January 22, 2025
#india #Top News

തുടര്‍ക്കഥയായി യാത്രാവിമാനങ്ങള്‍ക്കെതിരെയുള്ള ബോംബ് ഭീഷണി; പാരിസില്‍നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട വിസ്താര വിമാനം അടിയന്തരമായി നിലത്തിറക്കി

മുംബൈ: രാജ്യത്ത് യാത്രാവിമാനങ്ങള്‍ക്കെതിരെയുള്ള ബോംബ് ഭീഷണി തുടര്‍ക്കഥയാകുന്നു. പാരിസില്‍നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട വിസ്താര എയര്‍ലൈന്‍സിന്റെ വിമാനത്തിനാണ് ഞായറാഴ്ച ബോംബ് ഭീഷണി ഉണ്ടായത്. ഇതേത്തുടര്‍ന്ന് വിമാനം അടിയന്തരമായി നിലത്തിറക്കി. കഴിഞ്ഞ ദിവസങ്ങളില്‍ ഡല്‍ഹി-ശ്രീനഗര്‍ വിസ്താര വിമാനത്തിനും ഇന്‍ഡിഗോയുടെ ഡല്‍ഹി-വാരാണസി, ചെന്നൈ-മുംബൈ വിമാനങ്ങള്‍ക്കും ബോംബ് ഭീഷണി ഉണ്ടായിരുന്നു.

Also Read ; ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് വിസിറ്റ് വിസയില്‍ വരുന്ന സന്ദര്‍ശകര്‍ക്ക്;വരവും പോക്കും ഒരേ എയര്‍ലൈനില്‍ അല്ലെങ്കില്‍ യാത്ര തടസ്സപ്പെട്ടേക്കാം

പാരിസിലെ ചാള്‍സ് ദെ ഗല്ലെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട വിസ്താരയുടെ UK 024 വിമാനത്തിന് ഞായറാഴ്ച രാവിലെ 10 മണിയോടെയാണ് ബോംബ് ഭീഷണി ഉണ്ടായത്. അടിയന്തര സാഹചര്യമായി കണക്കാക്കിയാണ് വിമാനം ഉടന്‍ നിലത്തിറക്കിയത്. രാവിലെ 10:19-ന് വിമാനം മുംബൈയിലെ ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എമര്‍ജന്‍സി ലാന്‍ഡിങ് നടത്തി.

294 യാത്രക്കാരും 12 ജീവനക്കാരും ഉള്‍പ്പെടെ 306 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. എല്ലാവരും സുരക്ഷിതരാണ്. യാത്രയ്ക്കിടെ ഛര്‍ദ്ദി ഉണ്ടായാല്‍ ഉപയോഗിക്കാനായി വെച്ചിരുന്ന പേപ്പര്‍ബാഗിന് മുകളില്‍ എഴുതിയ നിലയിലാണ് ബോംബ് ഭീഷണി കാണപ്പെട്ടത്.

ബോംബ് ഭീഷണി വിസ്താര എയര്‍ലൈന്‍സ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് വിവരം ഉടന്‍ ബന്ധപ്പെട്ട അധികൃതരെ അറിയിച്ചുവെന്നും സുരക്ഷാ ഏജന്‍സികളുമായി തങ്ങള്‍ പൂര്‍ണമായി സഹകരിച്ചുവെന്നും വിസ്താര വ്യക്തമാക്കി.

വെള്ളിയാഴ്ചയാണ് ഡല്‍ഹി-ശ്രീനഗര്‍ വിസ്താര വിമാനത്തിന് ബോംബ് ഭീഷണി ഉണ്ടായത്. 177 യാത്രക്കാരുമായി പുറപ്പെട്ട UK 611 വിമാനം ശ്രീനഗര്‍ വിമാനത്താവളത്തില്‍ സുരക്ഷിതമായി ഇറക്കിയ ശേഷം ഐസൊലേഷന്‍ ബേയിലേക്ക് മാറ്റിനിര്‍ത്തിയാണ് പരിശോധന നടത്തിയത്. പരിശോധനയില്‍ ഒന്നും കണ്ടെത്താതിരുന്നതോടെ സുരക്ഷാ ഏജന്‍സികള്‍ വിമാനത്തിന് സര്‍വീസ് തുടരാനുള്ള അനുമതി നല്‍കി.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *