സിനിമാ പ്രേമികള്‍ക്ക് ഇതാ സന്തോഷ വാര്‍ത്ത ; സൗദിയില്‍ ടിക്കറ്റ് നിരക്ക് കുറയുന്നു
റിയാദ്: സിനിമാ പ്രേമികള്‍ക്ക് സന്തോഷം പകര്‍ന്ന് തിയറ്ററുകളിലെ ടിക്കറ്റ് നിരക്കില്‍ ഗണ്യമായ കുറവുണ്ടാവും എന്ന് റിപ്പോര്‍ട്ട്. സിനിമാശാലകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള ലൈസന്‍സ് ഫീസ് വലിയ തോതില്‍ കുറയ്ക്കാനുള്ള ഫിലിം കമ്മീഷന്റെ തീരുമാനത്തെ തുടര്‍ന്നാണ് സൗദി അറേബ്യയില്‍ സിനിമാ ടിക്കറ്റ് നിരക്കില്‍ ഇത്രയും കുറവ് വരുന്നത്.\
Also Read ; ഐപിഎല്‍ ക്യാമറാമാന് മുന്നറിയിപ്പുമായി എം എസ് ധോണി
സാംസ്‌കാരിക മന്ത്രി ബദര്‍ ബിന്‍ അബ്ദുള്ള രാജകുമാരന്റെ അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ഫിലിം കമ്മീഷന്‍ ഡയറക്ടര്‍ ബോര്‍ഡ് യോഗം വിവിധ സിനിമാ ലൈസന്‍സുകള്‍ എടുക്കുന്നതിനായി സിനിമാ തിയറ്റര്‍ ഉടമകള്‍ നല്‍കേണ്ട ഫീസില്‍ വലിയ തോതില്‍ കുറവു വരുത്താന്‍ തീരുമാനിച്ചിരുന്നു. ഈ തീരുമാനത്തിന്റെ പ്രതിഫലനം തിയറ്ററുകളിലെ ടിക്കറ്റ് നിരക്കുകളിലും പ്രതിഫലിക്കുമെന്നാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
പുതുക്കിയ സിനിമാ ലൈസന്‍സ് ഫീസ് നിലവില്‍ വന്നതായി ഫിലിം കമ്മീഷന്‍ അറിയിച്ചു. സ്ഥിരം സിനിമാശാലകളും താല്‍ക്കാലിക പ്രദര്‍ശന കേന്ദ്രങ്ങളും പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള ലൈസന്‍സുകള്‍ക്ക് പുതുക്കിയ നിരക്ക് ബാധകമാണെന്നും അധികൃതര്‍ വ്യക്തമാക്കി. പ്രധാനപ്പെട്ട കാറ്റഗറി ‘എ’ നഗരങ്ങളില്‍, സ്ഥിരമായ സിനിമാ ലൈസന്‍സിനുള്ള ഫീസ് 25,000 റിയാല്‍ ആയാണ് കുറച്ചത്. ഇത് നേരത്തേ 210,000 റിയാലായിരുന്നു. കാറ്റഗറി ‘ബി’ നഗരങ്ങളിലുള്ള ലൈസന്‍സ് ഫീസ് 126,000 റിയാലില്‍ നിന്ന് 15,000 റിയാല്‍ ആയും കുറച്ചു. അതേസമയം ‘സി’ വിഭാഗം നഗരങ്ങളില്‍, 84,000 റിയാലില്‍ നിന്ന് വെറും 5,000 റിയാല്‍ ആയാണ് നിരക്ക് കുറച്ചത്. താല്‍കാലിക സിനിമാ തീയറ്ററുകളുടെ ഫീസും കുറച്ചിട്ടുണ്ട്. കാറ്റഗറി ‘എ’ നഗരങ്ങളില്‍, 105,000 റിയാലില്‍ നിന്ന് 15,000 റിയാലായി ലൈസന്‍സ് ഫീസ് കുറച്ചു. കാറ്റഗറി ‘ബി’ നഗരങ്ങളില്‍, ഫീസ് 63,000 റിയാലില്‍ നിന്ന് 10,000 റിയാല്‍ ആയും ‘സി’ വിഭാഗത്തില്‍ 42,000 റിയാലില്‍ നിന്ന് 5000 റിയാലായും കുറയ്ക്കുകയുണ്ടായി. രാജ്യത്ത് സിനിമാ മേഖലയെ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് കമ്മീഷന്റെ ഈ തീരുമാനം.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം