അറബിക്കടലില്‍ തേജ് ചുഴലിക്കാറ്റ് രൂപപ്പെട്ടു: സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ ശക്തമായ മഴ
തിരുവനന്തപുരം: അറബിക്കടലില്‍ തേജ് ചുഴലിക്കാറ്റ് രൂപപ്പെട്ടു. അടുത്ത 12 മണിക്കൂറിനുള്ളില്‍ തീവ്ര ചുഴലിക്കാറ്റായും തുടര്‍ന്നുള്ള 24 മണിക്കൂറിനുള്ളില്‍ അതി തീവ്ര ചുഴലിക്കാറ്റായും ശക്തിപ്രാപിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും മധ്യ-കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി ന്യൂനമര്‍ദ്ദം സ്ഥിതിചെയ്യുന്നു. കോമറിന്‍ മേഖലയ്ക്ക് മുകളില്‍ ചക്രവാതച്ചുഴി നിലനില്‍ക്കുന്നുണ്ട്. ഇതിന്റെയെല്ലാം സ്വാധീനഫലമായി കേരളത്തില്‍ അടുത്ത 5 ദിവസം ഇടി മിന്നലോടു കൂടിയ മിതമായ മഴയും തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയുമാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ Metro Post വാട്സ്ആപ്പ് ചാനലിൽ അംഗമാകൂ
തിങ്കളാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകളിലും ചൊവ്വാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ അന്നേദിവസങ്ങളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതിനിടെ അടുത്ത 48 മണിക്കൂറിനുള്ളില്‍ തുലാവര്‍ഷം തെക്കേ ഇന്ത്യയ്ക്ക് മുകളില്‍ എത്തിച്ചേരാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. തുലാവര്‍ഷത്തിന്റെ തുടക്കം ദുര്‍ബലമായിരിക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
Also Read; പി എം എ സലാമിന് രാഷ്ട്രീയം പറയാനുള്ള വകതിരിവില്ല, ലീഗിനെ കുഴപ്പത്തിലാക്കി എളമരം കരീം