പൊലീസിലെ ആത്മഹത്യ ഇല്ലാതാക്കാന്‍ നടപടി
തിരുവനന്തപുരം: പൊലീസ് സേനയില്‍ വര്‍ധിച്ചു വരുന്ന ആത്മഹത്യാ പ്രവണത ഒഴിവാക്കാനായി നടപടികള്‍ സ്വീകരിക്കണണെന്നാവശ്യപ്പെട്ട് കേരള പൊലീസിന്റെ സര്‍ക്കുലര്‍. ആത്മഹത്യാ പ്രവണതയുളളവരെയും മാനസിക സമ്മര്‍ദം അനുഭവിക്കുന്നവരെയും കണ്ടെത്തി മതിയായ കൗണ്‍സിലിംഗ് നല്‍കണമെന്നാണ് സര്‍ക്കുലറിലെ നിര്‍ദേശം. ജോലി സംബന്ധമായ പരാതികളും വ്യക്തിപരമായ വിഷമങ്ങളും അവതരിപ്പിക്കാന്‍ നിലവിലെ മെന്ററിംഗ് സംവിധാനം ഉണ്ടാക്കണമെന്നും അഡീഷണല്‍ സുപ്രണ്ട് ഓഫ് പൊലീസ് പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.
സ്റ്റേഷനുകളിലെ മുഴുവന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും അവരുടെ പ്രശ്നങ്ങള്‍ അവതരിപ്പിക്കാന്‍ അനുയോജ്യമായ വേദി ഒരുക്കണം. മാനസിക സമ്മര്‍ദങ്ങള്‍ ഉണ്ടാകുന്ന സാഹചര്യങ്ങളില്‍ സഹപ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നും ആത്മാര്‍ത്ഥമായ ഇടപെടലുകളിലൂടെ പ്രശ്നം ലഘൂകരിക്കണം, മുഴുവന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ആഴ്ച്ചയില്‍ ഒരു ദിവസം യോഗ പോലുള്ള പരിശീലനങ്ങള്‍ നല്‍കുന്നതിനും ജീവിത ശൈലി രോഗങ്ങളുമായി ബന്ധപ്പെട്ട് കൃത്യസമയങ്ങളില്‍ ആവശ്യമായ ചികിത്സകള്‍ സ്വീകരിക്കുന്നതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്നതിനും മാനസിക പിരിമുറുക്കം കുറക്കാന്‍ പ്രാപ്തരാക്കുന്നതിനും ആവശ്യമായ നടപടി സ്വീകരിക്കേണ്ടതുണ്ടെന്നും സര്‍ക്കുലറില്‍ പറയുന്നു.
Also Read; മാസപ്പടി വിവാദം; നോട്ടീസ് അയക്കാനുള്ള ഹൈക്കോടതി ഉത്തരവിനെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി
ആഴ്ച്ചയിലെ അവധികളും അര്‍ഹമായതും അനുവദനീയവുമായ മുഴുവന്‍ അവധികളും അനുവദിക്കണം, പൊലീസ് ഉദ്യോഗസ്ഥരുടെ വിവാഹ വാര്‍ഷിക ദിവസങ്ങളിലും മക്കളുടെ പിറന്നാള്‍ ദിവസങ്ങളിലും പരമാവധി അവധി അനുവദിക്കണം എന്നും സര്‍ക്കുലറില്‍ പറയുന്നു. പൊലീസ് സേനയില്‍ ആത്മഹത്യ വര്‍ധിക്കുന്നുവെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.