13 വര്‍ഷമായി വനത്തിന്റെ കാവല്‍ക്കാരന്‍; അവസാനം വന്യമൃഗത്തിന്റെ ആക്രമണത്തില്‍ മരണം

ഇത്രയും കാലം വനത്തേയും വന്യമൃഗങ്ങളെയും പരിപാലിച്ചുവന്നിരുന്ന പോളിന്റെ ജീവനെടുത്തതും ഒരു വന്യമൃഗം തന്നെയാണ്. ദിവസങ്ങളുടെ ഇടവേളയ്ക്കുശേഷം പോള്‍ തിരികെ ജോലിയില്‍ പ്രവേശിക്കുമ്പോള്‍ അറിഞ്ഞില്ല മരണം പതിയിരിപ്പുണ്ടെന്ന്. കര്‍ണാടകയില്‍ നിന്നെത്തിയ ബേലൂര്‍ മഗ്നയുടെ ഭീഷണിയുള്ളതിനാല്‍ സുരക്ഷ കണക്കിലെടുത്ത് കഴിഞ്ഞ ഒരാഴ്ചയായി കുറുവാ ദ്വീപിലേക്ക് സഞ്ചാരികള്‍ക്ക് പ്രവേശനമില്ല. അതിനാല്‍ തന്നെ 40-ഓളം ജീവനക്കാരുള്ള വനം സംരക്ഷണസമിതിയില്‍ കുറച്ച് പേര്‍ക്ക് മാത്രമേ ജോലി നല്‍കിയിരുന്നുള്ളൂ. ഇക്കാരണത്താല്‍ പോളും കുറച്ചുദിവസമായി വീട്ടിലായിരുന്നു.
Also Read ; വയനാട്ടില്‍ ഹര്‍ത്താല്‍ പുരോഗമിക്കുന്നു; പോളിന്റെ മൃതദേഹവുമായി പുല്‍പ്പള്ളിയില്‍ പ്രതിഷേധം
കഴിഞ്ഞ 13 വര്‍ഷമായി വനംവകുപ്പിന് കീഴിലുള്ള കുറുവാ ദ്വീപിലെ ഇക്കോ ടൂറിസം കേന്ദ്രത്തില്‍ വനം സംരക്ഷണസമിതി ജീവനക്കാരനായ പോള്‍ തന്റെ ഊഴമെത്തിയപ്പോള്‍ വെള്ളിയാഴ്ച ജോലിക്കായി എത്തിയതായിരുന്നു. കുറുവാ ദ്വീപ് പ്രവര്‍ത്തനമില്ലാത്തതിനാല്‍ ദ്വീപിലേക്കെത്തുന്ന സഞ്ചാരികളെ വഴിയില്‍വെച്ച് തടഞ്ഞ് തിരിച്ചയക്കുന്നതിനുള്ള ഡ്യൂട്ടിക്കായിരുന്നു പോള്‍ എത്തിയത്. പാക്കം-ചേകാടി റോഡില്‍നിന്നും കുറുവാദ്വീപിലേക്ക് തിരിയുന്ന ചെറിയാമലയിലായിരുന്നു പോള്‍ കാവല്‍നിന്നിരുന്നത്.
ഇതിനിടയിലാണ് അഞ്ച് ആനകളടങ്ങിയ കാട്ടാനക്കൂട്ടം കാടിറങ്ങി പോള്‍ നിന്നിരുന്ന ഭാഗത്തേക്ക് വന്നത്. ആനക്കൂട്ടത്തെ കണ്ട് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ആന പിന്തുടര്‍ന്നെത്തി ആക്രമിക്കുകയായിരുന്നു. കാട്ടാന പോളിനെ ആക്രമിച്ച വിവരമറിഞ്ഞ പ്രദേശവാസികള്‍ ഉച്ചയോടെ പുല്‍പ്പള്ളി-മാനന്തവാടി റോഡ് ഉപരോധിക്കുകയും ശക്തമായ പ്രതിഷേധമുയര്‍ത്തുകയും ചെയ്തിരുന്നു. വൈകുന്നേരത്തോടെ പോള്‍ മരിച്ച വാര്‍ത്ത പുറത്തുവന്നതോടെ ജനരോഷം കടുക്കുകയായിരുന്നു.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം