ആരും പുതിയ കേസുകള്‍ കൊടുക്കരുത്, ജയിലില്‍ നിന്നും പുറത്തുവന്നയുടന്‍ സ്‌കൂട്ടര്‍ വിതരണം നടത്താം; അനന്തു കൃഷ്ണന്റെ ഓഡിയോ സന്ദേശം പുറത്ത്

മൂവാറ്റുപുഴ: പകുതിവിലയ്ക്ക് സ്ത്രീകള്‍ക്ക് സ്‌കൂട്ടര്‍ വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ് നടത്തിയ ഇടുക്കി സ്വദേശി അനന്തു കൃഷ്ണന്റെ ഓഡിയോ സന്ദേശം പുറത്ത്. ജയിലില്‍ നിന്നും വന്നാല്‍ സ്‌കൂട്ടര്‍ വിതരണം നടത്തുമെന്നും ആരും പുതിയ കേസുകള്‍ കൊടുക്കരുതെന്നുമാണ് ഓഡിയോ സന്ദേശത്തില്‍ പ്രതി അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. ജയിലില്‍ തന്നെ കാണാനെത്തിയ സുഹൃത്തിന്റെ ഫോണില്‍ നിന്നാണ് അനന്തു ശബ്ദ സന്ദേശം അയച്ചിരിക്കുന്നത്.
Also Read; ചൊവ്വാഴ്ച 24 മണിക്കൂര്‍ കെഎസ്ആര്‍ടിസി പണിമുടക്ക്
കേസ് കൂടിയാല്‍ തനിക്ക് പുറത്ത് വരാനാവില്ല. ഫണ്ട് റോള്‍ ചെയ്തപ്പോള്‍ ഉദ്ദേശിച്ച തുക ലഭിച്ചില്ലെന്നും എന്‍ജിഒ കോണ്‍ഫെഡറേഷന്‍ നേതാക്കള്‍ തന്നെ കൈവിട്ടുവെന്നും ഇയാള്‍ പറയുന്നു. ഇതോടെ തനിക്ക് ഉത്തരവാദിത്തം ഒറ്റയ്ക്ക് ചുമലിലേല്‍ക്കേണ്ടി വന്നു. ഏഴ് സ്ഥാപനങ്ങള്‍ സിഎസ്ആര്‍ തരാന്‍ തയ്യാറാണ്. അവരുമായി ചര്‍ച്ച നടത്താനിരിക്കുകയാണ്. അതിനിടെയാണ് അറസ്റ്റ് ചെയ്തത്. അവിടെ നിന്നും പണം ലഭിക്കും. പുറത്ത് വന്നാല്‍ ഒരു സമയപരിധിക്കുള്ളില്‍ പണവും വാഹനവും നല്‍കാനാവുമെന്നും ശബ്ദസന്ദേശത്തിലുണ്ട്.
വിവിധ പദ്ധതികളുടെ പേരില്‍ 300 കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടത്തിയെന്ന കേസില്‍ കഴിഞ്ഞ ദിവസമാണ് കുടയത്തൂര്‍ സ്വദേശിയായ അനന്തു കൃഷ്ണന്‍ (26) അറസ്റ്റിലായത്. അറസ്റ്റിന് പിന്നാലെ തട്ടിപ്പിനിരയായെന്ന പരാതിയുമായി 1,200 ഓളം സ്ത്രീകള്‍ രംഗത്തെത്തിയിരുന്നു. വിമണ്‍ ഓണ്‍ വീല്‍സ് എന്ന പദ്ധതിയുടെ പേരിലായിരുന്നു ലക്ഷങ്ങളുടെ തട്ടിപ്പ് നടന്നത്. വാഹനത്തിന്റെ പകുതി തുക അടച്ചാല്‍ ബാക്കി പകുതി തുക കേന്ദ്രസര്‍ക്കാര്‍ സഹായമായും വലിയ കമ്പനികളുടേതടക്കം സിഎസ്ആര്‍ ഫണ്ടായി ലഭിക്കുമെന്നുമായിരുന്നു വാഗ്ദാനം. പണം അടച്ച് 45 ദിവസത്തിനുള്ളില്‍ വാഹനം ലഭ്യമാക്കുമെന്നും ഇയാള്‍ വാഗ്ദാനം നല്‍കിയിരുന്നു. ഇതു വിശ്വസിച്ച സ്ത്രീകള്‍ ഇയാളുടെ സ്ഥാപനത്തിന്റെ മൂന്ന് ബാങ്ക് അക്കൗണ്ടുകളിലേക്കാണ് പണം അയച്ചു നല്‍കിയത്.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
ടൂവീലറിന് പുറമേ, തയ്യല്‍ മെഷീന്‍, ലാപ് ടോപ്പ് തുടങ്ങിയവയും കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുമെന്ന് പറഞ്ഞും ഇയാള്‍ തട്ടിപ്പ് നടത്തിയിരുന്നു. ഇവയുടെ വിതരണോദ്ഘാടനത്തിന് പ്രമുഖരേയും രാഷ്ട്രീയ നേതാക്കളേയും പങ്കെടുപ്പിച്ചാണ് ആളുകളുടെ വിശ്വാസം പിടിച്ചുപറ്റിയത്. പണം നല്‍കി 45 ദിവസങ്ങള്‍ കഴിഞ്ഞിട്ടും വാഹനം ലഭിക്കാതെ വന്നതോടെ പലരും ഇയാളെ നേരിട്ട് സമീപിച്ച് കാര്യങ്ങള്‍ തിരക്കി. ദിവസങ്ങള്‍ക്കുള്ളില്‍ വാഹനം ലഭ്യമാക്കുമെന്നായിരുന്നു ഇയാള്‍ നല്‍കിയ മറുപടി. രണ്ടും മൂന്നും തവണ അന്വേഷിച്ചിട്ടും വാഹനം ലഭിക്കാതെ വന്നതോടെയാണ് പലരും പരാതിയുമായി പോലീസിനെ സമീപിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതി ഇപ്പോള്‍ റിമാന്‍ഡിലാണ്.