രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകാന്‍ യോഗ്യന്‍, മറ്റുപലരും യോഗ്യര്‍: ജി സുകുമാരന്‍ നായര്‍

പത്തനംതിട്ട: രാഷ്ട്രീയ പാര്‍ട്ടികളോടും മുന്നണികളോടും എന്‍എസ്എസ് സമദൂരം തുടരുമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. എല്ലാ രാഷ്ട്രീയ നേതാക്കളും ബന്ധുക്കളാണ്. ഒരുകാലത്ത് രാഷ്ട്രീയ നിലപാട് എടുത്തത് വിഢ്ഡിത്തരമെന്ന് എന്‍എസ്എസിന് മനസിലായെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയെ എന്‍എസ്എസ് ആസ്ഥാനത്തേക്ക് ക്ഷണിച്ചതില്‍ തെറ്റൊന്നുമില്ല. രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകാന്‍ യോഗ്യനാണ്. മറ്റു പലരും യോഗ്യരാണ്. എല്ലാവരും ബഹുമാനിക്കുന്ന ആളായതുകൊണ്ടും നായരായതിനാലുമാണ് രമേശ് ചെന്നിത്തലയെ എന്‍എസ്എസ് ആസ്ഥാനത്തേക്ക് ക്ഷണിച്ചതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
എന്നാല്‍ എസ്എന്‍ഡിപിയെ അവഗണിച്ചത് കൊണ്ടാണ് കോണ്‍ഗ്രസ് തകര്‍ന്നതെന്ന വെള്ളാപ്പള്ളി നടേശന്റെ പരാമര്‍ശത്തിന്മേല്‍ പ്രതികരിക്കാന്‍ സുകുമാരന്‍ നായര്‍ തയ്യാറായില്ല. വെള്ളാപ്പള്ളി അങ്ങനെ പലതും പറയും. അതിനു മറുപടിയില്ലെന്നായിരുന്നു വിഷയത്തില്‍ സുകുമാരന്‍ നായരുടെ പ്രതികരണം.
വര്‍ഷങ്ങള്‍ക്ക് ശേഷം മന്നം ജയന്തി ആഘോഷങ്ങളുടെ ഭാഗമായുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ രമേശ് ചെന്നിത്തല ചങ്ങനാശേരി പെരുന്നയിലെ എന്‍എസ്എസ് ആസ്ഥാനത്തെത്തിയിരുന്നു. പിന്നാലെ ഇതുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങളും ഉയര്‍ന്നു. മുഖ്യമന്ത്രി സ്ഥാനത്തേക്കുളള മത്സരത്തിന്റെ ഭാഗമായുള്ള പിന്തുണ തേടലാണ് ചെന്നിത്തലയുടെ എന്‍എസ്എസ് ബന്ധം പുതുക്കലിന്റെ ലക്ഷ്യമെന്നായിരുന്നു വിലയിരുത്തല്‍. പിന്നാലെയാണ് എന്‍എസ്എസ് വിശദീകരണം.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..