രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് 12.29ന്; പ്രധാനമന്ത്രി അയോധ്യയില്‍, ഒഴുകിയെത്തി വിശ്വാസികള്‍

അയോധ്യ: രാമക്ഷേത്ര പ്രാണ പ്രതിഷ്ഠക്കായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. അയോധ്യ നഗരവും പരിസരവും കനത്ത സുരക്ഷ വലയത്തിലാണ്. നഗരത്തിലെങ്ങും ഉത്സവാന്തരീക്ഷമാണ്. അലങ്കരിക്കപ്പെട്ട നഗരവീഥികളിലും പാതയോരങ്ങളിലും വിവിധ സംസ്ഥാനങ്ങളിലെ സാംസ്‌കാരിക പരിപാടികള്‍ അരങ്ങേറുന്നു.
ക്ഷേത്രം സ്ഥിതി ചെയ്യുന്ന പഴയ അയോധ്യ നഗരപരിധിയിലെ താമസക്കാരെയല്ലാതെ പുറത്തു നിന്നുള്ള ഒരാളെയും ഇന്ന് പ്രവേശിപ്പിക്കുന്നില്ല. പ്രാണ പ്രതിഷ്ഠ ചടങ്ങിന് പാസുള്ളവര്‍ക്കും മാധ്യമങ്ങള്‍ക്കും മാത്രമാണ് പ്രവേശനം.
Also Read ;ക്ഷേത്ര ദര്‍ശനത്തില്‍ നിന്നും രാഹുല്‍ ഗാന്ധിയെ തടഞ്ഞ് സുരക്ഷാ ഉദ്യോഗസ്ഥര്‍
ചടങ്ങിന്റെ മുഖ്യ യജമാനന്‍ ആയ പ്രധാനമന്ത്രി നരേന്ദ്രമോദി 10.25ന് അയോധ്യ വിമാനത്താവളത്തിലെത്തി. 12.05 മുതല്‍ 12.55 വരെയാണ് പ്രാണപ്രതിഷ്ഠ ചടങ്ങുകള്‍. ഒരു മണിക്ക് പരിസരത്ത് തയ്യാറാക്കിയ പൊതു സമ്മേളന വേദിയില്‍ മോദി അതിഥികളെ അഭിസംബോധന ചെയ്യും. പിന്നീട് കുബേര്‍ തിലക്ഷേത്രദര്‍ശനം കൂടി കഴിഞ്ഞാണ് പ്രധാനമന്ത്രി മടങ്ങുന്നത്. ഒരാഴ്ച നീണ്ട അനുഷ്ഠാനങ്ങളുടെ ഭാഗമായി ഇന്നലെ ശയ്യാധിവാസത്തിനു കിടത്തിയ രാമ വിഗ്രഹത്തെ ഉണര്‍ത്താനുള്ള ജാഗരണ അധിവാസം ഇന്ന് പുലര്‍ച്ചയോടെ തുടങ്ങി. രാവിലെ ജലാഭിഷേകവും നടന്നു. മൈസൂരുവിലെ ശില്‍പ അരുണ്‍ യോഗിരാജ് കൃഷ്ണശിലയില്‍ തീര്‍ത്ത 51 ഇഞ്ച് വിഗ്രഹമാണ് പ്രതിഷ്ഠ. അഞ്ച് വയസുള്ള ബാലനായ രാമന്റെ വിഗ്രഹമാണിത്. ഇതോടൊപ്പം ഇതുവരെ താല്‍ക്കാലിക ക്ഷേത്രത്തില്‍ ആരാധിച്ചിരുന്ന രാംലല്ല വിഗ്രഹമടക്കമുള്ളവയും പ്രതിഷ്ഠിച്ചിട്ടുണ്ട്. നാളെ മുതലാണ് പൊതുജനങ്ങള്‍ക്ക് ദര്‍ശനം അനുവദിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍, ആര്‍ എസ് എസ് അധ്യക്ഷന്‍ മോഹന്‍ ഭഗവത്, ക്ഷേത്ര ട്രസ്റ്റ് ചെയര്‍മാന്‍ മഹന്ത് നൃത്യഗോപാല്‍ദാസ് എന്നിവരാണ് പ്രാണപ്രതിഷ്ഠ സമയത്ത് ശ്രീകോവിലില്‍ ഉണ്ടാവുക എന്നാണ് ട്രസ്്റ്റ് വ്യക്തമാക്കിയിരിക്കുന്നത്. കാശിയിലെ പുരോഹിതന്‍ ലക്ഷ്മീ കാന്ത് ദീക്ഷിത് ആണ് ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിക്കുന്നത്.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം