ഏകീകൃത ടൂറിസ്റ്റ് വീസയ്ക്ക് അംഗീകാരം നല്‍കി ഗള്‍ഫ് സഹകരണ കൗണ്‍സില്‍
മസ്‌കത്ത്: ഏകീകൃത ഗള്‍ഫ് ടൂറിസ്റ്റ് വിസയ്ക്ക് ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജിസിസി) ഏകകണ്ഠമായി അംഗീകാരം നല്‍കി. മസ്‌കറ്റില്‍ നടന്ന ജിസിസി ആഭ്യന്തര മന്ത്രിമാരുടെ 40-ാമത് യോഗത്തിലാണ് ഗള്‍ഫ് അറബ് രാജ്യങ്ങള്‍ക്കായുള്ള സഹകരണ കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ ജാസിം മുഹമ്മദ് അല്‍ ബുദൈവി ഇക്കാര്യം അറിയിച്ചത്.
ഗള്‍ഫ് മേഖലയില്‍ അടുത്ത കാലത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്ന ഒന്നാണ് ജിസിസി ഏകീകൃത വീസ. ഈ ഒരൊറ്റ വീസ മതി, ഇനി ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍. യൂറോപ്യന്‍ രാജ്യങ്ങളില്‍ ഒറ്റ വീസയില്‍ യാത്ര ചെയ്യാന്‍ ഏറെ സൗകര്യപ്രദമായി ഒരുക്കിയിരിക്കുന്നതാണ് ഷെങ്കന്‍ വിസ. അതിന്റെ മാതൃകയിലേക്ക് ഗള്‍ഫ് രാജ്യങ്ങളും മാറുകയാണ്. പുതിയ ഏകീകൃത ഗള്‍ഫ് ടൂറിസ്റ്റ് വിസയെ അല്‍ ബുദൈവി അഭിനന്ദിച്ചു. ഇത് ശ്രദ്ധേയമായ നേട്ടമാണെന്നും ജിസിസി നേതാക്കളുടെ അടുത്ത സഹകരണത്തിനും വിവേകപൂര്‍ണ്ണമായ നിര്‍ദ്ദേശങ്ങള്‍ക്കും തെളിവാണെന്നും വിശേഷിപ്പിച്ചു. യോഗത്തില്‍ ഗള്‍ഫ് ആഭ്യന്തര മന്ത്രിമാര്‍ ജിസിസി രാജ്യങ്ങളിലെ ഗതാഗത നിയമലംഘനങ്ങളെ ബന്ധിപ്പിക്കുന്ന ഇലക്ട്രോണിക് സംവിധാനവും ഉദ്ഘാടനം ചെയ്തു.
Also Read; ആളുമാറി ദഹിപ്പിച്ച ശോശാമ്മയുടെ ചിതാഭസ്മം പള്ളിയില്‍ സംസ്‌കരിക്കും
യോഗത്തില്‍ ഒമാന്‍ ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ബിന്‍ ഫൈസല്‍ അല്‍ ബുസൈദി അധ്യക്ഷത വഹിച്ചു. കുവൈത്ത് ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാല്‍ ഖാലിദ് അല്‍ അഹമ്മദ് അസ്സബാഹ്, യുഎഇ ആഭ്യന്തര മന്ത്രി ലഫ്റ്റനന്റ് ജനറല്‍ ഷെയ്ഖ് സായിഫ് സായിദ് അല്‍ നഹ്യാന്‍, സൗദി ആഭ്യന്തര മന്ത്രി അബ്ദുല്‍ അസീസ് സഊദ് അല്‍ സഊദ്, ബഹ്റൈന്‍ ആഭ്യന്തര മന്ത്രി ജനറല്‍ ഷെയ്ഖ് റാഷിദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫ, ഖത്തര്‍ ആഭ്യന്തര മന്ത്രി ഷെയ്ഖ് ഖലീഫ ബിന്‍ ഹമദ് അല്‍താനി എന്നിവര്‍ പങ്കെടുത്തു.