#kerala #Top Four

‘നയിക്കാന്‍ നായകന്‍ വരട്ടെ’; കെ മുരളീധരന് വേണ്ടി തിരുവനന്തപുരത്ത് പലയിടങ്ങളിലായി പോസ്റ്റര്‍ ക്യാംപയിന്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് പലയിടങ്ങളിലായി കെ മുരളീധരന് വേണ്ടി പോസ്റ്റര്‍ ക്യാംപയിന്‍. കെപിസിസി – ഡിസിസി ഓഫീസുകള്‍ക്ക് മുന്നിലാണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്. മുരളീധരന്‍ നേരത്തെ മത്സരിച്ചിരുന്ന വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലും നിരവധി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ‘നയിക്കാന്‍ നായകന്‍ വരട്ടെ’ എന്ന തലക്കെട്ടിലാണ് പോസ്റ്ററുകള്‍. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പേരിലാണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്. ‘പാര്‍ട്ടിയെ നയിക്കാന്‍ മുരളീധരന്‍ എത്തണം’ എന്നതാണ് പോസ്റ്ററിലെ ആവശ്യം.

Also Read ; തൃശൂര്‍ ഡിസിസി സംഘര്‍ഷം ; ഡിസിസി സെക്രട്ടറി സജീവന്‍ കുരിയച്ചിറയുടെ വീടിന് നേരെ ആക്രമണം

തൃശൂരിലെ കടുത്ത പരാജയത്തിന് പിന്നാലെ പൊതുപ്രവര്‍ത്തനത്തില്‍ നിന്ന് താത്കാലികമായി വിട്ടുനില്‍ക്കുന്നുവെന്ന് മുരളീധരന്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ മുരളീധരനെ അനുനയിപ്പിക്കാന്‍ ദേശീയ നേതൃത്വം അദ്ദേഹത്തെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചുവെന്നാണ് സൂചന. മുരളീധരന്‍ ഇന്ന് ഡല്‍ഹിക്ക് പോകും. എന്നാല്‍ എംപി ക്വാര്‍ട്ടേഴ്‌സ് ഒഴിയാന്‍ എന്നാണ് യാത്രയെ കുറിച്ച് നല്‍കുന്ന വിശദീകരണം. നേതൃത്വത്തെ കാണുന്നതില്‍ തീരുമാനം എടുത്തിട്ടില്ലെന്നും അറിയിക്കുന്നു.

ഇതിനിടെ ഷാഫി പറമ്പില്‍ വടകരയില്‍ നിന്ന് ജയിച്ച പശ്ചാത്തലത്തില്‍ പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ മുരളീധരന്റെ സ്ഥാനാര്‍ഥിത്വ സാധ്യത തള്ളാനാകില്ലെന്നാണ് നിയുക്ത എംപി വികെ ശ്രീകണ്ഠന്റെ പ്രതികരണം പുറത്തുവന്നു. തീരുമാനം എടുക്കേണ്ടത് ഹൈക്കമാന്‍ഡ് ആണ്. കരുത്തനും ഊര്‍ജ്ജസ്വലനുമായ സ്ഥാനാര്‍ത്ഥി വന്നാല്‍ പാലക്കാട് ജയിക്കുമെന്നും മുരളീധരനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ശ്രീകണ്ഠന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

തൃശ്ശൂരിലെ തോല്‍വിക്ക് പിന്നാലെ പാര്‍ട്ടിയുമായി ഇടഞ്ഞു നില്‍ക്കുന്ന കെ. മുരളീധരനുമായി ഒരു മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്ക് പിന്നാലെയാണ് വികെ ശ്രീകണ്ഠന്റെ പ്രതികരണം. കഴിഞ്ഞ ദിവസം തൃശൂര്‍ ഡിസിസിയുടെ ചുമതല കെപിസിസി വികെ ശ്രീകണ്ഠനെ ഏല്‍പ്പിച്ചിരുന്നു. പിന്നെയാണ് മുരളീധരന്റെ കോഴിക്കോട്ടെ വസതിയിലെത്തിയുള്ള കൂടിക്കാഴ്ച. പൊതു തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുന്നുവെന്ന് പ്രഖ്യാപിച്ചെങ്കിലും വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മുരളീധരന്‍ വീണ്ടും വട്ടിയൂര്‍ക്കാവിലേക്കെത്താനുള്ള സാധ്യതയും വിരളമല്ല.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *