അര്‍ജന്‍റീന ലോക ചാമ്പ്യൻമാരായിട്ട് ഇന്നേക്ക് ഒരു വര്‍ഷം

ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും ആവേശകരമായ ഫൈനലില്‍ കിലിയന്‍ എംബാപ്പെയുടെ ഫ്രാൻസിനെ മറികടന്ന് ലിയോണല്‍ മെസിയുടെയും സംഘത്തിന്‍റേയും കിരീടധാരണം നടന്നിട്ട് ഒരു വർഷം. 2022 ഡിസംബര്‍ പതിനെട്ടിലെ രാത്രിയിലെ ഫൈനൽ മത്സരം കാണികൾ എക്കാലവും ഓർത്തിരിക്കുമെന്ന് ഉറപ്പാണ്..
ലിയോണല്‍ മെസിയിലൂടെ ഇരുപത്തിമൂന്നാം മിനിറ്റില്‍ അര്‍ജന്റീന മുന്നിലെത്തി. മെസിയുടെ വിജയമാലാഖയായ ഏഞ്ചല്‍ ഡി മരിയ (36-ാം മിനുറ്റ്) കൂടി ലക്ഷ്യം കണ്ടപ്പോള്‍ അര്‍ജന്‍റീനയുടെ പ്രതീക്ഷകള്‍ക്ക് കനംവച്ചു. എന്നാല്‍ കിരീടമുറപ്പിച്ച് അര്‍ജന്‍റീന ലോംഗ് വിസിലിലേക്ക് പന്ത് തട്ടുംബോഴായിരുന്നു കിലിയൻ എംബാപ്പേയുടെ ഇരട്ടപ്രഹരം. 80, 81 മിനിറ്റുകളില്‍ വലകുലുക്കി കിലിയന്‍ എംബാപ്പെ അര്‍ജന്‍റീനയെ ഞെട്ടിച്ചു. ഫുട്ബോള്‍ ലോകം തരിച്ചുപോയ നിമിഷങ്ങളായി അത്. പോരാട്ടം അധികസമയത്തേക്ക് നീണ്ടപ്പോള്‍ നൂറ്റിയെട്ടാം മിനിറ്റില്‍ മെസിയിലൂടെ അര്‍ജന്‍റീന വീണ്ടും മുന്നിലെത്തി.
എന്നാല്‍ കിലിയന്‍ എംബാപ്പെയിലൂടെ 118-ാം മിനുറ്റില്‍ വീണ്ടും ഫ്രാൻസ് മറുപടി നല്‍കിയതോടെ കളി അനിശ്ചിതത്വത്തിലേക്ക് നീണ്ടു. അനശ്വരതയിലേക്കുള്ള മെസിയുടെ പാതയില്‍ ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ കീഴ്മേല്‍ മറിഞ്ഞു. 120 മിനിറ്റിന് ശേഷവും ഇരു ടീമുകളും 3-3ന് ഒപ്പത്തിനൊപ്പം തുടര്‍ന്നതോടെ ഒടുവില്‍ സമനില തെറ്റിക്കാൻ അനിവാര്യമായ ഷൂട്ടൗട്ട് വേണ്ടിവന്നു. പിന്നെയെല്ലാം മെസിപ്പടയുടെ കിരീടധാരണത്തിലാണ് ചെന്നവസാനിച്ചത്. ഷൂട്ടൗട്ടിലെ സ്കോര്‍: 4-2. ലോകമെമ്ബാടുമുള്ള അര്‍ജന്‍റീന ആരാധകര്‍ ആഘോഷത്തിമിര്‍പ്പിലാണ് വിശ്വവിജയത്തിന്‍റെ ഒന്നാം വാര്‍ഷികത്തില്‍.
Also Read; ലോക്സഭയിൽ പ്രതിഷേധിച്ചതിനു വീണ്ടും പ്രതിപക്ഷ എംപിമാർക്കു കൂട്ടത്തോടെ സസ്പെൻഷൻ