January 22, 2025
#kerala #Politics #Top Four

കോണ്‍ഗ്രസിലുള്ളത് കാലഹരണപ്പെട്ട നേതാക്കളാണെന്നും അച്ഛനോട് സഹതാപം മാത്രമാണെന്നും അനില്‍ ആന്റണി

പത്തനംതിട്ട: പത്തനംതിട്ട എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനില്‍ ആന്റണിയും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ കെ ആന്റണിയും മുഖാമുഖം ഏറ്റുമുട്ടുകയാണ്. കോണ്‍ഗ്രസ് നേതാക്കളുടെ മക്കള്‍ ബിജെപിക്കൊപ്പം ചേരുന്നത് തെറ്റാണെന്ന എ കെ ആന്റണിയുടെ പ്രസ്ഥാവനയോട് പ്രതികരിക്കുകയായിരുന്നു അനില്‍ ആന്റണി.കോണ്‍ഗ്രസിലുള്ളത് കാലഹരണപ്പെട്ട നേതാക്കളാണെന്നും അച്ഛനോട് സഹതാപം മാത്രമാണുള്ളതെന്നുമാണ് അനില്‍ ആന്റണി പറഞ്ഞത്.പത്തനംതിട്ടയില്‍ ആരൊക്കെ വന്നാലും താന്‍ തന്നെ ജയിക്കുമെന്നും അനില്‍ ആന്റണി കൂട്ടിച്ചേര്‍ത്തു. പത്തനംതിട്ടയില്‍ അനില്‍ ആന്റണി തോല്‍ക്കുമെന്നും താന്‍ പ്രചാരണത്തിന് പോയില്ലെങ്കിലും ആന്റോ ആന്റണി വന്‍ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നും എ കെ ആന്റണി നേരത്തെ വ്യക്തമാക്കിയിരുന്നു.

Also Read ; വിഷു സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകളുമായി ദക്ഷിണ റെയില്‍വേ; പുതിയതായി 8 സര്‍വീസുകളാണ് അനുവദിച്ചിരിക്കുന്നത്

വരാന്‍ പോകുന്ന തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദി മൂന്നാം തവണയും പ്രധാനമന്ത്രിയാകുമെന്നും രാഹുല്‍ ഗാന്ധി നയിക്കുന്ന കോണ്‍ഗ്രസ് പാര്‍ട്ടിക്ക് പ്രതിപക്ഷ സ്ഥാനം പോലും ലഭിക്കില്ലെന്നും അനില്‍ ആന്റണി പറഞ്ഞു.അതേസമയം കുടുംബം വേറെ രാഷ്ട്രീയം വേറെ എന്നാണ് തുടക്കം മുതല്‍ നിലപാടെന്നും മക്കളെക്കുറിച്ച് അധികം പറയിക്കരുതെന്നും ആ ഭാഷ തനിക്ക് വശമില്ലെന്നും എ കെ ആന്റണിയും പറഞ്ഞു. ‘കാലഹരണപ്പെട്ട കോണ്‍ഗ്രസ് നേതാക്കള്‍ ചന്ദ്രനെ നോക്കി കുരയ്ക്കുന്ന പട്ടികളെപ്പോലെയാണ്. രാജ്യവിരുദ്ധ നിലപാട് എടുക്കുന്ന ആന്റോ ആന്റണിക്കായി പ്രചാരണത്തിന് വരുന്നവരോട് സഹതാപം മാത്രമേയുള്ളു. സൈന്യത്തെ അപമാനിച്ച എംപിക്ക് വേണ്ടി സംസാരിക്കുന്നതില്‍ സഹതാപം. പ്രതിരോധ മന്ത്രിയായിരുന്ന ഒരാളാണ് ഇങ്ങനെ സംസാരിക്കുന്നത്. ഗാന്ധി കുടുംബത്തിന് വേണ്ടി അദ്ദേഹം നിലകൊള്ളുന്നതിലും സഹതാപം മാത്രം’- എ കെ ആന്റണിയുടെ പരാമര്‍ശങ്ങളോടുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് അനില്‍ ആന്റണി മറുപടി നല്‍കി.

Join with metro post : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

2014ലും 2019ലും കോണ്‍ഗ്രസ് ജയിക്കുമെന്ന് പിതാവ് പറഞ്ഞിരുന്നു.പക്ഷേ ഭരണം ലഭിച്ചില്ലെന്ന് മാത്രമല്ല പ്രതിപക്ഷ നേതൃസ്ഥാനം പോലും കൊടുക്കാതെ ജനം കോണ്‍ഗ്രസിനെ തിരസ്‌ക്കരിക്കുകയും ചെയ്തു.സോണിയ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും പ്രൈവറ്റ് പ്രോപ്പര്‍ട്ടിയാണ് കോണ്‍ഗ്രസ് പാര്‍ട്ടിയെന്നും അവരുടെ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് വേണ്ടിയാണ് കോണ്‍ഗ്രസുകാര്‍ പ്രവര്‍ത്തിക്കുന്നതെന്നും അനില്‍ ആന്റണി കുറ്റപ്പെടുത്തി.ഇന്ത്യയെ കൊള്ളയടിച്ച ഗാന്ധി കുടുംബത്തിന് വേണ്ടി താന്‍ പ്രവര്‍ത്തിക്കണോ എന്നും ചോദിച്ചു. ബോഫോഴ്‌സ് മുതല്‍ നാഷണല്‍ ഹെറാള്‍ഡ് വരെ കൊള്ളയടിച്ചവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കില്ലായെന്നും പിതാവിനോട് തനിക്ക് ബഹുമാനമുണ്ടെന്നും പക്ഷേ എ കെ ആന്റണിയുടെ രാഷ്ട്രീയത്തില്‍ തനിക്ക് വിശ്വാസമില്ലെന്നും അനില്‍ ആന്റണി പറഞ്ഞു.

Leave a comment

Your email address will not be published. Required fields are marked *