ഇനി ചിക്കുന്‍ഗുനിയയെ പേടിക്കേണ്ട; ആദ്യ വാക്സിന് അനുമതി നല്‍കി യുഎസ്
വാഷിംഗ്ടണ്‍: ചിക്കുന്‍ഗുനിയ തടയാനുള്ള ആദ്യ വാക്സിന് യുഎസ് അനുമതി നല്‍കി. വാല്നെവ വികസിപ്പിച്ച ഈ വാക്‌സിന്‍ ‘ഇക്‌സ്ചിക്’ എന്ന പേരിലാകും വിപണിയിലെത്തുന്നത്. യുഎസ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനാണ് (യുഎസ്എഫ്ഡിഎ ) വാക്‌സിന് അനുമതി നല്‍കിയത്. ഒറ്റത്തവണയെടുക്കേണ്ട വാക്‌സിന്‍ പതിനെട്ട് വയസിന് മുകളിലുള്ളവര്‍ക്കാണ് നല്‍കുക. ഉടന്‍ തന്നെ ചിക്കുന്‍ഗുനിയ വ്യാപിക്കുന്ന രാജ്യങ്ങളിലേക്കും വാക്‌സിന്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.
ലോകത്ത് പലയിടത്തും ഭീഷണിയായ ചിക്കുന്‍ഗുനിയ എന്ന വൈറല്‍ പനി കേരളത്തില്‍ പടര്‍ന്ന് പിടിച്ചത് 2007ല്‍ ആണ്്. ആര്‍ബോ വിഭാഗത്തില്‍പ്പെടുന്ന വൈറസുകളുണ്ടാക്കുന്ന പനി സാധാരണ മഴക്കാലത്താണ് പടരുക. ഈ രോഗാണുക്കളെ വഹിക്കുന്നത് ഈഡിസ് വിഭാഗത്തില്‍പ്പെടുന്ന കൊതുകുകളാണ്. രോഗാണുക്കളുള്ള കൊതുക് കടിച്ച് രണ്ട് മുതല്‍ 12 ദിവസങ്ങള്‍ക്കുള്ളിലാണ് രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുക. മിക്കവരിലും ഏഴ് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങും. പ്രധാന ലക്ഷണം ശക്തമായ പനിയാണ്. വിറയലോടുകൂടിയ കഠിനമായ പനിയാണ് മിക്കവര്‍ക്കും ഉണ്ടാവാറുള്ളത്.
Also Read; വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം
ഡെങ്കിപ്പനി, വൈറല്‍ പനി എന്നിവയോട് സാമ്യമുണ്ടെങ്കിലും ചിക്കുന്‍ഗുനിയയ്ക്ക് ചില വ്യത്യാസങ്ങള്‍ളുണ്ട്. പനിക്കൊപ്പം സന്ധിവേദനയും നീരും ഉണ്ടാകും. ചിലര്‍ക്ക് ഛര്‍ദി, ക്ഷീണം തുടങ്ങിയവയും ഉണ്ടാകാം. പനി മാറിയാലും സന്ധിവേദനയും നീര്‍ക്കെട്ടും മാസങ്ങളോ വര്‍ഷങ്ങളോ നീണ്ടുനില്‍ക്കും. മറ്റ് രോഗങ്ങള്‍ ഉള്ളവരാണെങ്കില്‍ മരണം വരെ സംഭവിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയാല്‍ ഉടന്‍ തന്നെ ചികിത്സ തേടേണ്ടതാണ്.