October 18, 2024
#life

ഒളിമ്പിക് അത്ലറ്റ് ടോറി ബൗവിയുടെ മരണകാരണം എക്ലാംപ്‌സിയ

മൂന്ന് ഒളിമ്പിക് മെഡല്‍ സ്വന്തമാക്കിയ ലോകത്തിലെ ഏറ്റവും വേഗത കൂടിയ താരങ്ങളില്‍ ഒരാള്‍ എന്ന വിശേഷണത്തിന് ഉടമയായ ഒളിമ്പിക് അത്ലറ്റ് ടോറി ബൗവി മെയ് രണ്ടിനാണ് മരണപ്പെട്ടത്. സംഭവം നടന്ന് ഒന്നര മാസം പിന്നിടുമ്പോഴിതാ ഇതിന് പിന്നാലെ മുപ്പത്തിരണ്ടുകാരിയായ ടോറിയുടെ മരണത്തിന്റെ കാരണം പുറത്തു വന്നിരിക്കുകയാണ്. ഫ്ലോറിഡയിലെ ഓറഞ്ച് കൗണ്ടി മെഡിക്കല്‍ എക്സാമിനറുടെ ഓഫീസാണ് വിവരം പുറത്തുവിട്ടത്. വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ടോറി എട്ടുമാസം ഗര്‍ഭിണിയായിരുന്നു. തന്റെ അവസാന നിമിഷങ്ങളില്‍ പ്രസവവേദനയിലൂടെ കടന്നുപോയിരുന്നു എന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.

ശ്വാസ തടസ്സവും ഗര്‍ഭകാലത്തു കാണുന്ന എക്ലാംപ്സിയയുമാണ് മരണത്തിന് കാരണമായ് പറയപ്പെടുന്നത്. ചുഴലിയും കോമയും ഉള്‍പ്പെടെയുള്ള ഗുരുതരാവസ്ഥയിലേക്ക് നയിക്കുന്ന എക്ലാംപ്സിയ മരണകാരണവും ആകാറുണ്ട്. മറ്റ് വര്‍ഗക്കാരെ അപേക്ഷിച്ച് എക്ലാംപ്സിയയാല്‍ മരണപ്പെടുന്ന കറുത്ത വര്‍ഗക്കാരായ അമേരിക്കക്കാരുടെ എണ്ണം കൂടുതലാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. ടോറിയുടെ മരണത്തോടെ കറുത്ത വര്‍ഗക്കാരായ സ്ത്രീകളില്‍ എക്ലാംപ്സിയയെക്കുറിച്ചുള്ള സംശയങ്ങള്‍ വര്‍ദ്ധിച്ചു വരികയാണ്.

എന്താണ് എക്ലാംപ്സിയ…?

ഗര്‍ഭകാലത്ത് സ്ത്രീകളില്‍ ഉണ്ടാവുന്ന അമിത രക്തസമ്മര്‍ദത്തെയാണ് എക്ലാംപ്സിയ, പ്രീഎക്ലാംപ്സിയ എന്ന് വിളിക്കുന്നത്. രക്തസമ്മര്‍ദത്തില്‍ പെട്ടന്നുണ്ടാകുന്ന ഉയര്‍ച്ചയാണ് പ്രീഎക്ലാംപ്സിയ എന്ന പറയുന്നത്. എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമായ് അമിത രക്തസമ്മര്‍ദത്തോടൊപ്പം സന്നി, കോമ പോലെയുള്ള ഗുരുതരാവസ്ഥയിലേക്ക് പോവുകയും ശരീരത്തിലെ എല്ലാ പ്രധാന അവയവങ്ങളേയും ബാധിക്കുകയും ചെയ്യുന്ന അവസ്ഥയാണ് എക്ലാംപ്സിയ. ഉയര്‍ന്ന രക്തസമ്മര്‍ദം ഉള്ള ഗര്‍ഭിണികളില്‍ എക്ലാംപ്സിയയ്ക്കുള്ള സാധ്യത വളരെ കൂടുതലാണ്. ചികിത്സ തേടാതിരുന്നാല്‍ ഇത് ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ തന്നെ ബാധിക്കാന്‍ കാരണമായേക്കും.

തുടര്‍ച്ചയായ് ചുഴലിയുണ്ടാകുന്നത് രോഗിയെ കോമയിലേക്ക് വരെ ചെന്നെത്തിക്കും. ഉയര്‍ന്ന തക്തസമ്മര്‍ദം, പ്രമേഹം, ഹൈപ്പര്‍ടെന്‍ഷന്‍, ലൂപ്പസ് പോലെയുള്ള രോഗാവസ്ഥയിലുള്ളവരില്‍ എക്ലാംപ്‌സിയയ്ക്കുള്ള സാധ്യതകള്‍ വളരെ കൂടുതലാണ് എന്നാണ് പഠനങ്ങള്‍ പറയുന്നത്.

എക്ലാംപ്‌സിയയുടെ ലക്ഷണങ്ങള്‍

തലവേദന, വയറിന്റെ വലതുവശത്തുള്ള വേദന, കണങ്കാലിലെയും പാദങ്ങളിലെയും നീര്, കാഴ്ച്ചപ്രശ്നം തുടങ്ങിയവയാണ് ലക്ഷണങ്ങള്‍.

Leave a comment

Your email address will not be published. Required fields are marked *