നെന്മാറ ഇരട്ടക്കൊലപാതക കേസില്‍ 480 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ച് അന്വേഷണസംഘം
പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതക കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് അന്വേഷണസംഘം. 480 പേജുള്ള കുറ്റപത്രമാണ് ആലത്തൂര്‍ കോടതിയില്‍ സമര്‍പ്പിച്ചത്. ദൃക്സാക്ഷിയുടെ മൊഴിയും ഡിഎന്‍എ പരിശോധനാ ഫലവുമാണ് കേസില്‍ ഏറെ നിര്‍ണായകമായത്.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
ദൃക്സാക്ഷി ഉള്‍പ്പെടെ കേസില്‍ ആകെ 132 സാക്ഷികളും 30 ലേറെ ശാസ്ത്രീയ തെളിവുകളുമാണുള്ളത്. കേസില്‍ ഏക പ്രതി ചെന്താമര മാത്രമാണ്. ചെന്താമര കോടതിയില്‍ പലപ്പോഴായി ഉയര്‍ത്തിയ വാദങ്ങള്‍ പൂര്‍ണമായി തള്ളുന്ന കുറ്റപത്രമാണ് തെളിവുകളും രേഖകളും ഉള്‍പ്പെടെ അന്വേഷണ സംഘം സമര്‍പ്പിച്ചത്. ചെന്താമര ലക്ഷ്മിയെ വെട്ടി പരിക്കേല്‍പ്പിക്കുന്നത് കണ്ടെന്ന ഏകദൃക്സാക്ഷി ഗിരീഷിന്റെ മൊഴി കേസില്‍ നിര്‍ണായകമായി. കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ മാത്രമാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന പ്രതിയുടെ വാദം പൂര്‍ണമായി തള്ളുന്നതാണ് ഈ സാക്ഷിമൊഴി. ഡിഎന്‍എ പരിശോധന ഫലവും കുറ്റപത്രത്തിനൊപ്പമുണ്ട്. ചെന്താമരയുടെ കൊടുവാളില്‍ നിന്ന് മരിച്ചവരുടെ ഡിഎന്‍എ കണ്ടെത്തിയിട്ടുണ്ട്.
കൊടുവാളിന്റെ പിടിയില്‍ നിന്ന് ചെന്താമരയുടെ ഡിഎന്‍എയും കണ്ടെത്തി. കൂടാതെ പ്രതിയുടെ ലുങ്കിയില്‍ സുധാകരന്റെയും ലക്ഷ്മിയുടെയും രക്തക്കറയും കണ്ടെടുത്തു. ഇടംകയ്യനായ തനിക്ക് കൊടുവാള് കൊണ്ട് എങ്ങനെ കൊലപ്പെടുത്താനുളള ശക്തിയില്‍ ആഞ്ഞു വെട്ടാനാകുമെന്ന പ്രതിഭാഗത്തിന്റെ വാദം തെറ്റെന്ന് തെളിയിക്കാന്‍ ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റും കുറ്റപത്രത്തിനൊപ്പമുണ്ട്. ഇടം കയ്യ് കൊണ്ട് വെട്ടിയാലും മുറിവുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. പ്രതി മാനസിക രോഗിയല്ലെന്ന് തെളിയിക്കുന്ന രേഖകളും കുറ്റപത്രത്തിലുണ്ട്.
കൊലയ്ക്ക് കാരണം വ്യക്തിവിരോധവും പ്രതിയുടെ കുടുംബം തകര്‍ത്തതിലുള്ള പകയുമാണ്. പ്രതി ചെന്താമര ഒറ്റയ്ക്കാണ് കൊല നടത്തിയത്. സുധാകരനെ കൊലപ്പെടുത്താനാണ് പദ്ധതിയിട്ടത്. അമ്മ ലക്ഷ്മി ബഹളം വെച്ചപ്പോള്‍ അവരെയും കൊലപ്പെടുത്തിയെന്നും കുറ്റപത്രത്തില്‍ പറയുന്നു. സാക്ഷികളുടെ ഗൂഗിള്‍ ടൈം ലൈന്‍ കൂടി ഉള്‍പ്പെടുത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.





Malayalam 




























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































