70 ലെത്തി ഉള്ളി വില: ഡിസംബര്‍ വരെ ഉളളി പൊള്ളും!
ന്യൂഡെല്‍ഹി: രാജ്യ തലസ്ഥാന മേഖലയില്‍ ഉള്ളി വില കിലോഗ്രാമിന് 60 മുതല്‍ 70 വരെ എത്തി. നവംബര്‍ ആദ്യവാരത്തോടെ ഉള്ളിയുടെ വില കിലോഗ്രാമിന് 100 രൂപയിലെത്താന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. നവരാത്രി ആഘോഷങ്ങള്‍ അവസാനിച്ചതിന് ശേഷം ഉള്ളി വില പെട്ടെന്ന് ഉയര്‍ന്ന ഞെട്ടലിലാണ് ഉപഭോക്താക്കളും വില്‍പ്പനക്കാരും. ഡിസംബര്‍ വരെ വില വര്‍ധന തുടരാനാണ് സാധ്യത.
‘ഉള്ളിയുടെ വരവ് കുറഞ്ഞതിനാല്‍ ഉയര്‍ന്ന നിരക്കിലാണ് വില. ഇന്ന് 350 രൂപ (5 കിലോയ്ക്ക്)യാണ് വില. ഇന്നലെ ഇത് 300 രൂപയായിരുന്നു. ഒരാഴ്ച മുമ്പ് നിരക്ക് 200 രൂപയിലായിരുന്നു. വിതരണത്തിലെ കുറവ് മൂലമാണ് നിരക്ക് ഉയര്‍ന്നതെന്ന’് വില്‍പ്പനക്കാര്‍ പറയുന്നു. കര്‍ണാടക, മഹാരാഷ്ട്ര ഉള്‍പ്പെടെയുള്ള മറ്റ് സംസ്ഥാനങ്ങളിലും ഉള്ളി വില ഉയര്‍ന്നു. ബെംഗളൂരുവിലെ യശ്വന്ത്പൂരിലെ അഗ്രികള്‍ച്ചറല്‍ പ്രൊഡക്സ് മാര്‍ക്കറ്റ് കമ്മിറ്റിയിലും (എപിഎംസി) ഉള്ളി കിലോഗ്രാമിന് 65-70 രൂപ നിരക്കാണ്.
Also Read; നവംബര്‍ രണ്ടിന് ഖത്തര്‍ എംബസിയില്‍ ഓപണ്‍ ഹൗസ്; ഇന്ത്യക്കാരുടെ പ്രശ്നങ്ങള്‍ കേള്‍ക്കും
വില കുത്തനെ ഉയരുന്ന സംസ്ഥാനങ്ങളിലെ മൊത്തം, ചില്ലറ വിപണികളിലെ ബഫര്‍ സ്റ്റോക്കില്‍ നിന്നാണ് ഉള്ളി ഇറക്കുന്നതെന്ന് കേന്ദ്ര ഉപഭോക്തൃ മന്ത്രാലയം അറിയിച്ചു. ഓഗസ്റ്റ് പകുതി മുതല്‍, ഏകദേശം 1.7 ലക്ഷം ടണ്‍ ബഫര്‍ ഉള്ളി 22 സംസ്ഥാനങ്ങളിലായി വിവിധ സ്ഥലങ്ങളില്‍ നിന്ന് ഇറക്കിയിട്ടുണ്ട്. ഡിസംബറിലെ തണുപ്പിനെ തുടര്‍ന്ന് അടുത്ത മാസം വില ഉയര്‍ന്ന നിലയില്‍ തുടരുമെന്നാണ് വ്യാപാരികള്‍ പറയുന്നത്.