തമിഴ് ഹിറ്റ് ഗാനങ്ങള്‍ക്ക് പിന്നണി ഗായികയായിരുന്ന ഉമ രമണന് അന്തരിച്ചു

ചെന്നൈ: തമിഴ് ഗാനങ്ങളിലൂടെ ശ്രദ്ധേയയായ ഗായിക ഉമ രമണന് അന്തരിച്ചു. 72 വയസായിരുന്നു. ചെന്നൈയിലെ വസതിയില്‍ വെച്ച് ഇന്നലെയായിരുന്നു അന്ത്യം.
തമിഴിലെ നിരവധി ഹിറ്റ് ഗാനങ്ങള്‍ക്കാണ് ഉമ പിന്നണി പാടിയിരിക്കുന്നത്. ‘നിഴലുകള്‍’ എന്ന ചിത്രത്തിലെ ഇളയരാജയുടെ സംഗീതത്തില്‍ ഒരുക്കിയ ”പൂങ്കത്താവേ താല്‍തിരവൈ…” എന്ന ഗാനമാണ് സംഗീത ലോകത്ത് സുപരിചിതയാക്കിയത്. ‘പന്നീര് പുഷ്പങ്ങള്‍’ എന്ന സിനിമയിലെ ‘അനന്തരാഗം കേള്‍ക്കും കാലം..”, ‘ആഹായ വെണ്ണിലാവേ…”, ‘ഒരു നാടന്‍ സെവ്വറലി തോട്ട’ത്തിലെ ”ഉന്നൈ നിനച്ചേന്‍…” തുടങ്ങിയവയാണ് ശ്രദ്ധേയമായ ഗാനങ്ങള്‍. ഇളയരാജയ്ക്കൊപ്പം 100ല്‍ അധികം ഗാനങ്ങളില്‍ പാടി.
ഗായകന് എ വി രമണനാണ് ഉമയുടെ ഭര്‍ത്താവ്. 1977ല്‍ ശ്രീ കൃഷ്ണ ലീലയില്‍ ഭര്‍ത്താവിനൊപ്പം പാടിക്കൊണ്ടാണ് അരങ്ങേറ്റം കുറിച്ചത്. സ്റ്റുഡിയോ റെക്കോര്‍ഡിംഗുകള്‍ക്കപ്പുറം, തത്സമയ സംഗീത പരിപാടികളിലൂടെയും പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധേയയാണ്. 35 വര്‍ഷത്തിനിടെ6,000-ലധികം ലൈവ് കണ്‍സര്‍ട്ടുകളാണ് ചെയ്തിട്ടുള്ളത്. വിജയ് യുടെ തിരുപ്പാച്ചിയിലെ കണ്ണും കണ്ണുംതാന്‍ കലന്താച്ച് എന്ന ഗാനമാണ് അവസാനം പാടിയത്.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം