50,000 അഭയാര്‍ത്ഥികള്‍ക്ക്, 4 ടോയ്ലറ്റുകള്‍, ദിവസവും 4 മണിക്കൂര്‍ വെള്ളം: ഗാസയിലെ ദുരന്തമുഖത്ത് നിന്ന് രക്ഷപ്പെട്ട യുഎസ് നഴ്‌സ് അനുഭവം തുറന്നു പറയുന്നു

ഗാസ മുനമ്പില്‍ സന്നദ്ധ സേവനം ചെയ്യുന്ന പലസ്തീന്‍ ഡോക്ടര്‍മാരും നഴ്സുമാരും തങ്ങള്‍ മരിക്കുമെന്ന് അറിയാവുന്ന ഹീറോകളാണെന്ന് യുദ്ധകെടുതിയില്‍ നിന്ന് രക്ഷപ്പെട്ട യുഎസ് നഴ്സ്. ഡോക്ടേഴ്സ് വിത്തൗട്ട് ബോര്‍ഡേഴ്സിന്റെ നഴ്സ് ആക്റ്റിവിറ്റി മാനേജര്‍ എമിലി കല്ലഹാനാണ് ഇക്കാര്യങ്ങള്‍ സിഎന്‍എന്നിനോട് വെളിപ്പെടുത്തിയത്.
‘ഗാസയില്‍ ഇപ്പോള്‍ സുരക്ഷിതമായ സ്ഥലമില്ല’. കഴിഞ്ഞ ബുധനാഴ്ച ഗാസയില്‍ നിന്ന് റാഫാ അതിര്‍ത്തി വഴി ഉണ്ടായ ഒഴിപ്പിക്കലില്‍ ആണ് മിസ് കല്ലഹാന്‍ യുഎസിലേക്ക് മടങ്ങിയത്. ദുരന്ത ഭൂമിയില്‍ നിന്ന് തിരിച്ചുവന്നപ്പോള്‍ എന്തു തോന്നുന്നു എന്ന അവതാരകന്റെ ചോദ്യത്തിന്, കല്ലഹാന്‍ ഇങ്ങനെ മറുപടി നല്‍കി. ‘ഞാന്‍ എന്റെ കുടുംബത്തോടൊപ്പം വീട്ടിലാണ്. 26 ദിവസത്തിന് ശേഷം ആദ്യമായി സുരക്ഷിതത്വം തോന്നുന്നു. എനിക്ക് ആശ്വാസമുണ്ട്’, അവള്‍ പറഞ്ഞു.
1,400 ഓളം പേരുടെ മരണത്തിനിടയാക്കിയ ഇസ്രായേല്‍-ഹമാസ് യുദ്ധ ഭൂമിയില്‍ നിന്ന് സുരക്ഷാ പ്രശ്നങ്ങള്‍ കാരണം 26 ദിവസത്തിനുള്ളില്‍ തങ്ങള്‍ക്ക് ഏകദേശം 5 തവണ സ്ഥലം മാറേണ്ടി വന്നതായി എംഎസ് കല്ലഹാന്‍ പറഞ്ഞു. ഇസ്രായേലിന്റെ വ്യോമാക്രമണത്തില്‍ കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് അഭയം നല്‍കാനുള്ള ദുരിതാശ്വാസ ക്യാമ്പുകളുടെ അവസ്ഥ അവര്‍ ഇങ്ങനെയാണ് വിവരിച്ചത്.
50,000-ത്തിലധികം ആളുകളുള്ള ഒരു ക്യാമ്പില്‍ നാല് ടോയ്ലറ്റുകള്‍, അതും ഒരു ദിവസം നാല് മണിക്കൂര്‍ മാത്രം വെള്ളം ലഭിക്കുന്നു. ‘കൂടാതെ, പൊള്ളലുകളും മുറിവുകളും ഏറ്റ നിരവധി പേര്‍. ‘നിങ്ങള്‍ക്ക് ഞങ്ങളെ സഹായിക്കാമോ?’ എന്ന് ചോദിക്കുന്ന നിസ്സാഹായരായ മാതാപിതാക്കളോട് ഞങ്ങള്‍ പറഞ്ഞത് ചികിത്സിക്കാനുള്ള സാധനങ്ങളൊന്നും ഞങ്ങളുടെ കൈവശമില്ലെന്നാണ്.
പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട നിരാശയില്‍ ദേഷ്യം വന്ന ചില ആളുകള്‍, എന്നെ നോക്കി ‘അമേരിക്കന്‍’ എന്ന് അലറിവിളിക്കും. ഞങ്ങള്‍ ഇസ്രായേലികളാണോ എന്നറിയാന്‍ അവര്‍ ഹീബ്രുവില്‍ കാര്യങ്ങള്‍ വിളിച്ചുപറയും. തങ്ങളുടെ പലസ്തീനിയന്‍ സഹപ്രവര്‍ത്തകന്‍ മുഴുവന്‍ സമയവും തങ്ങള്‍ക്കൊപ്പമായിരുന്നുവെന്ന് മിസ് കല്ലഹാന്‍ പറഞ്ഞു. ഈജിപ്തിലേക്കുള്ള റഫ അതിര്‍ത്തിയില്‍, ദേശീയ ജീവനക്കാരാണ് ഉദ്യോഗസ്ഥരുമായി സംസാരിച്ച് ബസുകളില്‍ കയറ്റിയതെന്നും കല്ലഹാന്‍ പറയുന്നു.. ഗാസയിലേക്ക് തിരികെ പോകുമോ എന്ന ചോദ്യത്തിന്, മിസ് കല്ലഹാന്റെ മറുപടി ഇങ്ങനെ, ‘എന്റെ ഹൃദയം ഗാസയിലാണ്, അത് ഗാസയില്‍ തന്നെ തുടരും. ഞാന്‍ ജോലി ചെയ്തിരുന്ന ഫലസ്തീനിലെ ജനങ്ങള്‍ എന്റെ ജീവിതത്തില്‍ കണ്ടുമുട്ടിയ ഏറ്റവും അവിശ്വസനീയമായ ആളുകളായിരുന്നു’