ടി.പി ചന്ദ്രശേഖരന്റെ സ്മൃതിമണ്ഡപത്തില്‍ നിന്നും ഷാഫിയുടെ പര്യടനത്തിന് തുടക്കം
വടകര: ഒഞ്ചിയത്തിന്റെ വീരപുത്രന്‍ ടി.പി ചന്ദ്രശേഖരന്റെ സ്മൃതി മണ്ഡപത്തില്‍ അഭിവാദ്യമര്‍പ്പിച്ച് വടകര ലോക്‌സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പിലിന്റെ പര്യടനത്തിന് തുടക്കം. രാവിലെ ഒന്‍പതരയോടെ ടി.പിയുടെ ഒഞ്ചിയം നെല്ലാച്ചേരിയിലെ വീട്ടിലെത്തിയ ഷാഫിയെ കെ.കെ രമ എം.എല്‍.എ, ആര്‍.എം.പി.ഐ സംസ്ഥാന സെക്രട്ടറി എന്‍. വേണു എന്നിവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളോടെ എതിരേറ്റു. തുടര്‍ന്ന് ടി.പിയുടെ പ്രതിമയില്‍ സ്ഥാനാര്‍ഥി പുഷ്ചാര്‍ച്ചന നടത്തി. തെറ്റുകള്‍ക്കെതിരേ വിരല്‍ ചൂണ്ടിയതിന്റെ പേരില്‍ ക്രൂരമായി കൊല ചെയ്യപ്പെട്ട ചന്ദ്രശേഖരന്റെ മണ്ണ് അക്രമരാഷ്ട്രീയത്തിനെതിരേ വിധിയെഴുതുമെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. പിന്നീട് കെ.പി.സി.സി മുന്‍ പ്രസിഡന്റും വടകര മുന്‍ എം.പിയുമായ മുല്ലപ്പള്ളി രാമചന്ദ്രനെ മുക്കാളിയിലെ വീട്ടിലെത്തി സന്ദര്‍ശിച്ചു. വടകരയില്‍ ഷാഫിയുടെ ജയം ഉറപ്പാണെന്ന് മുല്ലപ്പള്ളി പറഞ്ഞു. തുടർന്ന് മുന്‍ ഡി.സി.സി പ്രസിഡന്റ് യു. രാജീവന്റെ വീട്ടിലെത്തിയ ഷാഫി അദ്ദേഹത്തിന്റെ ഛായചിത്രത്തിലും സ്മൃതിമണ്ഡപത്തിലും പുഷ്പാര്‍ച്ചന നടത്തി. ഉച്ചയോടെ മുന്‍ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ പി.കെ.കെ ബാവ കാപ്പാട്ടെ വീട്ടിലെത്തി സന്ദര്‍ശിച്ചു. യു.ഡി.എഫ് നേതാക്കളായ പാറക്കല്‍ അബ്ദുല്ല, കെ.കെ രമ എം.എല്‍.എ, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍, ഐ. മൂസ, വി.എം ചന്ദ്രന്‍, പി.കെ ഹബീബ്, വി.പി ദുല്‍ഖിഫില്‍, കെ. ചന്ദ്രന്‍,കെ.കെ നവാസ്, പി.കെ രാഗേഷ്, സുബിന്‍ ഒഞ്ചിയം, ടി.കെ സിബി, പി. ശ്രീജിത്ത്, മഠത്തില്‍ നാണു, മിസ്ഹബ് കീഴരിയൂര്‍, പി. രത്‌നവല്ലി, രാജേഷ് കീഴരിയൂര്‍, വി.ടി സൂരജ്, ഇസ്മായീല്‍ ഇസ്മു, ആയിഷ ഉമ്മര്‍, ഹാരിസ് മുക്കോളി, മഠത്തില്‍ അബ്ദുറഹിമാന്‍, മുരളി തോറോത്ത്, വി.പി ഭാസ്‌കരന്‍ തുടങ്ങിയവര്‍ സ്ഥാനാര്‍ഥിയെ അനുഗമിച്ചു. ഉച്ചയ്ക്കുശേഷം പാലക്കാട്ടേക്കുപോയ ഷാഫി വി.കെ ശ്രീകണ്ഠന്റെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ പങ്കെടുത്തു. ചൊവ്വാഴ്ച പാലക്കാട് അസംബ്ലി മണ്ഡലത്തിലെ പൊതുപരിപാടികളില്‍ പങ്കെടുക്കേണ്ടതിനാല്‍ വടകരയില്‍ പര്യടനമുണ്ടാവില്ല.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം