മേയറും എം എല്‍ എയും നടുറോഡില്‍ കെ എസ് ആര്‍ ടി സി തടഞ്ഞ് തര്‍ക്കമുണ്ടാക്കുന്നത് ശരിയാണോ?
![](https://metropostkerala.com/wp-content/uploads/2024/04/9-991x564.jpg)
തിരുവനന്തപുരം : മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവും എം എല്‍ എയുമായ സച്ചിന്‍ ദേവും കെ എസ് ആര്‍ ടി സി ഡ്രൈവറുമായി നടുറോഡില്‍ വാക്പോര് നടത്തിയ സംഭവം വലിയ ചര്‍ച്ചയായിരിക്കുകയാണ്. മേയറും കുടുംബവും സഞ്ചരിച്ചിരുന്ന സ്വകാര്യ വാഹനത്തിന് സൈഡ് നല്‍കാത്തതാണ് തര്‍ക്കത്തില്‍ കലാശിച്ചതെന്നാണ് ആദ്യം പുറത്തു വന്ന റിപ്പോര്‍ട്ട്. ശനിയാഴ്ച രാത്രി പത്ത് മണിയോടെ തിരുവനന്തപുരം പ്ലാമൂട് വെച്ചാണ് സംഭവം. വാഹനത്തിന് സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ച് മേയര്‍ ആര്യ ബസ് തടയുകയായിരുന്നു. മേയറും ഒപ്പമുണ്ടായിരുന്നവരും ഡ്രൈവറെ ചോദ്യം ചെയ്യാന്‍ ആരംഭിച്ചതോടെ വാക്കുതര്‍ക്കമായി. തങ്ങള്‍ക്കെതിരെ ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചുവെന്ന ആരോപണവും മേയറും കുടുംബവും ഉന്നയിച്ചിരുന്നു. സംഭവത്തില്‍ കെ എസ് ആര്‍ ടി സി ഡ്രൈവര്‍ യദുവിനെതിരെ പോലീസ് കേസെടുത്തു. അതേസമയം, ട്രിപ്പ് മുടക്കിയെന്ന് ചൂണ്ടിക്കാട്ടി മേയര്‍ക്കെതിരെ ഡ്രൈവര്‍ നല്‍കിയ പരാതിയില്‍ കേസെടുക്കാന്‍ പോലീസ് തയ്യാറായിട്ടില്ല.
സംഭവത്തെ കുറിച്ച് ഡ്രൈവര്‍ക്ക് പറയാനുള്ളത് ഇതാണ് : രാത്രി പത്ത് മണിയോടെ പട്ടത്ത് സിഗ്‌നല്‍ കഴിഞ്ഞ് യാത്രക്കാരെ ഇറക്കിയ ശേഷം മുന്നോട്ട് എടുക്കുമ്പോഴാണ് പിറകില്‍ നിന്ന് വാഹനത്തിന്റെ ഹോണ്‍ ശബ്ദം കേട്ടത്. ഓവര്‍ടേക്ക് ചെയ്യാന്‍ സ്ഥലമില്ലാത്തതുകൊണ്ടായിരുന്നു കാര്‍ ഹോണടിച്ചത്. പ്ലാമൂട് എത്തുന്നതിന് മുമ്പ് കാര്‍ കടന്നു പോകാനായി ബസ് സൈഡിലേക്ക് മാറ്റിക്കൊടുത്തു. തുടര്‍ന്ന് കാര്‍ ബസിന് മുമ്പിലേക്ക് കയറി ബ്രേക്കിടുകയും വേഗത കുറച്ച് തടസമുണ്ടാക്കുന്ന തരത്തില്‍ മുന്നോട്ടു നീങ്ങുകയും ചെയ്തു. തുടര്‍ന്ന് വലതു വശത്ത് സ്ഥലമില്ലാത്തതിനാല്‍ ഇടതുവശത്ത് കൂടി ബസ് കാറിനെ മറികടന്നു. തുടര്‍ന്ന് പ്ലാമൂട് വണ്‍വേയില്‍ കൂടി ഇടതുവശം വഴി ബസിനെ മറികടക്കാന്‍ കാര്‍ ശ്രമിച്ചെങ്കിലും സ്ഥലമില്ലായിരുന്നു. ഈ സമയത്ത് കാറില്‍ നിന്ന് തുടരെ ഹോണടിക്കുകയും ലൈറ്റിട്ട് കാണിക്കുകയും ചെയ്തു. പാളയത്ത് യാത്രക്കാരെ ഇറക്കി മുന്നോട്ടു പോയപ്പോഴാണ് ബസിനെ മറികടന്ന് കാര്‍ കുറുകെ നിര്‍ത്തിയത്. രണ്ട് യുവാക്കള്‍ ഇറങ്ങി വന്ന് അച്ഛന്റെ വകയാണോ റോഡ് എന്ന് ചോദിച്ചു. ഇതിന് മറുപടിയായി എന്റെ അച്ഛന്റെ വകയല്ല, നിങ്ങളുടെ അച്ഛന്റെ വകയാണോ എന്ന് തിരികെ ചോദിച്ചു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
