നിറത്തിന്റെ പേരിലുള്ള അധിക്ഷേപത്തില്‍ നവവധു ജീവനൊടുക്കിയ സംഭവം: ഭര്‍ത്താവിനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തി പോലീസ്

കൊണ്ടോട്ടി: നിറത്തിന്റെ പേരിലുള്ള അധിക്ഷേപത്തെ തുടര്‍ന്ന് കൊണ്ടോട്ടിയില്‍ നവവധു ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവിനെതിരെ കൂടുതല്‍ നടപടികള്‍ക്കൊരുങ്ങി പോലീസ്. മരിച്ച ഷഹാന മുംതാസിന്റെ (19) ഭര്‍ത്താവ് മൊറയൂര്‍ പൂന്തലപ്പറമ്പ് അബ്ദുല്‍ വാഹിദിനെതിരെ ഭാരതീയ ന്യായ സംഹിത 85 വകുപ്പുകൂടി ചുമത്തിയാണ് അന്വേഷണം പുരോഗമിക്കുന്നത്. ഭര്‍ത്താവോ ബന്ധുക്കളോ സ്ത്രീകളോട് ക്രൂരമായി പെരുമാറുന്നതിനെതിരെയാണ് ഈ വകുപ്പനുസരിച്ച് കേസെടുക്കുക. കൊണ്ടോട്ടി ഡി.വൈ.എസ്.പി കെ.സി സേതു ബന്ധുക്കളില്‍നിന്ന് മൊഴിയെടുത്ത ശേഷമാണ്, അസ്വാഭാവിക മരണത്തിനു മാത്രം രജിസ്റ്റര്‍ ചെയ്തിരുന്ന കേസില്‍ കൂടുതല്‍ വകുപ്പുകള്‍ ഉള്‍പ്പെടുത്തി തുടരന്വേഷണം നടത്തുന്നത്.
Also Read; സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ട കേസില്‍ മന്ത്രി ഗണേഷ് കുമാറിന് ആശ്വാസം
ചൊവ്വാഴ്ച രാവിലെയാണ് ഷഹാനയെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ വാതില്‍ തകര്‍ത്ത് അകത്ത് കയറിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്. 2024 മേയ് 27നാണ് നിക്കാഹ് കഴിഞ്ഞത്. പിന്നീട് വിദേശത്തേക്കു പോയ ഭര്‍ത്താവ് അബ്ദുല്‍ വാഹിദ് നിറമില്ലെന്ന പേരില്‍ ഫോണിലൂടെ മാനസികമായി പീഡിപ്പിച്ചിരുന്നെന്നും വിവാഹബന്ധം ഒഴിയുകയാണെന്നറിയിച്ചിരുന്നെന്നും ഇതിനെ തുടര്‍ന്നാണ് യുവതി തൂങ്ങിമരിച്ചതെന്നും ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ വനിത കമീഷനും യുവജന കമീഷനും സ്വമേധയാ കേസെടുത്തിരുന്നു. ഭര്‍ത്താവിനെ നാട്ടിലെത്തിച്ച് നിയമനടപടികള്‍ ഊര്‍ജിതമാക്കണമെന്ന ആവശ്യം ശക്തമാണ്.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..