മല്ലു ഹിന്ദു വാട്‌സ്ആപ് ഗ്രൂപ്പ് വിവാദം ;കെ ഗോപാലകൃഷ്ണനെതിരെ സ്വമേധയാ കേസെടുക്കാനാവില്ലെന്ന് പോലീസ്
തിരുവനന്തപുരം: മല്ലു വാട്‌സ്ആപ് ഗ്രൂപ്പ് വിവാദത്തില്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കെ ഗോപാലകൃഷ്ണനെതിരെ സ്വമേധയാ കേസെടുക്കാനാവില്ലെന്ന് പോലീസ്. ഗോപാലകൃഷ്ണന്‍ നല്‍കിയ പരാതിയിലാണ് അന്വേഷണം നടത്തിയത്. ഫോണ്‍ ഹാക്ക് ചെയ്തതില്‍ ശാസ്ത്രീയ തെളിവുകളും അപൂര്‍ണമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍പ്പെട്ട മറ്റേതെങ്കിലും ഉദ്യോഗസ്ഥന്‍ പരാതിയുമായി സമീപിച്ചാല്‍ മാത്രമേ നിയമ നടപടിക്ക് സാധ്യതയുള്ളൂവെന്നാണ് പോലീസ് പറയുന്നത്.
ഐഎഎസ് ഉദ്യോഗസ്ഥരില്‍ മതാടിസ്ഥാനത്തിലൊരു വാട്‌സ്ആപ് ഗ്രൂപ്പ് എന്നത് ഇതുവരെ കേട്ടുകേള്‍വിയില്ലാത്തൊരു സംഭവമായിരുന്നു. സര്‍വ്വീസിലെ ഉന്നത ഉദ്യോഗസ്ഥരടക്കം ഹിന്ദുമത വിഭാഗത്തിലുള്ളവരെ മാത്രം അംഗങ്ങളാക്കിയായിരുന്നു ഗ്രൂപ്പ്. എന്നാല്‍ പിന്നീട് സംഭവം വിവാദമായതോടെ മുസ്ലീം മത വിശ്വാസികള്‍ക്കായി മറ്റൊരു ഗ്രൂപ്പും ഉണ്ടാക്കി. എന്നിട്ട് തന്റെ ഫോണ്‍ ഹാക്ക് ചെയ്‌തെന്നും അതുവഴി 11 വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലേക്ക് തന്നെ ചേര്‍ത്തു എന്നുമായിരുന്നു ഗോപാലകൃഷ്ണന്റ വിശദീകരണം.
പക്ഷെ ഗൗരവമേറിയ സംഭവമായിട്ടും ഗോപാലകൃഷ്ണന്‍ ആദ്യം പരാതി കൊടുത്തില്ല. ഹിന്ദു ഗ്രൂപ്പ് ഉണ്ടാക്കിയതിന് അടുത്ത ദിവസം മല്ലു മുസ്ലീം ഓഫീസേഴ്‌സ് ഗ്രൂപ്പും ഗോപാലകൃഷ്ണന്‍ അഡ്മിനായി വന്നു. പിന്നാലെ അതും ഡിലീറ്റായി. ഹാക്കിംഗ് എന്ന് പിന്നീട് ഗോപാലകൃഷ്ണന്‍ പോലീസില്‍ പരാതി നല്‍കി. എന്നാല്‍ വിവരങ്ങളെല്ലാം മറച്ചാണ് തന്റെ രണ്ടു ഫോണുകളും ഗോപാലകൃഷ്ണന്‍ പോലീസിന് അന്വേഷണത്തിനായി കൈമാറിയത്. സംഭവം ഹാക്കിംഗ് അല്ലെന്ന് ആദ്യം മെറ്റ അറിയിച്ചു. പിന്നാലെ ഫോറന്‍സിക് പരിശോധനയിലും ഹാക്കിംഗ് വാദം തള്ളി. ഇതോടെയാണ് ഗോപാലകൃഷ്ണന്‍ കുരുക്കിലായത്. ഗ്രൂപ്പുണ്ടാക്കി എന്നത് മാത്രമല്ല ഹാക്കിങ് എന്ന കള്ളവാദം ഉന്നയിച്ചതും ഗോപാലകൃഷ്ണന് വിനയായി.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..