അന്ന് പിണറായി പരനാറിയെന്ന് വിളിച്ചു, ഇന്ന് എന്‍ കെ തോല്‍പ്പിക്കാനാകാത്ത സ്ഥാനാര്‍ഥി, സി പി ഐ എം ആരെയിറക്കും ഗോദയില്‍? രണ്ട് പേരുകള്‍ മുന്നിലുണ്ട്

കൊല്ലം പാര്‍ലമെന്റ് സീറ്റില്‍ യുഡിഎഫ് സ്ഥാനാര്‍ഥി എന്‍കെ പ്രേമചന്ദ്രന്‍ വീണ്ടും മല്‍സരിക്കാനെത്തുന്നതോടെ സിപിഎം ഏറ്റവും മികച്ച സ്ഥാനാര്‍ഥിയെ തന്നെ കളത്തിലിറക്കാനുള്ള ആലോചനയില്‍. ജാതി സമവാക്യങ്ങള്‍ സ്വാധീനിക്കുന്ന മണ്ഡലത്തില്‍ മുന്‍ മാവേലിക്കര എംപി സിഎസ് സുജാതയെ സജീവമായി പരിഗണിക്കുന്നതായിട്ടാണ് പുറത്ത് വരുന്ന സൂചന. ഒപ്പം എം സ്വരാജിന്റെയും പേരും ചര്‍ച്ചകളില്‍ ഉയരുന്നുണ്ട്.
സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ നയിച്ച ജനകീയ പ്രതിരോധ യാത്രയിലെ നേതൃത്വത്തിലുണ്ടായിരുന്ന ഏക വനിതാ നേതാവ് കൂടിയായിരുന്നു സിഎസ് സുജാത. പ്രേമചന്ദ്രനെതിരെ സുജാത മല്‍സരത്തിനെത്തിയാല്‍ അനുകൂല തരംഗം ഉണ്ടാക്കാമെന്ന പ്രതീക്ഷയും സിപിഎം നേതൃത്വത്തിനുണ്ട്.
എംഎ ബേബി മത്സരിച്ചപ്പോള്‍ പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയന്റെ പരനാറി പ്രയോഗം തിരിച്ചടിയായപ്പോള്‍, ശബരിമല വിഷയമടക്കമാണ് കഴിഞ്ഞ തവണ കെഎന്‍ ബാലഗോപാലിന്റെ പരാജയത്തിന് കാരണമായി മാറിയത്. പഴയ സാഹചര്യങ്ങളെല്ലാം മാറിയെന്ന കണക്ക് കൂട്ടലിലാണ് സി പി ഐ എം. അതേസമയം എംപി എന്ന നിലയിലുള്ള വികസന പ്രവര്‍ത്തനം ഉയര്‍ത്തി കാട്ടി പുതിയ പാര്‍ട്ടി സെക്രട്ടറി ഷിബു ബേബി ജോണിന്റെ നേതൃത്വത്തില്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ആര്‍എസ്പിയും തുടക്കം കുറിച്ചു.
പ്രേമചന്ദ്രന്‍ മത്സരിക്കുമ്പോള്‍ പരാജയഭീതിയില്ല യുഡിഎഫിന്. പ്രതീക്ഷകള്‍ വെച്ചുപുലര്‍ത്തുന്നില്ലെങ്കിലും കൊല്ലം സീറ്റില്‍ എന്‍ഡിഎ ഇത്തവണ മികച്ച മത്സരം സൃഷ്ടിക്കാന്‍ പോന്ന സ്ഥാനാര്‍ഥിയെ കൊണ്ട് വരാനാണ് സാധ്യത. കഴിഞ്ഞ തവണ ന്യൂനപക്ഷ മോര്‍ച്ച ദേശീയ സെക്രട്ടറി കെവി സാബുവായിരുന്നു സ്ഥാനാര്‍ഥി. എതിരാളികള്‍ പ്രചാരണം ആരംഭിച്ചതിന് ശേഷം സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത് പാര്‍ട്ടി വോട്ടുകളില്‍ ചോര്‍ച്ച ഉണ്ടായെന്ന തിരിച്ചറിവില്‍ ബി ജെ പി ഇത്തവണ നേരത്തെ കളത്തിലിറങ്ങും. എന്നാല്‍ ജില്ലയ്ക്ക് പുറത്ത് നിന്നുള്ള സ്ഥാനാര്‍ഥി വേണ്ടെന്ന നിലപാടിലാണ് ബിജെപി ജില്ലാ നേതൃത്വവും.