സാധാരണ പടക്കങ്ങള്‍ പൊട്ടുമ്പോള്‍ 160 ഡെസിബെല്‍ ശബ്ദം ഉണ്ടാകുമെങ്കില്‍ ഹരിത പടക്കങ്ങള്‍ക്ക് 110 ഡെസിബെല്‍ ശബ്ദം മാത്രമേ ഉണ്ടാകൂ. കൗണ്‍സില്‍ ഫോര്‍ സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ചിലാണ് ആണ് ഇവ നിര്‍മ്മിക്കുന്നത്.
ഹരിത പടക്കങ്ങളില്‍ നിന്നും പുറന്തള്ളുന്ന മാലിന്യം മറ്റു പടക്കങ്ങളെക്കാള്‍ കുറവാണെന്നും അവ പൊടി വലിച്ചെടുക്കുകയും ചെയ്യുന്നുണ്ട്. സാധാരണ പടക്കങ്ങള്‍ പൊട്ടിക്കഴിയുമ്പോള്‍ വെളുത്ത നിറത്തിലുള്ള ഒരു അവശിഷ്ടം ഉണ്ടാകാറുണ്ട്. അലുമിനിയം, മഗ്‌നീഷ്യം, ടൈറ്റാനിയം, എന്നീ പദാര്‍ത്ഥങ്ങളാണ് അവ. ഓറഞ്ച് നിറത്തില്‍ കാണുന്നത് കാര്‍ബണും ഇരുമ്പുമാണ്. മഞ്ഞ നിറമുള്ള അവശിഷ്ടങ്ങള്‍ സോഡിയം സംയുക്തങ്ങളാണ്. നീലയും ചുവപ്പും ചെമ്പ് സംയുക്തങ്ങളാണ്. പച്ച നിറം ബേരിയം മോണോ ക്ലോറൈഡ് ലവണങ്ങളോ ബേരിയം നൈട്രേറ്റോേ ബേരിയം ക്ലോറേറ്റോ ആകാം.
Also Read; ഉപയോഗരഹിതമായ മൊബൈല്‍ നമ്പര്‍ 90 ദിവസത്തേക്ക് പുതിയ ഉപയോക്താവിന് നല്‍കിയിട്ടില്ലെന്ന് ട്രായ്
സാധാരണ പടക്കങ്ങള്‍ പൊട്ടിക്കുമ്പോള്‍ ഉണ്ടാകുന്ന കട്ടിയുള്ള പുക ശ്വാസനാളത്തെ, പ്രത്യേകിച്ച് കൊച്ചുകുട്ടികളുടെ ശ്വാസനാളികളെ ബാധിക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. കണ്ണ്, മൂക്ക്, തൊണ്ട എന്നീ അവയവങ്ങളെയും ബാധിക്കാം. ഇതിന്റെ പുക ഗര്‍ഭിണികള്‍ക്കും ഹാനികരമാണ്. ഇവ ഗര്‍ഭം അലസിപ്പോകാന്‍ പോലും കാരണമായേക്കാമെന്ന് വിദഗ്ധര്‍ പറയുന്നു.
പടക്കങ്ങളിലെ ലെഡ് നാഡീവ്യവസ്ഥയെ ബാധിക്കുമ്പോള്‍ ചെമ്പ് ശ്വാസകോശത്തെയാണ് ബാധിക്കുക. സോഡിയം ചര്‍മപ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന് ഡോ. ഖൈവാളിനെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. പടക്കങ്ങളില്‍ ഉപയോഗിക്കുന്ന നിറങ്ങളില്‍ ഹാനികരമായ റേഡിയോ ആക്ടീവ് ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് കാന്‍സര്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നുവെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു.
ഹരിത പടക്കങ്ങള്‍ എങ്ങനെ തിരിച്ചറിയാം?
CSIR-NEERI, PESO എന്നിങ്ങനെ പച്ച നിറത്തില്‍ എഴുതിയ ലോഗോയിലൂടെയും ഒരു ക്യു ആര്‍ കോഡിലൂടെയും ഹരിത പടക്കങ്ങള്‍ തിരിച്ചറിയാന്‍ കഴിയും. ഹരിത പടക്കങ്ങളെ മൂന്നായി തിരിച്ചിട്ടുണ്ട്. സേഫ് വാട്ടര്‍ റിലീസര്‍, സേഫ് തെര്‍മൈറ്റ് ക്രാക്കര്‍, സഫല്‍ എന്നിവയാണ് അവ.
SWAS (സേഫ് വാട്ടര്‍ റിലീസര്‍): വായുവിലെ നീരാവി പുറത്തുവിടുന്നതിലൂടെ സേഫ് വാട്ടര്‍ റിലീസര്‍ പടക്കങ്ങള്‍ പൊടി ശമിപ്പിക്കുന്നു. ഇതില്‍ പൊട്ടാസ്യം നൈട്രേറ്റും സള്‍ഫറും ചേര്‍ത്തിട്ടില്ല. സാധാരണ പടക്കങ്ങളേക്കാള്‍ 30 ശതനമാനം കുറവ് അവശിഷ്ടമാണ് ഇവ പുറത്തുവിടുക.
STAR (സേഫ് തെര്‍മൈറ്റ് ക്രാക്കര്‍): ഇതില്‍ പൊട്ടാസ്യം നൈട്രേറ്റും സള്‍ഫറും അടങ്ങിയിട്ടില്ല. ഇത്തരം പടക്കങ്ങള്‍ സാധാരണ പടക്കങ്ങളേക്കാള്‍ കുറഞ്ഞ അവശിഷ്ടങ്ങള്‍ പുറത്തുവിടുന്നു. ഇതിന്റെ ശബ്ദ തീവ്രതയും കുറവാണ്.
SAFAL (സഫല്‍): ഈ പടക്കങ്ങളില്‍ കുറഞ്ഞ അളവിലാണ് അലൂമിനിയം ഉപയോഗിച്ചിരിക്കുന്നത്. ഇതില്‍ മഗ്‌നീഷ്യം കൂടുതലാണ്. സാധാരണ പടക്കങ്ങളെ അപേക്ഷിച്ച് ഈ പടക്കം കുറവ് ശബ്ദമാണ് പുറപ്പെടുവിക്കുന്നത്.