#kerala #Politics #Top Four #Top News

പകുതിവില തട്ടിപ്പ് നടത്തിയ അനന്തുവുമായി വിദ്യാഭ്യാസ മന്ത്രിക്ക് അടുത്ത ബന്ധം, സര്‍ക്കാരിന്റെ പിന്തുണയുണ്ടെന്ന് മന്ത്രി പറഞ്ഞു, തനിക്കെതിരെ കേസെടുത്തത് രാഷ്ട്രീയ പ്രേരിതം : നജീബ് കാന്തപുരം

മലപ്പുറം: പകുതിവിലയ്ക്ക് ലാപ്ടോപ് നല്‍കാമെന്ന് വിശ്വസിപ്പിച്ച് 21,000 രൂപ തട്ടിയെടുത്തെന്ന കേസില്‍ സര്‍ക്കാരിനെയും വിദ്യാഭ്യാസമന്ത്രിയെയും വിമര്‍ശിച്ച് നജീബ് കാന്തപുരം എംഎല്‍എ. കേരളത്തില്‍ ഉടനീളം നടന്ന കോടികളുടെ തട്ടിപ്പില്‍ കുറ്റവാളികളെ തേടി പോകാതെ സര്‍ക്കാര്‍ ഇരകളായ എന്‍ജിഒകളെ തേടിയാണ് പോകുന്നതെന്ന് നജീബ് കാന്തപുരം പറഞ്ഞു.

പണം കൊടുത്തു വഞ്ചിതയാവരെ പോലെ വഞ്ചിക്കപ്പെട്ടവര്‍ ആണ് സന്നദ്ധ സംഘടനകളും. സര്‍ക്കാര്‍ കേസ് എടുക്കുന്നത് വഞ്ചിക്കപെട്ട എന്‍ജിഒ കള്‍ക്ക് എതിരെയാണ് എന്നും എംഎല്‍എയുടെ രൂക്ഷവിമര്‍ശനം. തനിക്ക് എതിരെയുള്ള കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും നജീബ് കാന്തപുരം തുറന്നടിച്ചു.വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിക്ക് എതിരെയും എംഎല്‍എ വിമര്‍ശനം ഉന്നയിച്ചു. മന്ത്രിയുടെ പ്രസംഗം ഉദ്ധരിച്ചായിരുന്നു വിമര്‍ശനം.

‘2023 ലെ എന്‍ജിഒ ഓഫീസ് ഉദ്ഘാടനം ചെയ്യുന്നത് മന്ത്രി വി ശിവന്‍കുട്ടിയാണ്. അനന്തു കൃഷ്ണന്‍ തനിക്ക് നല്ല ബന്ധമുള്ള വ്യക്തിയെന്ന് വി ശിവന്‍കുട്ടി അന്ന് പറഞ്ഞു.സര്‍ക്കാരിന്റെ എല്ലാ പിന്തുണയും ഈ സംഘടനക്ക് ഉണ്ടെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. മന്ത്രി പറഞ്ഞതിന് ശേഷം 2024 ലാണ് തങ്ങള്‍ അംഗമാകുന്നത്. തങ്ങള്‍ക്ക് എതിരെയാണോ അതോ ഞങ്ങളെ ഇതിലേക്ക് പ്രോത്സാഹിപ്പിച്ച മന്ത്രിക്ക് എതിരെയാണോ ആദ്യ കേസ് എടുക്കേണ്ട’തെന്നും എംഎല്‍എ ചോദിച്ചു. ഒരു കോടി 80 ലക്ഷം രൂപയാണ് ഫൗണ്ടേഷന്‍ വഴി കൈമാറിയതില്‍ കിട്ടാനുള്ളത്. മന്ത്രിയെ കണ്ടാണ് താന്‍ പൈസ കൊടുത്തത് എന്നും നജീബ് കാന്തപുരം പറഞ്ഞു.

പകുതി വിലക്ക് കിട്ടിയ വിദ്യാഭ്യാസ കിറ്റ് സൗജന്യമായാണ് വിതരണം ചെയ്തത്. മുദ്ര ഫൗണ്ടേഷനാണ് ഇതിന് പണം ചിലവഴിച്ചത്. സാമ്പത്തിക ഉദ്ദേശ്യമുണ്ടങ്കില്‍ അങ്ങനെ ചെയ്യുമോ എന്നും തട്ടിപ്പ് നടത്താനാണ് ഉദ്ദേശിക്കുന്നതങ്കില്‍ എംഎല്‍എ ഓഫീസില്‍ വിളിച്ച് അപേക്ഷ നല്‍കാന്‍ പറയുമോ എന്നും നജീബ് എംഎല്‍എ ചോദിച്ചു. ഒറ്റപ്പാലത്ത് പദ്ധതിക്ക് നേതൃത്വം നല്‍കിയത് പ്രേം കുമാര്‍ എംഎല്‍എയാണ്. സിപിഐഎം പഞ്ചായത്ത് പ്രസിഡന്റുമാരും ഇതിന്റെ ഭാഗമാക്കിയിട്ടുണ്ട്. രണ്ട് സൊസൈറ്റികള്‍ നടത്തുന്നത് സിപിഎഎമ്മാണ്. ആനന്ദകുമാറിനെ എന്ത് കൊണ്ട് അറസ്റ്റ് ചെയ്യുന്നില്ലെന്നും നജീബ് കാന്തപുരം ചോദിച്ചു.

പെരിന്തല്‍മണ്ണയില്‍ പണം നഷ്ടപ്പെട്ടവര്‍ക്ക് ആശങ്ക വേണ്ട എന്നും എംഎല്‍എ പറഞ്ഞു. എല്ലാവരുടെയും പണം തിരിച്ചു നല്‍കും. പണം വാങ്ങിയതിന് ഉത്തരവാദിത്വമുണ്ട്. മുദ്രയുടെ ഓഡിറ്റ് റിപ്പോര്‍ട്ട് ആര്‍ക്ക് വേണേലും പരിശോധിക്കാം. എന്‍ജിഒയ്ക്ക് വേണ്ടിയാണ് എന്ന് പറഞ്ഞു തന്നെയാണ് പണം പിരിച്ചത് എന്നും നജീബ് കാന്തപുരം എംഎല്‍എ വ്യക്തമാക്കി.

പുലാമന്തോള്‍ സ്വദേശി അനുപമയുടെ പരാതിയിലാണ് കഴിഞ്ഞദിവസം നജീബ് കാന്തപുരം എംഎല്‍എക്കെതിരെ പെരിന്തല്‍മണ്ണ പൊലീസ് കേസെടുത്തത്. 2024 സെപ്തംബര്‍ 25 നാണ് എംഎല്‍എയുടെ ഓഫീസിലെത്തി പണം നല്‍കിയത്. 40 ദിവസം കഴിഞ്ഞാല്‍ ലാപ്ടോപ് ലഭിക്കുമെന്നാണ് വിശ്വസിപ്പിച്ചത്. എന്നാല്‍ പണമോ ലാപ്ടോപോ ലഭിക്കാതെ വന്നതോടെ പരാതി നല്‍കുകയായിരുന്നു.

Leave a comment

Your email address will not be published. Required fields are marked *