‘ഫ്രണ്ട്സ്’ താരം മാത്യു പെറി അന്തരിച്ചു

ലോസ് ആഞ്ചലസ്: സൂപ്പര്‍ഹിറ്റ് സിറ്റ്‌കോം പരമ്പരയായ ‘ഫ്രണ്ട്‌സിന്റെ’ പ്രധാന കഥാപാത്രങ്ങളിലൊന്ന് അവതരിപ്പിച്ച മാത്യു പെറി അന്തരിച്ചതായി റിപ്പോര്‍ട്ട്. 54 വയസായിരുന്നു. ലോസ് ആഞ്ചലസിലെ വീട്ടിലെ കുളിമുറിയില്‍ ഹോട്ട് ടബ്ബിലാണ് മാത്യു പെറിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. എന്‍ ബി സി യുടെ സൂപ്പര്‍ഹിറ്റ് കോമഡി പരമ്പരയായ ഫ്രണ്ട്സില്‍ ‘ചാന്‍ഡ്ലര്‍ ബിംഗ്’ എന്ന കഥാപാത്രത്തെയാണ് മാത്യു അവതരിപ്പിച്ചത്. 1994 മുതല്‍ 2004 വരെ പ്രദര്‍ശനം തുടര്‍ന്ന പരിപാടിക്ക് പത്ത് സീസണുകളായിരുന്നു ഉണ്ടായിരുന്നത്.
വേദനസംഹാരികള്‍ക്കും മദ്യത്തിനും അടിമയായിരുന്നു മാത്യുവെന്നാണ് റിപ്പോര്‍ട്ട്. പലതവണ ചികിത്സതേടുകയും ചെയ്തിരുന്നു. ഫ്രണ്ട്‌സിന്റെ ചിത്രീകരണ സമയത്ത് കടുത്ത ഉത്കണ്ഠ അനുഭവിച്ചിരുന്നതായി അടുത്തിടെ നടന്ന താരങ്ങളുടെ ഒത്തുച്ചേരലില്‍ അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. ഫ്രണ്ട്‌സിന് പുറമേ ഫൂള്‍സ് റഷ് ഇന്‍, ദി വോള്‍ നയണ്‍ യാര്‍ഡ്‌സ് തുടങ്ങിയ സിനിമകളിലും മാത്യു പെറി വേഷമിട്ടിരുന്നു. അവിവാഹിതനായിരുന്നു.
Also Read; മാളവിക ജയറാമിന്റെ കാമുകന്‍ തന്നെയോ? താരപുത്രിയുടെ പുതിയ പോസ്റ്റ് ചര്‍ച്ചയാകുമ്പോള്‍