ഗുജറാത്തില്‍ ചാന്ദിപുര വൈറസ് വ്യാപനം ഉയരുന്നു ; ഇതുവരെ മരണപ്പെട്ടത് 20 പേര്‍, സംസ്ഥാനത്ത് അതീവ ജാഗ്രത
ഗാന്ധിനഗര്‍: ഗുജറാത്തില്‍ ചാന്ദിപുര വൈറസ് വ്യാപനം രൂക്ഷമാകുന്നു. വൈറസ് വ്യാപനത്തില്‍ മരണം 20 ആയി. വ്യാഴാഴ്ച മാത്രം മരിച്ചത് അഞ്ച് പേരാണ്. സംസ്ഥാനത്ത് വിവിധ ആശുപത്രികളിലായി 37 പേര്‍ ചികിത്സയിലാണ്. ചാന്ദിപുരം വൈറസ് പരത്തുന്ന ഈച്ചകളെ പിടികൂടി പൂനെ വൈറോളജി ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കൊതുകുകളും ഈച്ചകളും പരത്തുന്ന വൈറസായതിനാല്‍ തന്നെ സംസ്ഥാനത്തുടനീളം ശുചീകരണ പ്രവൃത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
Also Read ; കോഴിക്കോട് ബീച്ച് ആശുപത്രി: ഫിസിയോതെറാപ്പിസ്റ്റിനെ സസ്‌പെന്‍ഡ് ചെയ്തു
സംസ്ഥാനത്തെ അടിയന്തര സാഹചര്യം വിലയിരുത്താന്‍ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടോലിന്റെ അധ്യക്ഷതയില്‍ പ്രത്യേക യോഗം വിളിച്ച് സ്ഥിതി ഗതികള്‍ വിലയിരുത്തി. സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി.നിലവില്‍ സംസ്ഥാനത്തെ സ്ഥിതി നിയന്ത്രണ വിധേയമാണെങ്കിലും കൂടുതല്‍ പേരില്‍ രോഗബാധയുണ്ടാകുന്നത് ജനങ്ങളെ പരിഭ്രാന്തരാക്കിയിട്ടുണ്ട്. പനിബാധിതരായ എല്ലാവരും ആശുപത്രിയില്‍ ചികിത്സക്കെത്തണമെന്നാണ് നിര്‍ദേശം.
1965ല്‍ മഹാരാഷ്ട്രയിലെ ചാന്ദിപുരയില്‍ കണ്ടെത്തിയ ഈ വൈറസിന് ഇതുവരെ മരുന്ന് കണ്ടുപിടിച്ചിട്ടില്ലെന്നതാണ് കാര്യങ്ങളെ കൂടുതല്‍ സങ്കീര്‍ണമാക്കുന്നത്.
2003-04 കാലഘട്ടങ്ങളില്‍ ഗുജറാത്തിലും ആന്ധ്രാ പ്രദേശിലും മഹാരാഷ്ട്രയിലുമായി 300ലധികം ആളുകള്‍ക്ക് ജീവന്‍ നഷ്ടമാകാനിടയാക്കിയത് ഈ വൈറസ് ബാധയാണ്. പെട്ടെന്നുണ്ടാകുന്ന ഉയര്‍ന്ന പനി, വയറിളക്കം, ഛര്‍ദ്ദി, അപസ്മാരം, എന്നിവയാണ് രോഗലക്ഷണങ്ങള്‍. ഇത് തലച്ചോറിനെ ബാധിക്കുന്നതോടെ മരണം സംഭവിക്കും.
പരിസര ശുചിത്വം പാലിക്കുകയെന്നതാണ് ഇതിനെ പ്രതിരോധിക്കുന്നതിനുള്ള പ്രധാന കാര്യങ്ങളിലൊന്ന്. വൃത്തിഹീനമായ ചുറ്റുപാടുകള്‍ വൈറസ് വാഹകരായ ജീവികളുടെ വളര്‍ച്ചയ്ക്കും വൈറസ് ബാധ വര്‍ധിക്കുന്നതിനും കാരണമാകും. ചന്ദിപ്പുര വൈറസ് കൂടുതലായും ബാധിക്കുന്നത് മാലിന്യം അടിഞ്ഞുകൂടിയിരിക്കുന്ന പ്രദേശങ്ങളിലാണ്. അതിനാല്‍, പരിസരം വൃത്തിയായി സൂക്ഷിക്കേണ്ടത് പ്രധാനമാണ്. വെള്ളം കെട്ടിനില്‍ക്കുന്നത് ഒഴിവാക്കുക. കുട്ടികളെ മാലിന്യം കെട്ടിക്കിടക്കുന്ന പ്രദേശങ്ങളില്‍ നിന്ന് അകറ്റി നിര്‍ത്തുകയും വേണം.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
കുട്ടികള്‍ക്ക് ഈ വൈറസ് ബാധിക്കാനുള്ള സാധ്യത കൂടുതലാണ്. 15 വയസ്സിന് താഴെയുള്ള കുട്ടികളെയാണ് ഇത് കൂടുതലായി ബാധിച്ചിരിക്കുന്നതെന്ന് സി കെ ബിര്‍ള ഹോസ്പിറ്റലിലെ നിയോനാറ്റോളജിസ്റ്റും പീഡിയാട്രീഷ്യനുമായ ഡോ ശ്രേയ ദുബെ പറഞ്ഞു.