January 22, 2025
#International

പ്രവാസി തൊഴിലാളികള്‍ യോഗ്യത തെളിയിക്കണം; പരിശോധനയ്ക്ക് തുടക്കമിട്ട് സൗദി

റിയാദ്: തൊഴില്‍ മേഖലയുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനായി പുതിയ പദ്ധതികളുമായി സൗദി വിദേശകാര്യ മന്ത്രാലയം. സൗദിയില്‍ ഇതിന്റെ ഭാഗമായി പ്രവാസി തൊഴിലാളികളുടെ തൊഴില്‍ യോഗ്യതകള്‍ തെളിയിക്കുന്ന രേഖകളുടെ പരിശോധന ആരംഭിച്ചു. 62 രാജ്യങ്ങളില്‍ ഘട്ടംഘട്ടമായി പദ്ധതി നടപ്പിലാക്കാനാണ് തീരുമാനം. ഏകീകൃത പ്ലാറ്റ്‌ഫോം വഴിയായിരിക്കും പദ്ധതി നടപ്പിലാക്കുക.

മാനവ വിഭവശേഷി മന്ത്രാലയം, സാമൂഹിക വികസന മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം എന്നിവയുമായി സഹകരിച്ചാണ് ”പ്രൊഫഷണല്‍ വെരിഫിക്കേഷന്‍” നടത്തുന്നത്. ആദ്യ ഘട്ടത്തില്‍ ഏതെല്ലാം രാജ്യങ്ങളിലുള്ളവര്‍ക്കാണ് ഏതെല്ലാം തൊഴില്‍ മേഖലയില്‍പെട്ടവര്‍ക്കാണ് നിയമം ബാധകമായിരിക്കുക എന്ന കാര്യം വ്യക്തമായിട്ടില്ല. വരും ദിവസങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട കൂടതല്‍ വിവരങ്ങള്‍ പുറത്തുവിടും.

സൗദിയിലേക്ക് ജോലിക്കായി വരുന്ന വിദേശികള്‍ക്ക് ജോലി ചെയ്യാനാവശ്യമായ അക്കാദമിക് യോഗ്യത ഉണ്ടോ എന്ന് പരിശോധിക്കുകയും അത് തെളിയിക്കുന്ന ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും മറ്റു ഡോക്യുമെന്റുകളും ഉണ്ടെന്ന് ഉറപ്പ് വരുത്തുകയും ആണ് പദ്ധതിയുടെ ലക്ഷ്യം. ജോലി ചെയ്യുന്ന പ്രൊഫഷനനുസരിച്ചുള്ള വിദ്യാഭ്യാസം, എക്‌സ്പീരിയന്‍സ് എന്നിവ തെളിയിക്കുന്ന രേഖകളും കൈവശം ഉണ്ടായിരിക്കണം. മുന്‍ പരിചയവും മതിയായ രേഖകളും ഉള്ളവരെ മാത്രമേ ഇനി സൗദി തൊഴില്‍ വിപണിയില്‍ പ്രവേശിക്കാന്‍ അനുവദിക്കുകയുളളൂ. നേരത്തെ ആരംഭിച്ച തൊഴില്‍ നൈപുണ്യ പരീക്ഷയില്‍ നിന്ന് വ്യത്യസ്തമായാണ് പ്രൊഫഷനല്‍ വെരിഫിക്കേഷന്‍ എന്ന ഈ പുതിയ സേവനം സൗദി മുന്നോട്ടു കൊണ്ടുവന്നിരിക്കുന്നത്.

Leave a comment

Your email address will not be published. Required fields are marked *