മുണ്ടുടുത്ത ആള്‍ വന്നിട്ട് എം എല്‍ എയാണെന്നും നിനക്ക് എന്നെ അറിയാമോ എന്നും ചോദിച്ചു. അറിയത്തില്ലെന്നും വാഹനമോടിക്കുമ്പോള്‍ മാന്യത വേണ്ടേ എന്നും ചോദിച്ചു. തുടര്‍ന്ന് ജീന്‍സും വൈറ്റ് ടോപ്പും ധരിച്ച യുവതി അടുത്തെത്തി നിനക്ക് എന്നെ അറിയാമോടാ എന്ന് ചോദിച്ചു. ഇല്ലെന്ന് മറുപടി പറഞ്ഞു. നീ എന്താണ് ആംഗ്യം കാണിച്ചതെന്ന് ആ സ്ത്രീ ചോദിച്ചു. ബസിന് മുമ്പില്‍ കാര്‍ സര്‍ക്കസ് കളിച്ചപ്പോഴാണ് എന്താണ് കാണിക്കുന്നതെന്ന് ആംഗ്യത്തിലൂടെ ചോദിച്ചത്. സ്ത്രീകളോട് മോശമായി പെരുമാറിയെന്ന് പറഞ്ഞ യുവതി മേയറാണെന്ന് സ്വയം പരിചയപ്പെടുത്തി. നിങ്ങള്‍ ആരായാലും എനിക്കൊന്നുമില്ലെന്ന് മേയര്‍ക്ക് മറുപടി നല്‍കി.
പതിനഞ്ചോളം യാത്രക്കാരെ പാളയത്ത് ഇറക്കിവിട്ട ശേഷം മേയറുടെ ഭര്‍ത്താവ് ബസില്‍ കയറി ഇരുന്നു. രണ്ട് യുവാക്കള്‍ ഡോര്‍ വലിച്ചു തുറന്ന് ഡ്രൈവര്‍ സീറ്റില്‍ നിന്ന് പിടിച്ചിറക്കാന്‍ ശ്രമിച്ചു. പോലീസ് വരാതെ പുറത്തിറങ്ങില്ലെന്ന് താന്‍ പറഞ്ഞു. ബസിന്റെ ട്രിപ്പ് മുടക്കിയാണ് എസ് ഐ തന്നെ കസ്റ്റഡിയിലെടുത്തത്. തിരുവനന്തപുരത്ത് എത്തി ട്രിപ്പ് പൂര്‍ത്തിയാക്കിയ ശേഷമേ തന്നെ കസ്റ്റഡിയില്‍ എടുക്കാവൂ എന്നിരിക്കെ എസ് ഐ ചെയ്തത് തെറ്റായ നടപടിയാണ്. നടുറോഡില്‍ കിടന്ന ബസില്‍ നിന്ന് പിടിച്ചിറക്കി വൈദ്യപരിശോധനക്ക് കൊണ്ടുപോയി. വൈദ്യപരിശോധനയില്‍ മദ്യം കഴിച്ചിട്ടില്ലെന്ന് സ്ഥിരീകരിച്ചു.
ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന ആര്യ രാജേന്ദ്രനും സച്ചിനും നടുറോട്ടില്‍ കാണിച്ചു കൂട്ടിയത് മോശം പരിപാടിയായിപ്പോയെന്ന ആക്ഷേപമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. രാത്രിയില്‍ യാത്രക്കാരെ ഇറക്കിവിട്ട് എം എല്‍ എ ബസ് പിടിച്ചെടുക്കുന്നത് എന്തധികാരത്തിലാണ്. മേയര്‍ ആര്യ ബസ് തടഞ്ഞ് ഡ്രൈവറോട് ചോദിക്കുന്നത് തനിക്ക് എന്നെ അറിയുമോടാ എന്നാണ്. ഭീഷണി സ്വരം ഉയര്‍ത്തുന്ന ജനപ്രതിനിധികള്‍ നാടിന് മുന്നില്‍ എന്ത് മാതൃകയാണ് സൃഷ്ടിക്കുന്നത്. പൊതുപ്രവര്‍ത്തകര്‍ സമൂഹത്തിന് എളിമയിലൂടെയും ക്ഷമയിലൂടെയും മാതൃകയാവണമെന്ന് ഓര്‍മപ്പെടുത്തലും സോഷ്യല്‍ മീഡിയയില്‍ വന്നു.